‘ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്ന ആളായി മാറിയിരിക്കുകയാണ് ഞാൻ. ഞാൻ എപ്പോൾ ഫോൺ വാങ്ങിയാലും പൊലീസുകാർ വന്ന് കൊണ്ട് പോകും; പരിഹസിച്ച് ദിലീപ് !
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി ജനപ്രിയ നായകനാണ് ദിലീപ്.
മിമിക്രിയിൽ നിന്നും സിനിമയിലെത്തി താരമൂല്യമുള്ള നടനായി മാറിയ വ്യക്തിയാണ് നടൻ ദിലീപ്. കേസിലും മറ്റും ഉൾപ്പെട്ടതോടെ വളരെ വിരളമായി മാത്രമാണ് സിനിമകൾ ദിലീപ് ചെയ്യാറുള്ളത്. വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രമാണ് ദിലീപിന്റേതായി റിലീസിനെത്തുന്നത്. മാത്രമല്ല പൊതു വേദികളിലും ദിലീപ് പ്രത്യക്ഷപ്പെടാറില്ല.
താരങ്ങളുടെ സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കാനും മറ്റും കുടുംബസമേതം എത്തുമ്പോഴാണ് ദിലീപ് കാമറയ്ക്ക് മുമ്പിൽ എത്തുന്നത്. ഇപ്പോഴിത വളരെ വർഷങ്ങൾക്ക് ശേഷം പൊതു വേദിയിൽ എത്തിയിരിക്കുകയാണ് ദിലീപ്.മൊബൈൽ കമ്പനിയുടെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് ദിലീപ് എത്തിയത്. കൊച്ചയിൽ നടന്ന പരിപാടിയിൽ ദിലീപിനൊപ്പം താരത്തിന്റെ സുഹൃത്ത് നാദിർഷയും അവതാരകനും നടനുമായ ജീവയും ബിഗ് ബോസ് താരവും മോഡലുമായ ഷിയാസും നടി സാനിയ ഇയ്യപ്പനും പങ്കെടുത്തു.
കേരള മനസാക്ഷിയെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ സുപ്രധാന വഴിത്തിരിവ് ഉണ്ടായത് നിർണ്ണായക വെളിപ്പെടുത്തലുകളും തെളിവുകളുമായി ബാലചന്ദ്രകുമാർ എന്നയാള്‍ രംഗത്ത് എത്തിയതോടെയായിരുന്നു. സംവിധായകനും ദിലീപിന്റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്രകുമാറിന്റെ കടന്ന് വരവാണ് വിചാരണയുടെ അവസാന ഘട്ടത്തിലെത്തിയിരുന്ന കേസില്‍ തുടരന്വേഷണം നടത്താന്‍ ഇടയാക്കിയത്.
ഈ അന്വേഷണത്തിന്റെ ഭാഗമായി ഒട്ടനവധി പുതിയ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നു. ദിലീപിന്റെയും അനിയന് അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ ഫോണുകളില്‍ നിന്നായിരുന്നു നിർണ്ണായകമായ പല തെളിവും പൊലീസിന് ലഭിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഫോണുകള്‍ പിടിച്ചെടുത്തുകൊണ്ടുള്ള പൊലീസിന്റെ അന്വേഷണത്തെ പരിഹസിച്ച് കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ദിലീപ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്
വെെറ്റിലയിലെ പുതിയ മൊബെെൽ ഷോറൂമിന്റെ ഉദ്ഘാടന വേദിയില്‍ എത്തിയപ്പോഴായിരുന്നു അന്വേഷണ സംഘത്തേയും ഫോണുകള്‍ പിടിച്ചെടുത്തുകൊണ്ടുള്ള അന്വേഷണത്തേയും താരം പരിഹസിച്ചത്. ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്ന ഒരാളായി താൻ മാറിയെന്നും എപ്പോൾ ഫോൺ വാങ്ങിയാലും പൊലീസ് കൊണ്ടുപോകുമെന്ന സ്ഥിതിയാണ് ഉള്ളതെന്നും താരം അഭിപ്രായപ്പെടുന്നു
‘
ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്ന ആളായി മാറിയിരിക്കുകയാണ് ഞാൻ. ഞാൻ എപ്പോൾ ഫോൺ വാങ്ങിയാലും പൊലീസുകാർ വന്ന് കൊണ്ട് പോകും. കഴിഞ്ഞ തവണ ഐ ഫോൺ 13 പ്രൊ ഇറങ്ങിയപ്പോൾ എനിക്ക് തന്നിരുന്നു. അതും എന്റെ കൈയ്യിൽ നിന്ന് പോയി. ഇപ്പോ ഞാൻ പ്രാർത്ഥിച്ചാണ് നിൽക്കുന്നത്. ഇവർ ഇത്തവണ 14 പ്രൊ തരുമെന്നാണ് പറയുന്നത്. അതാരും കൊണ്ട് പോവല്ലേ എന്ന പ്രാർത്ഥനയിൽ ആണ് ഇപ്പോൾ നിൽക്കുന്നത്.’- ദിലീപ് പറഞ്ഞു.അതേസമയം, കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണ്‍ കോടതിയില്‍ ഹാജരാക്കാന്‍ ക്രൈബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും ആദ്യം അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. പിന്നീട് കോടതി നിർദേശത്തെ തുടർന്നായിരുന്നു ദിലീപും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നവരും ഫോണുകള്‍ ഹാജരാക്കിയത്. എന്നാല്‍ അതിനോടകം തന്നെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് വാദം
ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണിലേത് ഉള്‍പ്പടെ കോടതിയില്‍ ഹാജരാക്കിയ ആറ് ഫോണുകളുടെ പരിശോധന ഫലം പുറത്ത് വന്നപ്പോഴായിരുന്നു അതിലെ വിവരങ്ങള്‍ നീക്കം ചെയ്തതായി വ്യക്തമായത്. സഹോദരന് അനൂപ് 2017 ലും 2022 ലും ഉപയോഗിച്ച രണ്ട് ഫോണുകളും സുരാജ് ഉപയോഗിച്ച് ഹുവായ് ഫോണും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
എന്നാല്‍ ദിലീപ് 2017 മുതൽ ഉപയോഗിച്ച ഐ ഫോണ്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയില്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ വാദം. ഐ ഫോൺ-10 ആണ് ഇത്. ഐ-ഫോൺ 13 പ്രൊ-ഐഫോൺ 12 പ്രൊ-മാക്സ്, വിവോ ഫോൺ തുടങ്ങിയവയായിരുന്നു ദിലീപിന്റേതായി അന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു ഫോണുകള്‍.
ഐ ഫോൺ-10 ദിലീപ് ഉപയോഗിച്ച കാലയളവ് അടക്കം അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു ഫോണിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന നിലപാടായിരുന്നു ദിലീപ് സ്വീകരിച്ചത്. പിന്നീട് പൊലീസ് പലതവണ ശ്രമിച്ചിട്ടും ഈ ഫോണ്‍ മാത്രം കണ്ടെത്താന്‍ സാധിച്ചില്ല. മറ്റ് ഫോണുകളില്‍ നിന്നും ഏതാനും തെളിവുകള്‍ കണ്ടെത്താനും പൊലീസിന് സാധിച്ചു.അന്വേഷണ സംഘം ആവശ്യപ്പെട്ടപ്പോള്‍ തന്റെ ഫോണുകള്‍ മുംബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാന്‍ നല്‍കിയെന്ന വാദമായിരുന്നു ദിലീപ് ഉയർത്തിയത്. തന്റെ ഫോണിലെ ചില സ്വകാര്യ വിവരങ്ങള്‍ മാറ്റാന്‍ വേണ്ടിയാണ് ഇത് ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
