Malayalam
ഭരതേട്ടനില്ലാതെ, ഒരച്ഛന്റെ തുണയില്ലാതെ ഒരു മോനെയും മോളെയും വളര്‍ത്തി വലുതാക്കി.. അവരെ എത്തിക്കേണ്ടിടത്ത് എത്തിച്ചു. ചേച്ചി അത്രയും ശക്തയായി നിന്ന് ഒരുപാട് ജോലി ചെയ്തു, പക്ഷേ, കയ്യിലെത്ര ബാക്കിയുണ്ടെന്ന് ആരും അന്വേഷിച്ചില്ല..അവരുടെ സൗധം കണ്ട് വാപൊളിച്ച് നിന്നിട്ടുണ്ട്; നിറകണ്ണുകളോടെ സുരേഷ് ഗോപി
ഭരതേട്ടനില്ലാതെ, ഒരച്ഛന്റെ തുണയില്ലാതെ ഒരു മോനെയും മോളെയും വളര്‍ത്തി വലുതാക്കി.. അവരെ എത്തിക്കേണ്ടിടത്ത് എത്തിച്ചു. ചേച്ചി അത്രയും ശക്തയായി നിന്ന് ഒരുപാട് ജോലി ചെയ്തു, പക്ഷേ, കയ്യിലെത്ര ബാക്കിയുണ്ടെന്ന് ആരും അന്വേഷിച്ചില്ല..അവരുടെ സൗധം കണ്ട് വാപൊളിച്ച് നിന്നിട്ടുണ്ട്; നിറകണ്ണുകളോടെ സുരേഷ് ഗോപി
കെപിഎസി ലളിതയുടെ മരണം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്.. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നിരവധി പേരാണ് അനുശോചനം അറിയിച്ച് എത്തിയത്. പലരും വാക്കുകള്‍ പോലും കിട്ടാതെയാണ് തങ്ങളുടെ പ്രിയ കാലാകാരിയെ കുറിച്ച് പറഞ്ഞത്.
കെപിഎസി ലളിത ഓരോ താരത്തിലുമുണ്ടാക്കിയ വിടവ് ചെറുതല്ല. തന്നില്‍ കെപിഎസി ലളിത ഉണ്ടാക്കിയ ചലനം തുറന്ന് പറയുകയാണ് സുരേഷ് ഗോപി.
എന്റെ മനസ്സില്‍ ലളിതചേച്ചി എന്ന നടിയുടെ രൂപം ഇപ്പോഴും തെളിഞ്ഞു നില്‍ക്കുന്നത് ‘വാഴ്‌വേമായം’ എന്ന സിനിമയിലെ ആ കഥാപാത്രത്തിലൂടെയാണ്. ഇപ്പോഴും ഓര്‍മയുണ്ട്, അയലത്തെ വീട്ടില്‍ ഒരു സമാധാനവും ഇല്ലാത്ത കുടുംബജീവിതം നയിക്കുന്ന ആ സിനിമയിലെ ചേച്ചിയുടെ കഥാപാത്രം. അന്ന് ഞാന്‍ നാലിലോ അഞ്ചിലോ പഠിക്കുന്ന കുട്ടിയാണ്. അന്ന് എന്റെ മനസില്‍പതിഞ്ഞു പോയ രൂപമാണ് ചേച്ചിയുടേത്.
ചേച്ചി ചെന്നൈയില്‍ താമസിച്ചിരുന്ന സൗധം ഞാന്‍ കണ്ടിട്ടുണ്ട്. ആ വീട് നോക്കി വാ പൊളിച്ചു നിന്നിട്ടുണ്ട് . എത്രയോ തവണ ചാന്‍സ് ചോദിച്ച് ഞാന്‍ അവിടെ പോയിട്ടുണ്ട്. ചേച്ചി പുറത്തു വന്നിട്ടേയില്ല. ഭരതേട്ടനെ കാണാന്‍ അവിടെ ചെല്ലുമ്പോള്‍ ഒരു വട്ടമെങ്കിലും ചേച്ചിയെ കാണാന്‍ പറ്റുമോ എന്നു നോക്കിയിരുന്നു. പക്ഷേ ചേച്ചിയെ കണ്ടിട്ടില്ല. അത്രയും ഒതുങ്ങി ഒരു കുടുംബിനിയായി ജീവിച്ചു. അതില്‍ നിന്ന്, ഭരതേട്ടന്‍ ഇല്ലാതായതിനു ശേഷം, ആ രണ്ടു മക്കളെ വളര്‍ത്തിക്കൊണ്ടു വരുന്നതിന് പിന്നില്‍ അവര്‍ എടുത്തൊരു പ്രയത്‌നമുണ്ട്.
സ്ത്രീ ശാക്തീകരണത്തിന്റെയൊക്കെ ഒരു ബിംബം തന്നെയാണ് ലളിതച്ചേച്ചി. ഭരതേട്ടനില്ലാതെ, ഒരച്ഛന്റെ തുണയില്ലാതെ ഒരു മോനെയും മോളെയും വളര്‍ത്തി വലുതാക്കി അവരെ എത്തിക്കേണ്ടിടത്ത് എത്തിച്ചു. ചേച്ചി അത്രയും ശക്തയായി നിന്ന് ഒരുപാട് ജോലി ചെയ്തു. പക്ഷേ, കയ്യിലെത്ര ബാക്കിയുണ്ടെന്ന് ആരും അന്വേഷിച്ചില്ല. അങ്ങനെ ആരുടെയും ദാനം കൈപ്പറ്റുന്ന ഒരു സ്ത്രീ അല്ല ചേച്ചി. ജീവിതത്തില്‍ ഒരുപാട് യാതനകള്‍ അനുഭവിച്ചിട്ടുണ്ട്. എന്നേക്കാള്‍ കൂടുതല്‍ ലളിതശ്രീ ചേച്ചിക്കൊക്കെ അക്കാര്യം നന്നായി അറിയാം.
സിനിമ മോശമാണെങ്കിലും ലളിതചേച്ചി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് അവര്‍ കൊടുക്കുന്ന ഹൃദയം… അതിനകത്ത് ഒരു കൃത്രിമത്വവും ഉണ്ടാകാറില്ല. ‘മണിച്ചിത്രത്താഴ്’ മലയാളത്തിലെ ഒരു മാസ്റ്റര്‍ പീസാണ്. അങ്ങനെ പറയുന്നതു തന്നെ ഇന്നസെന്റ് ചേട്ടന്‍, വേണുച്ചേട്ടന്‍ ലളിതചേച്ചി എന്നിവരുടെ ഈ സിനിമയിലെ പ്രകടനം ഒന്നു കൊണ്ടു മാത്രമാണ്. അതൊരു കാലഘട്ടത്തിന്റെ കൂടെ പ്രകടനമാണ്.
രണ്ടു വര്‍ഷം മുന്‍പ് കോവിഡ് തുടങ്ങിയ സമയത്ത് ചേച്ചി വീട്ടിലേക്ക് വന്നിരുന്നു. ചോറു വേണമെന്ന് പറഞ്ഞായിരുന്നു വരവ്. ‘സുരേഷേ… ഞാന്‍ അങ്ങോട്ടു വരുവാ, രാധികയുടെ അടുത്ത് പറയൂ എനിക്ക് ചോറ് എടുത്തു വയ്ക്കണമെന്ന്! സാമ്പാറു വേണം കേട്ടോ’. എന്നൊക്കെ പറയുന്ന ലളിതചേച്ചി പെട്ടെന്നങ്ങു ഇല്ലാതാകുന്നത് വല്ലാത്തൊരു വിഷമമാണ്.
ഈ ബന്ധം ഇത്രയും ദൃഢമാകാന്‍ കാരണം ആറന്മുള പൊന്നമ്മയും എന്റെ അമ്മയും കൂടിയാണ്. പഴയ കാലത്തെ നടീനടന്മാര്‍ മണ്‍മറയുമ്പോള്‍ വേദന എന്നു പറയുന്നത്, വീട്ടിലെ അംഗം നഷ്ടമാകുന്നതുപോലെയാണ്. ലളിതചേച്ചിെയ പോലുള്ള കലാകാരന്മാരും കലാകാരികളും അവരുടെ കഥാപാത്രങ്ങളിലൂടെ ഓരോ വീട്ടിലും സ്ഥാനം പിടിച്ചിട്ടുണ്ട്. വ്യക്തമായ ബോധ്യത്തോടെ ഓരോ കഥാപാത്രവും ചെയ്തിട്ടുള്ള ഒരു ഉന്നത കലാകാരി! ജനങ്ങളുടെ ഹൃദയത്തിലാണ് അവരൊക്കെ പതിഞ്ഞു കിടക്കുന്നത്.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലഭിനയിക്കുമ്പോള്‍ ചേച്ചിക്ക് ഒരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. എല്ലാവരും ചേച്ചിക്ക് ഒരു സ്‌പെഷല്‍ കെയര്‍ ഒക്കെ കൊടുത്തിരുന്നു എങ്കിലും, ചേച്ചി അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടി നടക്കുന്നുണ്ടായിരുന്നു. ശോഭനയുമായും എല്ലാവരുമായും തമാശയൊക്കെ പറഞ്ഞു ഓടിനടക്കുകയായിരുന്നു. ഷൂട്ടിനു വരുമ്പോഴും ഏറ്റവും അവസാനമായി വീട്ടില്‍ വന്നപ്പോഴും അസുഖത്തിന്റേതായ ലാഞ്ചനയൊന്നും പുറത്തു കാണിച്ചിരുന്നില്ല. ഭക്ഷണകാര്യത്തില്‍ പോലും അസുഖത്തിന്റേതായ ഒന്നും നോക്കിയിരുന്നില്ല. പായസം ഒക്കെ കുടിക്കുമായിരുന്നു. അത് കഴിക്കാന്‍ പാടില്ല, എങ്കില്‍ പോലും. ചോദിക്കുമ്പോള്‍ പറയും ഓ ഒന്നുമില്ലെടാ… ഞാന്‍ ഇന്നു ഒരു മരുന്ന് കൂടുതല്‍ കഴിക്കും, അപ്പോ അതങ്ങു പോകും എന്ന്.
ചേച്ചിയുടെ ജീവിത ചരിത്രം ചികഞ്ഞു നോക്കിയാല്‍ അതത്ര സുന്ദരമൊന്നുമല്ല. എനിക്ക് വിഷമം തോന്നിയ കാര്യമുണ്ട്. ചേച്ചിക്ക് കേരള സര്‍ക്കാര്‍ പിന്തുണ നല്‍കിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന ചില കമന്റുകള്‍! അതു കണ്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ പറ്റിയില്ല. ചേച്ചിയുടെ ജീവിതത്തിന്റെ അവസ്ഥ അങ്ങനെയായിരുന്നു.
