Malayalam
വധഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന് ജാമ്യം; രഹസ്യ മൊഴി രേഖപ്പെടുത്തും
വധഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന് ജാമ്യം; രഹസ്യ മൊഴി രേഖപ്പെടുത്തും
നടന്‍ ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന് ആലുവ കോടതി ജാമ്യം അനുവദിച്ചു. പുട്ടപ്പര്‍ത്തിയില്‍ ഒളിവിലായിരുന്ന സായ് ശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ കീഴടങ്ങുകയായിരുന്നു. ദിലീപിന്റെ അഭിഭാഷകര്‍ പറഞ്ഞിട്ടാണ് ഫോണിലെ രേഖകള്‍ നീക്കം ചെയ്തതെന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സായ് ശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ നിര്‍ണായകമെന്ന് കരുതുന്ന ദിലീപിന്റെയും കൂട്ടു പ്രതികളുടേയും ഫോണിലെ വിവരങ്ങള്‍ മായ്ച്ച് കളഞ്ഞതായി സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു. അന്വേഷണവുമായി സഹകരിക്കാമെന്ന് അറിയിച്ച പശ്ചാത്തലത്തില്‍ ഇയാളുടെ രഹസ്യ മൊഴി രേഖപ്പെടുത്താനും തീരുമാനിച്ചു. കേസില്‍ സായ് ശങ്കറിനെ ഭാവിയില്‍ പ്രോസിക്യൂഷന്‍ സാക്ഷിയാക്കി കൊണ്ടുവരാനാണ് നീക്കം.
കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കര്‍. ദിലീപിന്റെ മൊബൈല്‍ ഫോണിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചത് ഹാക്കര്‍ സായി ശങ്കര്‍ ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ പൊലീസ് പീഡനം ആരോപിച്ച് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചു.
എന്നാല്‍ അന്വേഷണവുമായി സഹകരിക്കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. എന്നാല്‍ ചോദ്യം ചെയ്യലുമായി സായി ശങ്കര്‍ സഹകരിച്ചില്ല. തുടര്‍ന്നാണ് സായി ശങ്കറിനെ ഏഴാം പ്രതിയാക്കി അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
