Malayalam
ദിലീപിന്റെ അഭിഭാഷകരുടെ ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട ക്രൈംബ്രാഞ്ച് നടപടി ഗൗരവതരം; ദിലീപിന്റെ അഭിഭാഷകരുടെ പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനം; എന്നാല്‍ അതിജീവിതയുടെ പരാതിയില്‍ ഇതുവരെ ബാര്‍ കൗണ്‍സിലിന് വിശദീകരണം ലഭിച്ചിട്ടില്ല
ദിലീപിന്റെ അഭിഭാഷകരുടെ ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട ക്രൈംബ്രാഞ്ച് നടപടി ഗൗരവതരം; ദിലീപിന്റെ അഭിഭാഷകരുടെ പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനം; എന്നാല്‍ അതിജീവിതയുടെ പരാതിയില്‍ ഇതുവരെ ബാര്‍ കൗണ്‍സിലിന് വിശദീകരണം ലഭിച്ചിട്ടില്ല
നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇതിനോടകം തന്നെ ക്രൈംബ്രാഞ്ചിന് പല തെളിവുകള്‍ വീണ്ടെടുക്കാനായിട്ടുണ്ട്. അതില്‍ നിന്നെല്ലാം ലഭിച്ചത് കേസിന്റെ അന്വേഷണത്തില്‍ സുപ്രധാന പങ്ക് വഹിച്ചേക്കാവുന്ന വിവരങ്ങളാണ്. എന്നാല്‍ കേസിലെ പ്രതി ദിലീപിന്റെ അഭിഭാഷകരുടെ ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട ക്രൈംബ്രാഞ്ച് നടപടി ഗൗരവതരമെന്ന് പറയുകയാണ് ബാര്‍ കൗണ്‍സില്‍. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ അഭിഭാഷകര്‍ നല്കിയ പരാതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബാര്‍ കൗണ്‍സില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു വിലയിരുത്തല്‍.
ഹൈക്കോടതി അഭിഭാഷകന് സേതുനാഥാണ് ക്രൈംബ്രാഞ്ചിനെതിരെ പരാതി നല്‍കിയത്. രഹസ്യ സ്വഭാവമുള്ള ക്ലിപ്പുകള്‍ പോലും പുറത്തുവരുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ദിലീപിന്റെയും സഹോദരന് അനൂപിന്റെയും അളിയന് സുരാജിന്റെയും ശബ്ദ സന്ദേശങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം കേസില്‍ പ്രതിഭാഗം അഭിഭാഷകരുടെ ശബ്ദ സന്ദേശങ്ങളും പുറത്തുവന്നു.
പ്രതികള്‍ക്കും സാക്ഷികള്‍ക്കും കോടതിയില്‍ പറയേണ്ട കാര്യങ്ങള്‍ അഭിഭാഷകര്‍ പറഞ്ഞു പഠിപ്പിക്കുന്നു എന്ന പേരിലാണ് ഈ ശബ്ദ സന്ദേശങ്ങള്‍ പ്രചരിപ്പിരിച്ചത്. ദിലീപിന്റെ അഭിഭാഷകന് രാമന്‍പിള്ളയുടേതുള്‍പ്പെടെയുള്ള ശബ്ദരേഖകള്‍ പുറത്തുവന്നുകഴിഞ്ഞു. അഭിഭാഷകരും അവരുടെ കക്ഷികളും തമ്മിലുള്ള സംസാരം രഹസ്യ സ്വഭാവമുള്ളതാണെന്ന് ഹൈക്കോടതി അഭിഭാഷകന് സേതുനാഥ് പറയുന്നു. ഇത് പുറത്തുവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും അദ്ദേഹം ബാര്‍ കൗണ്‍സിലിന് നല്കിയ പരാതിയില്‍ ബോധിപ്പിച്ചു.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. അഭിഭാഷകരും കക്ഷികളും തമ്മിലുള്ള സംഭാഷണം പ്രിവിലേജ്ഡ് കമ്യൂണിക്കേഷന്‍ ആണെന്ന് സേതുനാഥ് ചൂണ്ടിക്കാട്ടുന്നു. ഇത് മാധ്യമങ്ങളില്‍ വന്നത് നിയമവിരുദ്ധമാണ്. ഇത്തരം സംഭാഷണങ്ങള്‍ പുറത്തുവിടണമെന്ന് കോടതിക്ക് പോലും നിര്‍ദേശിക്കാനാകില്ല. ബാര്‍ കൗണ്‍സില്‍ കടുത്ത നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം, ദിലീപിന്റെ അഭിഭാഷകരുടെ പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമുണ്ടായെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്മാന് അറിയിച്ചിട്ടുണ്ട്. എന്നാല്‍, അഭിഭാഷകര്‍ക്ക് എതിരെയുള്ള അതിജീവിതയുടെ പരാതിയിന്മേല് അയച്ച നോട്ടീസില്‍ ഇതുവരെ ബാര്‍ കൗണ്‍സിലിന് വിശദീകരണം ലഭിച്ചിട്ടില്ല. ഇതിനാല്‍ നടപടികളുമായി മുന്നോട്ട് പോകാനാവാത്ത സാഹചര്യമാണ് ഉള്ളത്. മറുപടി ലഭിക്കാന്‍ കാലതാമസമുണ്ടാകുമെന്ന് ചെയര്മാന് പറഞ്ഞു. 14 ദിവസമാണ് മറുപടി നല്‍കാനായി അഭിഭാഷകര്‍ക്ക് അനുവദിച്ചിട്ടുള്ള സമയം.
വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നേരത്തെ ദിലീപിന്റെ അഭിഭാഷകനായ ബി രാമന്‍പിള്ളയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി അഭിഭാഷകര്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടുകൂടിയാണ് അതിജീവിത പരാതിയുമായി രംഗത്തെത്തിയത്. കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ ശ്രമിക്കുന്നുവെന്നും തനിക്ക് നീതി ലഭിക്കണമെന്നുമായിരുന്നു ബാര്‍ കൗണ്‍സിലില്‍ നല്കിയ അതിജീവിതയുടെ പരാതിയില്‍ ഉണ്ടായിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിനെതിരെ ദിലീപിന്റെ അഭിഭാഷകര്‍ നല്കിയ പരാതിയിന്മേല് മാത്രമാണ് ബാര്‍ കൗണ്‍സില്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം പ്രവിലേജ്ഡ് കമ്മ്യൂണിക്കേഷനാണെന്നും അത് മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത് നിയമവിരുദ്ധമാണെന്നും കാണിച്ചായിരുന്നു അഡ്വ. സേതുനാഥിന്റെ പരാതി. ഈ സംഭാഷണങ്ങള്‍ പുറത്ത് വിടാന്‍ കോടതിക്ക് പോലും നിര്‍ദ്ദേശിക്കാന്‍ കഴിയില്ല. ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ബാര്‍ കൗണ്‍സില്‍ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, വളരെ അപ്രതീക്ഷിതമായി ആയിരുന്നു പൊലീസ് തലപ്പത്തെ അഴിച്ചുപണി. ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലന്‍സ് ഡയറക്ടറെയും ജയില്‍ മേധാവിയെയും ട്രാന്‍സ്പോര്‍ട് കമ്മീഷണറെയുമായിരുന്നു മാറ്റിയത്. ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി നിയമിക്കുകയും പകരക്കാരനായി ജയില്‍ മേധാവി സ്ഥാനത്ത് നിന്ന് മാറുന്ന ഷെയ്ക്ക് ധര്‍വേസ് സാഹിബേ എത്തുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചിരിക്കുകയാണ്.
നടിയെ ആക്രമിച്ചതുള്‍പ്പടെയുള്ള കേസുകളില്‍ ക്രൈംബ്രാഞ്ച് നിര്‍ണ്ണായഘട്ടത്തിലിരിക്കെ തലപ്പത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റിയതിലാണ് സര്‍ക്കാറിനെതിരെ വിമര്‍ശനം ഉയരുന്നത്. എസ് ശ്രീജിത്തിനെ മാറ്റിയതില്‍ സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
