Malayalam
കോടതിയില്‍ നിന്നും നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം; രണ്ട് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി ക്രൈംബ്രാഞ്ച് സംഘം
കോടതിയില്‍ നിന്നും നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം; രണ്ട് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി ക്രൈംബ്രാഞ്ച് സംഘം
നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായേക്കാവുന്ന പല വിവരങ്ങളും കഴിഞ്ഞ ദിവസമായി പുറത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കേസില്‍ നിരവധി പേരെയാണ് ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യേണ്ടതായിട്ടുള്ളത്. അതിനിടെ ഈ കേസില്‍ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം ഇന്ന് അവസാനിച്ചിരിക്കെ, അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന ആവശ്യമാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കോടതി നിലപാട് വ്യക്തമാക്കിയിട്ടില്ല.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തുറന്ന് കണ്ടുവെന്ന് ഫോറന്‍സിക് പരിശോധനയിലായിരുന്നു കണ്ടെത്തിയത്. കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കുന്ന ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയെന്നായിരുന്നു പരിശോധനയില്‍ തെളിഞ്ഞത്. ഇത് സംബന്ധിച്ച് ഫോറന്‍സിക് വിഭാഗം 2019 നവംബര്‍ 19 ന് കോടതിക്ക് രഹസ്യ റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തിരുന്നു. ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത അടക്കം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവാണ് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍. ഒന്നാം പ്രതിയായ പള്‍സര്‍ സുനിയായിരുന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നേരത്തേ കേസ് പരിഗണിച്ചിരുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് ദൃശ്യം അടക്കമുള്ള തൊണ്ടി സാധനങ്ങള്‍ വിചാരണക്കോടതിക്കു കൈമാറുന്ന ഘട്ടത്തില്‍ ചോര്‍ന്നുവെന്നാണ് ആരോപണം ഉയര്‍ന്നത്.
കോടതിയില്‍ അതീവ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ എങ്ങനെ ചോര്‍ന്നു എന്നതാണ് ഉയരുന്ന ചോദ്യം.
കോടതി ജീവനക്കാരാണോ ഇതിന് പിന്നിലെന്ന സംശയവും ചിലര്‍ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കം. ജീവനക്കാരെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ശിരസ്തദാറിനേയും തൊണ്ടി ക്ലാര്ക്കിനേയുമായിരിക്കും അന്വേഷണ സംഘം ചോദ്യം ചെയ്തേക്കുക. ആവശ്യം വന്നാല്‍ അന്ന് കോടതിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കൂടുതല്‍ പോരെ ചോദ്യം ചെയ്തേക്കും.
അതേസമയം ദിലീപിന്റെ ഫോണില്‍ നിന്നും നിര്‍ണായക രേഖകള്‍ കണ്ടെത്തിയത് സംബന്ധിച്ചും കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നാണ് പോലീസിന്റെ ആവശ്യം. ഇതിനായി കോടതിയില്‍ നിന്നും അന്വേഷണ സംഘം അനുമതി തേടിയിട്ടുണ്ട്. ദിലീപിന്റെ ഫോണില്‍ നിന്നും വീണ്ടെടുത്ത കാര്യങ്ങളില്‍ കോടതി രേഖകള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇവയാകട്ടെ സര്‍ട്ടിഫൈഡ് കോപ്പില് അല്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വധഗൂഢാലോചന കേസിലെ പ്രതിയും സ്വകാര്യ സൈബര്‍ വിദഗ്ദനുമായ സായ് ശങ്കര്‍ ദിലീപിന്റെ ഫോണിലേക്ക് കോടതി രേഖകള്‍ എത്തിയതായി നേരത്തേ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള അനുമതി തേടിയത്. ദിലീപിന് നേരിട്ട് കോടതി ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ ലഭിച്ചതാണോ അതോ അഭിഭാഷകരുടെ സഹായത്തോടെയാണ് ഇത് ലഭിച്ചതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.
വരും ദിവസങ്ങളില്‍ ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യാന്‍ വീണ്ടും നോട്ടീസ് നല്‍കും. കഴിഞ്ഞ ദിവസം ഇവരെ വിളിപ്പിച്ചെങ്കിലും സ്ഥലത്തില്ലെന്ന മറുപടിയാണ് നല്‍കിയത്. അടുത്തയാഴച ഇരുവരേയും ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഇവരുടെ പക്കല്‍ എത്തിയോ എന്നാണ് പരിശോധന നടത്തുന്നത്.
എന്നാല്‍ തുടരന്വേഷണത്തിനുള്ള സമയപരിധി അവസാനിച്ചതോടെ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്, ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് തുടങ്ങിയവരെയെല്ലാം ചോദ്യം ചെയ്യുന്ന നടപടികള്‍ അന്വേഷണ സംഘം താല്‍ക്കാലികമായി നിര്‍ത്തിവെച്ചേക്കും എന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.
കോടതിയുടെ കൂടി അനുമതി ലഭിച്ച ശേഷമായിരിക്കും ഇവരെ ചോദ്യം ചെയ്തേക്കുക. അപ്പോഴും കാവ്യയെ എവിടെ വെച്ച് ചോദ്യം ചെയ്യുമെന്ന കാര്യത്തില്‍ ഇതുവരേയും അന്വേഷണ സംഘം തീരുമാനം കൈക്കൊണ്ടിട്ടില്ല. കാവ്യാ മാധവനെ എന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും അതിന് കഴിഞ്ഞിരുന്നില്ല. വീട്ടില്‍ വച്ച് തന്നെ ചോദ്യം ചെയ്യണമെന്ന് നിര്‍ബന്ധം പിടിച്ചിരിക്കുകയാണ് താരം. കാവ്യയെ അടുത്ത ആഴ്ച ചോദ്യം ചെയ്തേക്കും.
