Malayalam
പൃഥ്വിരാജിന്റെ ഫ്ളാറ്റിലെ ലഹരി വേട്ട; സിനിമാക്കാര്‍ക്കടക്കം ലഹരി നല്‍കിയിരുന്നത് നുജൂം സലിംകുട്ടിയാണെന്ന് വിവരം; പ്രതിയ്ക്ക് ഉന്നത സ്വാധീനം, ചിത്രങ്ങള്‍ പോലും പുറത്തെത്തിയില്ല
പൃഥ്വിരാജിന്റെ ഫ്ളാറ്റിലെ ലഹരി വേട്ട; സിനിമാക്കാര്‍ക്കടക്കം ലഹരി നല്‍കിയിരുന്നത് നുജൂം സലിംകുട്ടിയാണെന്ന് വിവരം; പ്രതിയ്ക്ക് ഉന്നത സ്വാധീനം, ചിത്രങ്ങള്‍ പോലും പുറത്തെത്തിയില്ല
കഴിഞ്ഞ ദിവസമായിരുന്നു നടനും സംവിധായകനും ഗായകനുമായ പൃഥ്വിരാജ് സുകുമാരന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ നിന്ന് മാരകമയക്കുമരുന്നുകള്‍ പിടിച്ചെടുത്തത്. കൊക്കെയ്ന്‍, എല്‍.എസ്.ഡി സ്റ്റാമ്പ്, കഞ്ചാവ് തുടങ്ങിയ ലഹരിപദാര്‍ഥങ്ങളുമായാണ് മുപ്പത്തിമൂന്ന് വയസുകാരനായ കൊല്ലം പുനലൂര്‍ വാളക്കോട് പാണങ്ങാട് നസീം വില്ലയില്‍ നുജൂം സലിംകുട്ടി പിടിയിലായത്.
തേവര മാളിയേക്കല്‍ റോഡിലുള്ള, അസെറ്റ് കാസാ ഗ്രാന്‍ഡെ അപ്പാര്‍ട്ട്മെന്റില്‍ അര്‍ദ്ധരാത്രിയോടു കൂടി എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലാകുന്നത്. ഉടന്‍ തന്നെ, ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പൃഥ്വിരാജിന്റെ പേരിലുള്ള അപ്പാര്‍ട്ട്മെന്റിലെ നാലാം നിലയിലെ ഫ്ലാറ്റില്‍ നിന്നാണ് മയക്കുമരുന്നുമായി ഇയാള്‍ പിടിയിലായത്.
എറണാകുളം എക്സൈസ് സിഐ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 6.927 ഗ്രാം കൊക്കെയ്നും 47.2 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പുകളും 148 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. കച്ചവടത്തിന് പുറമേ ഇയാള്‍ ലഹരിമരുന്നിനും അടിമയാണെന്ന വിവരമാണ് പുറത്ത് വരുന്നത്.
പിടിയിലായ സലിംകുട്ടി പഴം, പച്ചക്കറി വ്യവസായം നടത്തുന്നയാള്‍ എന്ന വ്യാജേനയാണ് ഇവിടെ താമസിച്ചു ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്നത്. ഫ്ളാറ്റിന് 85,000 രൂപ പ്രതിമാസ വാടക ഇനത്തില്‍ നല്‍കിയിരുന്നതായാണ് എക്സൈസ് സംഘത്തോട് പ്രതി വെളിപ്പെടുത്തിയത്. റിമാന്‍ഡിലായിരുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തു വരുകയാണ്. ഒരു വര്‍ഷത്തിലധികമായി നുജൂം പൃഥ്വി രാജിന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റില്‍ താമസിച്ചു വരികയായിരുന്നു.
റെയ്ഡിനു പിന്നാലെ എക്സൈസ് സംഘം നടനുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു ഏജന്‍സി വഴി വാടകയ്ക്ക് നല്‍കിയതാണെന്നും പ്രതിയെ അറിയില്ലെന്നും അറിയിച്ചു. സംഭവത്തില്‍ ഫോണിലൂടെ ഉദ്യോഗസ്ഥര്‍ പൃഥ്വിരാജുമായി സംസാരിച്ചു. എന്നാല്‍, യുവാവിനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും, അറിയില്ലെന്നുമാണ് പൃഥ്വിരാജിന്റെ മറുപടി. പുനലൂരിലെ പ്രശസ്തമായ വ്യവസായ കുടുംബത്തിലെ അംഗമാണ് നുജൂം. ഇയാളുടെ സഹോദരന്റെ വിവാഹത്തിന് ദുല്‍ഖര്‍ സല്മാന് എത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
പുനലൂര്‍ നഗരത്തില്‍ വിവിധ ഇടങ്ങളിലായി വലിയ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടങ്ങള്‍ പ്രതിയുടെ കുടുംബത്തിനുണ്ട്. വര്‍ഷങ്ങളായി വിദേശത്ത് ബിസിനസ് നടത്തുകയാണ് ഇയാളുടെ പിതാവ്. നാട്ടുകാരാരോടും വലിയ അടുപ്പമില്ലാത്തവരാണ് ഇവര്‍. സിനിമാ മേഖലയില്‍ വലിയ ബന്ധമുള്ള ഒരു വ്യക്തികൂടിയാണ് സലിംകുട്ടി. സിനിമാക്കാര്‍ക്കടക്കം ഇയാള്‍ ലഹരി നല്‍കിയിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.
ഇക്കാര്യങ്ങള്‍ എക്സൈസ് പരിശോധിച്ചു വരികയാണ്. ഉന്നത സ്വാധീനമുള്ളതിനാല്‍ പ്രതിയെ പറ്റിയുള്ള മറ്റു വിവരങ്ങള്‍ എക്സൈസ് പുറത്തു വിടുന്നില്ല. ഇയാളുടെ ചിത്രങ്ങള്‍ പോലും മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ല. കൊച്ചിയിലെ ഉന്നത എക്സൈസ് ഉദ്യോഗസ്ഥന്റെ ഇടപെടല്‍ മൂലമാണ് മാധ്യമങ്ങള്‍ക്ക് പ്രതിയുടെ ചിത്രം നല്‍കാത്തതെന്ന് ആക്ഷേപമുണ്ട്. പ്രതിയെ ഏതു വിധേനയും ജാമ്യം നല്കാന് കഴിയുന്ന സഹായങ്ങള്‍ ഈ ഉന്നതന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നാണ് ചില എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത് എന്നാണ് ചില മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്.
