വിവാഹം കഴിഞ്ഞതിനു ശേഷമാണ് ആ ബന്ധത്തിന്റെ ആഴം മനസ്സിലായത്, ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് ഫലമുണ്ടായെന്ന് വിന്ദുജ മേനോന്
മലയാളി പ്രേക്ഷകരുടെ സ്വന്തം മീനാക്ഷിയാണ് വിന്ദുജ മേനോന്. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് വിന്ദുജ. ബാലതാരമായാണ് വിന്ദുജ സിനിമയില്‍ എത്തിയത്.
തുടര്‍ന്ന് മോഹന്‍ലാല്‍ നായകനായി എത്തിയ പവിത്രം എന്ന ചിത്രത്തില്‍ ചേട്ടച്ഛന്റെ മീനാക്ഷിയായി എത്തിയ വിന്ദുജ, മലയാളി പ്രേക്ഷകര്‍ക്ക് ഇന്നും അങ്ങനെ തന്നെയാണ്. സിനിമയില്‍ നിന്നും ഇടവേള എടുത്തുവെങ്കിലും ഇടയ്ക്ക് ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തിലാണ് ഒടുവില്‍ കണ്ടത്. ഭര്‍ത്താവ് രാജേഷ് കുമാറിനും മകള്‍ നേഹയോടും ഒപ്പം മലേഷ്യയില്‍ ആണ് വിന്ദുജ ഇപ്പോള്‍.
മീനാക്ഷിയെ കുറച്ചുകൂടി നന്നാക്കാമായിരുന്നെന്ന് ‘പവിത്രം’കാണുമ്പോഴെല്ലാം തോന്നിയിട്ടുണ്ടെന്ന് വിന്ദുജ പറയുന്നു. പതിനഞ്ച് വയസിലാണ് മീനാക്ഷിയെ അവതരിപ്പിച്ചത്. ചേട്ടച്ഛനും മീനാക്ഷിയും തമ്മിലുള്ള ബന്ധത്തിന് ഇത്രമാത്രം ആഴമുണ്ടെന്ന് വിവാഹശേഷമാണ് മനസിലാവുന്നത്. ബാലതാരമായി രണ്ടുമൂന്നു സിനിമയില്‍ അഭിനയിച്ചെങ്കിലും ഒരു കൊച്ചുകുട്ടിക്ക് മനസിലാക്കേണ്ട കാര്യങ്ങള്‍ മാത്രം അപ്പോള്‍ അറിഞ്ഞാല്‍ മതിയായിരുന്നു.
എന്നാല്‍ സിനിമ എന്ന മാദ്ധ്യമത്തെ പൂര്‍ണമായി തിരിച്ചറിയുന്നത് പവിത്രത്തിലൂടെയാണ്. സംവിധായകന് രാജീവേട്ടനും ആ ടീമും തന്ന പിന്തുണയും പ്രോത്സാഹനവും വലുതാണ്. ചേട്ടച്ഛനായി ജീവിച്ച ലാലേട്ടന്.’പവിത്രം’ പോലെ ഒരു സിനിമ പിന്നീട് വന്നില്ല. മീനാക്ഷിയെപോലെ ഒരു കഥാപാത്രം ഇനി, എപ്പോഴെങ്കിലും വരുമെന്നു വിശ്വസിക്കാനേ പറ്റൂ എന്നും ഒരു അഭിമുഖത്തില്‍ വിന്ദുജ പറഞ്ഞിരുന്നു.
കലാതിലകമായ വിന്ദുജ ഇപ്പോഴും ഇവയെല്ലാം പിന്തുടരുന്നുണ്ട്. ഇപ്പോഴിതാ പുതിയ സന്തോഷവും താരം പങ്കുവെച്ചിരിക്കുകയാണ്.
നൃത്തത്തിലും സംഗീതത്തിലുമായി ഡോക്ടറേറ്റ് നേടിയിരിക്കുകയാണ് താരം.
ഏഴു വര്‍ഷം നീണ്ട പരിശ്രമത്തിന്റെ ഫലമായാണ് ഡോക്ടറേറ്റ് ലഭിച്ചത്. ഈ പ്രായത്തില്‍ തന്നെ ഡോക്ടറേറ്റ് ലഭിച്ചത് ഭാഗ്യവും ദൈവാനുഗ്രഹവുമായി കരുതുന്നുവെന്നും നൃത്തവും പാട്ടും പോലെയാണ് അഭിനയത്തെയും കാണുന്നതെന്നും വിന്ദുജ പറയുന്നു.
സിനിമയില്‍ ഒന്നോ രണ്ടോ സീന്‍ മാത്രം ഉള്ള കഥാപാത്രം അവതരിപ്പിക്കാനാണ് മിക്കപ്പോഴും വിളിക്കുക. മുന്‍പ് അഭിനയിച്ചത് മുഴുനീള വേഷത്തിലോ പാട്ടുസീനിലുമായിരിക്കും. വളരെ കുറഞ്ഞുപോകുന്നുവോ എന്ന തോന്നലില്‍ പലപ്പോഴും വേണ്ടെന്ന് വയ്ക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ സിനിമയില്‍ മിക്ക താരങ്ങള്‍ക്കും ഒന്നോ രണ്ടോ സീന്‍ മാത്രമാണ്.
അതുമായി പൊരുത്തപ്പെടാന്‍ സ്വയം പാകപ്പെടണം.കഥാപാത്രം സംതൃപ്തി തരണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. സീരിയലില്‍ നിന്നുള്ള വിളി എല്ലാ വരവിലും ഉണ്ടാവാറുണ്ട്. ഒരേ തരം കഥാപാത്രങ്ങള്‍ തന്നെ വരുന്നതിനാല്‍ ചെയ്യണോ വേണ്ടയോ എന്ന് ആലോചിക്കും. വേറിട്ട കഥാപാത്രം ചെയ്യാനാണ് ആഗ്രഹം. അതു എത്രമാത്രം സാധിക്കുമെന്ന് അറിയില്ല എന്നും നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ ഉറപ്പായും തിരിച്ചെത്തുമെന്നും താരം പറയുന്നു.
