Malayalam
വിവാഹം ഉടനെ? ഫിനാലയ്ക്ക് ശേഷം ആ സത്യം തുറന്നടിച്ച് മണിക്കുട്ടൻ… വാക്കുകൾ വൈറലാകുന്നു
വിവാഹം ഉടനെ? ഫിനാലയ്ക്ക് ശേഷം ആ സത്യം തുറന്നടിച്ച് മണിക്കുട്ടൻ… വാക്കുകൾ വൈറലാകുന്നു
മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ബിഗ് ബോസ് മലയാളം ഷോയായിരുന്നു സീസൺ 3. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും എത്തിയിരുന്നു. താരമൂല്യം നോക്കാതെ മികച്ച മത്സരം കാഴ്ചവെച്ച മത്സരാർഥിക്കൊപ്പമായിരുന്നു പ്രേക്ഷകർ നിന്നിരുന്നത്.
മണിക്കുട്ടൻ ബിഗ് ബോസ് വിജയിയായപ്പോൾ രണ്ടാം സ്ഥാനം സ്വന്തമാക്കിയത് സായി വിഷ്ണു ആയിരുന്നു. ഡിംപലും മികച്ച ഗെയിമിലൂടെയാണ് മൂന്നാം സ്ഥാനം നേടിയത്. ഈ ഷോയിലൂടെ തന്നെയാണ് ഡിംപലും പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെട്ടത്. മലയാളികള്‍ക്ക് കഴിഞ്ഞ 16 വര്‍ഷങ്ങളായി അറിയാവുന്ന താരമാണ് മണിക്കുട്ടന്. പക്ഷേ ഒരു നടന് എന്ന നിലയില്‍ മാത്രം അറിഞ്ഞിരുന്ന മണികുട്ടൻ ഇപ്പോൾ മലയാളികളുടെ ‘എംകെ’ ആണ്. ബിഗ് ബോസ് മലയാളം സീസണ് 3 ഇനി അറിയപ്പെടുക മണിക്കുട്ടന്റെ പേരിലായിരിക്കും.
വിജയകിരീടം നേടിയതിന് ശേഷം ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മണിക്കുട്ടൻ ആദ്യമായി മനസ്സ് തുറക്കുകയാണ്
ബിഗ് ബോസ് സീസണ് 3 എന്നു പറയുന്നത് ‘സീസണ് ഓഫ് ഡ്രീമേഴ്സ്’ ആയിരുന്നല്ലോ.. ഓരോരുത്തര്‍ക്ക് ഓരോ സ്വപ്നങ്ങള്‍ ആയിരുന്നു. സിനിമയില്‍ എത്താന്‍ പറ്റുമോ എന്ന് ഒരു കാലത്ത് സംശയമായിരുന്നു. പക്ഷേ സിനിമയില്‍ എത്തിപ്പറ്റി. അത് ഒരു വലിയ ദൈവാനുഗ്രഹമാണ്. വളരെ ശ്രദ്ധിച്ചാണ് ജീവിതത്തില്‍ ഓരോ ചുവടും വച്ചിട്ടുള്ളത്. മുന്‍പരിചയമില്ലാതിരുന്ന മേഖലയാവുമ്പോള്‍ പിഴവുകള്‍ പറ്റും. ആ പിഴവുകള്‍ കൊണ്ട് കരിയര്‍ താഴെക്ക് പോകുമ്പോള്‍ നമ്മള് ആലോചിക്കും, എങ്ങനെ ഇതിനെ മാറ്റിയെടുക്കാം എന്ന്. അങ്ങനെയൊക്കെ ചിന്തിച്ച് വീണ്ടും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു വലിയ വില്ലനായി കൊവിഡ് വരുന്നത്. സിനിമാ മേഖലയും പ്രതിസന്ധിയില്‍ പെട്ടു. ജീവിതം പോലും എന്താണെന്നറിയാതെ നില്ക്കുന്ന ഒരു സാഹചര്യത്തിലാണ് ബിഗ് ബോസ് എന്ന ഈ വലിയ പ്ലാറ്റ്ഫോമില്‍ പങ്കെടുക്കാനായി അവസരം വരുന്നതെന്നാണ് മണിക്കുട്ടൻ പറയുന്നത്
മണികുട്ടന്റെ വാക്കുകളിലേക്ക്….
ബിഗ് ബോസ്സിലെ നൂറാം ദിവസത്തെക്കുറിച്ചോ വിജയനിമിഷത്തെക്കുറിച്ചോ ഒന്നും ആലോചിച്ചിരുന്നില്ല. കിട്ടുന്ന ടാസ്കുകള് നന്നായി ചെയ്യാനും ഞാനായിത്തന്നെ നില്‍ക്കാനുമാണ് ശ്രമിച്ചത്. നമ്മുടെ ജീവിതത്തിലെ 100 ദിവസം ബിഗ് ബോസ് ഹൗസില്‍ ജീവിക്കാന്‍ പറ്റി. അങ്ങനെയാണ് ഈ ഷോയെ നോക്കികണ്ടത്. ശക്തരും കഴിവുള്ളവരുമായിരുന്നു മത്സരാര്‍ഥികള്‍. അവരുടെ ഇടയില്‍ നിന്നും ഫൈനല്‍ ഫൈവില്‍ എത്തുക, ടൈറ്റില്‍ വിജയിക്കുക എന്ന് പറയുന്നത് എന്റെ മാത്രം വിജയമല്ല. 10 കോടിയോളം വോട്ടിലാണ് ജയിച്ചിരിക്കുന്നത്.
ലോക്ക് ഡൗണ്‍ ബുദ്ധിമുട്ടുകള്‍ക്കിടയിലും പ്രേക്ഷകര്‍ നമ്മുടെ ഈ പ്രോഗ്രാം കണ്ട് എന്റര്ടെയ്ന്ഡ് ആയി നമുക്കുവേണ്ടി വോട്ട് ചെയ്തു എന്ന് പറയുന്നത് വലിയൊരു അനുഗ്രഹമായി തോന്നുന്നു. ബിഗ് ബോസ് വിന്നര്‍ ആവുക എന്നത് തീര്‍ച്ഛയായും ഒരു വലിയ കാര്യം തന്നെയാണ്. ഇത്രയും വോട്ടുകളില്‍ ജയിക്കുമ്പോള്‍ അതിലും വലിയ സന്തോഷമുണ്ട്. ജീവിതത്തില്‍ പരാജയങ്ങളും തിരസ്കാരങ്ങളും ഒരുപാട് സംഭവിച്ചിട്ടുണ്ട്. അതില്‍ മനസ്സൊന്നും മടുക്കാതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഒരു പുരസ്കാരം കിട്ടുമ്പോള്‍ സന്തോഷമാണെങ്കിലും മതിമറന്നുപോകുന്നൊന്നുമില്ല. മുന്നോട്ടുപോകാന്‍ ഇനിയും പ്രയത്നിക്കാനുണ്ട്, ഉത്തരവാദിത്തങ്ങളുണ്ട്.
എനിക്ക് ബിഗ് ബോസ് മലയാളത്തിന്റെ മൂന്ന് സീസണുകളിലേക്കും ക്ഷണം ലഭിച്ചിരുന്നു. ആദ്യ സീസണിലേക്ക് വിളിച്ച സമയത്ത് ഞാന്‍ ‘കമ്മാരസംഭവം’ സിനിമയുടെ ഷൂട്ടിംഗും പിന്നെ സിസിഎല്ലുമായി തിരക്കിലായിരുന്നു. പിന്നെ ബിഗ് ബോസ് രണ്ടാം സീസണിലേക്ക് വിളിച്ചപ്പോള്‍ എനിക്ക് ‘കുഞ്ഞാലിമരയ്ക്കാര്‍’, ‘മാമാങ്കം’ എന്നീ സിനിമകളുടെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. മലയാളസിനിമയിലെ സ്വപ്നതുല്യമായ രണ്ട് പ്രോജക്റ്റുകള്‍ ആയിരുന്നു. അതുകൊണ്ടാണ് ആദ്യ രണ്ട് സീസണുകളും ഒഴിവാക്കേണ്ടിവന്നത്.
മൂന്നാം സീസണിന്റെ സമയത്ത് കൊവിഡ് ആയിരുന്നു. ആതിനിടെ കാലിനും ഒരു പരുക്ക് പറ്റിയിരുന്നു. കൊവിഡ് സാഹചര്യത്തില്‍ ജീവിതവും മുടന്തി തുടങ്ങി. തീയറ്ററുകള്‍ അടഞ്ഞു കിടക്കുന്നു, ഇനി എപ്പോള്‍ ലൈവ് ആകും എന്ന് അറിയില്ല. പിന്നെയുള്ളത് ഒടിടി പ്ലാറ്റ്ഫോമുകളാണ്. പ്രധാനപ്പെട്ട ഒടിടി പ്ലാറ്റ്ഫോമുകളെ സംബന്ധിച്ച് അവര്‍ക്ക് ഒരു ‘ആര്‍ട്ടിസ്റ്റ് ലിസ്റ്റ്’ ഉണ്ടാവും. അത് അവരുടെ ബിസിനസിന്റെ ഭാഗമാണ്. അതിലേക്ക് എത്തിപ്പെടുക എന്നത് ചെറിയ കാര്യമല്ല. അങ്ങനെയൊക്കെ ചിന്തിച്ചിരിക്കുന്ന സമയത്താണ് ഈ സീസണിലേക്കുള്ള വിളി വരുന്നത്. ബിഗ് ബോസ് ഒരു വലിയ പ്ലാറ്റ്ഫോം ആണ്. പോകാം എന്ന് തീരുമാനിച്ചു
ഹൗസിനുള്ളിൽ ഒറ്റയ്ക്ക് നില്ക്കുക എന്ന് പറയുന്നത് നടക്കുന്ന കാര്യമല്ല. പലരുമായും സംസാരിക്കണം. എന്റെ ജീവിതമല്ല വേറൊരാളുടെ ജീവിതം. നമ്മളേക്കാള്‍ വലിയ പ്രതിസന്ധികളെ അതിജീവിച്ച് വരുന്ന ആളുകളുണ്ട്, നമ്മളോട് സംസാരിക്കുമ്പോള്‍ സ്വന്തം പ്രശ്നങ്ങള്‍ ചെറുതാണെന്ന് മനസിലാക്കുന്നവരും ഉണ്ടാവാം. ബിഗ് ബോസ് എന്നത് ഒരു റിയാലിറ്റി ഗെയിം ഷോ ആണല്ലോ. എത്രയൊക്കെ സൗഹൃദം വച്ചിരുന്നാലും ടാസ്കുകളൊക്കെ വരുമ്പോള്‍ എതിരഭിപ്രായങ്ങളൊക്കെ ഉണ്ടാവും. പക്ഷേ അതിനുശേഷം എങ്ങനെയാണ് അവര്‍ എന്നതിലാണ് കാര്യം. അതൊക്കെ മനസിലാക്കി പെരുമാറിയ മത്സരാര്‍ഥികള്‍ തന്നെയായിരുന്നു ഇത്തവണ. മുന്‍ ബിഗ് ബോസ് സീസണുകള്‍ കണ്ട് ഒരു പ്ലാന്‍ നടപ്പാക്കുന്നതിനു പകരം ഇങ്ങനെയും ടാസ്കുകളെയും ഗെയിമുകളെയും സമീപിക്കാമെന്ന് മനസിലാക്കിയവര്‍. അത് ഞങ്ങള്‍ മുഴുവന്‍ പേരും ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു. അതുകൊണ്ടൊക്കെയാവും ഷോ ഇത്ര വലിയ വിജയമായതും.
ഷോയില്‍ അങ്ങനെ മുന്നോട്ടുപോകുമ്പോള്‍ സൗഹൃദങ്ങള്‍ എന്നത് സ്വാഭാവികമായി വന്നുചേരുന്നതാണ്. ഹൗസില്‍ വച്ച് ഞാന്‍ പറഞ്ഞിട്ടുണ്ട്, സൗഹൃദം എന്നത് ഒരു മെഴുകുതിരി പോലെയാവണം എന്ന്. അങ്ങനെയാണ് എന്റെ കണ്‍സെപ്റ്റ്. അവരും നമ്മളും പ്രകാശിക്കണം. അല്ലാതെ നമ്മളെ ഊതി അണയ്ക്കാന്‍ നോക്കുന്ന ആളാവരുത്. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയാലും നമുക്ക് ജീവിതമുണ്ട്. മത്സരബുദ്ധി ഓകെ, പക്ഷേ ജീവിതം വച്ചുള്ള ഒരു കളി പാടില്ലെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. ആ ചിന്ത എപ്പോഴും എന്റെ മത്സരത്തില്‍ ഉണ്ടായിരുന്നു. എന്റെ ജീവിതം മാത്രമല്ല, മറ്റുള്ളവര്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടാക്കരുത് എന്ന്, ശാരീരികമായും മാനസികമായും. എല്ലാവരും എന്റെ സുഹൃത്തുക്കള്‍ തന്നെയാണ്. പക്ഷേ അവിടെവച്ചുതന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട് എന്റെ ആത്മാര്‍ഥ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന്.
കഴിഞ്ഞ നാല് വര്‍ഷമായി ഏത് പ്രോഗ്രാമില്‍ പോയാലും എന്റെ വിവാഹത്തെക്കുറിച്ച് ഭയങ്കര ചര്‍ച്ചയാണ് വിവാഹം വന്നുചേരട്ടെ എന്നേ ഞാന്‍ ചിന്തിച്ചിട്ടുള്ളൂ. ഇനിയൊരു പ്രണയമുണ്ടായാല്‍ അത് വിവാഹമായിരിക്കും. ബിഗ് ബോസിലെ വിജയിയായി പ്രേക്ഷകര്‍ എത്തിച്ചു നിര്‍ത്തിയിരിക്കുകയാണ് ഇപ്പോള്‍. സിനിമയില്‍ അടുത്ത ചുവട് വെക്കാനുള്ള ശ്രമത്തിലാണ്. വന്നാല്‍ നോക്കാമെന്നല്ലാതെ അതിനിടെ വിവാഹത്തെക്കുറിച്ച് ഒരു പദ്ധതിയും മനസ്സില്‍ ഇല്ല. ബിഗ് ബോസിലേക്ക് പോകുന്നതിനു മുന്‍പത്തേതുപോലെതന്നെയാണ് ഞാന്‍ ജീവിതത്തില്‍ ഇപ്പോഴും നില്‍ക്കുന്നത്. കരിയറിലായിരിക്കും ശ്രദ്ധ.
കൊവിഡ് സാഹചര്യം കാരണം 96-ാം ദിവസം നമ്മള് അവിടുന്ന് ഇറങ്ങേണ്ടിവരുകയായിരുന്നു. പുറത്തിറങ്ങി കാറില്‍ കയറുന്ന സമയത്ത് കൊവിഡ് സാഹചര്യം ആണെങ്കില്‍പ്പോലും അവിടെ ആളുകള്‍ നില്ക്കുന്നുണ്ടായിരുന്നു. അതില്‍ പലരും യുട്യൂബേഴ്സ് ഒക്കെ ആയിരുന്നു. അങ്ങനെ നില്ക്കുന്നുണ്ടെങ്കില് അതിനര്‍ഥം ഷോ നമ്മള് വിചാരിച്ചതിനേക്കാള്‍ വിജയമായി എന്നതാണെന്ന് ചിന്തിച്ചു. തിരുവനന്തപുരത്തേക്കുള്ള ഫ്ളൈറ്റ് ഒരു ദിവസം വൈകി ആയിരുന്നു. എനിക്ക് ഫോണ്‍ കിട്ടിയതും കുറച്ച് വൈകിയാണ്. രാത്രി ഫോണ്‍ കൈയില്‍ കിട്ടിയപ്പോള്‍ പ്രേക്ഷകരുടെ പ്രതികരണം മനസിലായി. ഒരുപാട് മെസേജുകളും കോളുകളുമൊക്കെ വന്നു. തിരിച്ച് നാട്ടിലെത്തിയപ്പോഴും ആളുകള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു, പോസിറ്റീവ് ആയ പ്രതികരണമായിരുന്നു. പക്ഷേ ഷോ ഉണ്ടാക്കിയ കൃത്യം ഇംപാക്റ്റ് മനസിലാവുന്നത് ‘നവരസ’യുടെ ടീസര്‍ വന്ന സമയത്താണ്, അതിന്റെ യുട്യൂബ് ലിങ്കിനു താഴെ വന്ന കമന്റുകള്‍ കണ്ടപ്പോഴാണ്. പ്രേക്ഷകരുടെ സ്നേഹത്തിന്റെ ആഴം മനസിലാവുന്നത് അപ്പോഴാണ്. ബിഗ് ബോസ് കണ്ടിട്ട് കുറച്ചുനാള്‍ കഴിയുമ്പോഴേക്ക് പ്രേക്ഷകരുടെ മനസില്‍ നിന്ന് പോകുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. അത് അങ്ങനെയല്ല എന്ന് മനസിലായി. വലിയ സന്തോഷവും അഭിമാനവും തോന്നി.
വിജയ നിമിഷത്തെപ്പറ്റി ഞാൻ മുന്‍കൂട്ടി ചിന്തിച്ചിരുന്നില്ല. പ്രേക്ഷകരുടെ വോട്ടിംഗ് അടിസ്ഥാനമാക്കിയുള്ള ഷോ ആണ് ബിഗ് ബോസ്. എന്തും സംഭവിക്കാം. അപ്രതീക്ഷിതമായി കിട്ടിയ സമ്മാനമാണ്. അതിന്റെ കാര്യങ്ങളൊക്കെ ഇനി നോക്കണം. സിനിമയാണ് എന്റെ സ്വപ്നം. നല്ല അവസരങ്ങളും കഥാപാത്രങ്ങളും വരണം. സിനിമാജീവിതത്തിന് കൂടുതല്‍ ഉതകുന്ന രീതിയിലാവും ഫ്ളാറ്റ് എവിടെവേണം എന്ന തീരുമാനമൊക്കെയാണെന്നാണ് മണിക്കുട്ടൻ പറയുന്നത്
