കാന്‍സര്‍ ആണ് എന്ന് അറിഞ്ഞപ്പോള്‍, ആദ്യം വിളിച്ചത് ലാല്‍ ജോസ് സാറെയാണ്, സാർ തന്ന ആശ്വാസ വാക്കുകളാണ് എനിക്ക് പുതിയ ജീവന് നല്‍കിയത്; ഹരിശ്രീ യൂസഫ് പറയുന്നു !
മലയാളികള്‍ക്ക് ഏറെ സുപരിചിതനായ കലാകാരനാണ് ഹരിശ്രീ യൂസഫ്. മിമിക്രി കലാകാരനായ അദ്ദേഹം സ്റ്റേജ് ഷോകളില്‍ സജീവമായിരുന്നു. ഇന്നസെന്റ്, ജഗതി, മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് , തിലകന് എന്നിവരെ അനുകരിച്ച് കയ്യടി നേടിയിരുന്നു.
മിമിക്രിയ്ക്ക് ഒപ്പം ചില സിനിമകളിലും യൂസഫ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിലവില്‍ കാന്‍സര്‍ എന്ന രോഗത്തെ ചിരിച്ചുകൊണ്ട് അതിജീവിയ്ക്കുകയാണ് നടന്. ജീവിതത്തില്‍ നേരിടേണ്ടി വന്ന എല്ലാ വിഷമഘട്ടങ്ങളെയും കരുത്തോടെ നേരിട്ട യൂസഫ് പറയുന്നു, കാന്‍സര്‍ ആണ് എന്ന് അറിഞ്ഞപ്പോള്‍ ആദ്യമൊന്ന് പതറിയിരുന്നു. എന്നാല്‍ രോഗമാണെന്ന് പറഞ്ഞ് വീട്ടില്‍ ചടഞ്ഞ് കൂടി ഇരിക്കാന്‍ ഞാനില്ല എന്ന്. ഫ്ളവേഴ്സ് ഒരു കോടിയില്‍ എത്തിയ താരം മനസ്സ് തുറന്ന് സംസാരിച്ചു. യൂസഫിന്റെ വാക്കുകൾ ഇങ്ങനെ .
കടുത്ത നടുവേദനയിലാണ് രോഗം തുടങ്ങിയത്. ദൂരയാത്രയും ഷോകളും ഒക്കെ കഴിഞ്ഞ് എത്തിയാല്‍ നല്ല വേദനയുണ്ടാവും. അപ്പോള്‍ എന്തെങ്കിലും പുരട്ടി വേദന കുറയ്ക്കാന്‍ ശ്രമിയ്ക്കും. അവസാനം ഡോക്ടറെ കാണിച്ചപ്പോള്‍ ഡിസ്കിന്റെ തകരാറാണ് എന്ന് പറഞ്ഞു. അതിന്റെ ട്രീറ്റ്മെന്റുകള്‍ പലതും എടുത്തു എങ്കിലും വേദനയ്ക്ക് ഒരു മാറ്റവും ഇല്ല. അവസാനം വിശദമായ എം ആര് എ സ്കാനിങ് ചെയ്തപ്പോഴാണ് നട്ടെല്ലിന് കയറി ആള് പിടി മുറുക്കിയിട്ടുണ്ട് എന്ന് അറിയുന്നത്.
കാന്‍സര്‍ ആണ് എന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ആകെ തകര്‍ന്ന് പോയി. ഭാര്യയായിരുന്നു ആ സമയത്ത് കൂടെ ഉള്ളത്. ആദ്യം വിളിച്ചത് ലാല്‍ ജോസ് സാറെയാണ്. എന്റെ കരിയറില്‍ വലിയൊരു ബ്രേക്ക് തന്നത് അദ്ദേഹമാണ്. അദ്ദേഹം അപ്പോള്‍ തന്നെ ഡോക്ടറോട് സംസാരിച്ചു. കുഴപ്പം ഒന്നും ഇല്ല, ചികിത്സിച്ച് മാറ്റാം എന്ന് ഡോക്ടറും പറഞ്ഞു. ലാല്‍ ജോസ് സര് തന്നെ ആശ്വാസ വാക്കുകളാണ് എനിക്ക് പുതിയ ജീവന് നല്‍കിയത്. മാനസികമായും സാമ്പത്തികമായും അദ്ദേഹം പിന്തുണച്ചു. അതുപോലെ കുറേ നല്ല സുഹൃത്തുക്കളും.
കാന്‍സര്‍ ആണ് എന്ന് പറഞ്ഞ് വീട്ടില്‍ ചടഞ്ഞ് കൂടി ഇരിക്കാനൊന്നും എനിക്ക് പറ്റില്ല. പണ്ടത്തെ പോലെ ശരീരം കൊണ്ട് ചാടി തുള്ളി നടക്കാനൊന്നും പറ്റില്ല. പക്ഷെ കഴിയുന്നത്ര ശ്രമിയ്ക്കും. കാന്‍സര്‍ ആണ് എന്ന് സ്ഥിരീകരിച്ചിട്ട് അഞ്ചാറ് മാസമായി. ആറോളം കീമോ കഴിഞ്ഞു. ഇനിയും മൂന്ന് മാസം ട്രീറ്റ്മെന്റ് ഉണ്ട് എന്നാണ് ഡോക്ടര്‍ പറഞ്ഞിട്ടുള്ളത്.
എന്റെ അഞ്ചാമത്തെ വയസ്സില്‍ പണിയെടുക്കാന്‍ തുടങ്ങിയതാണ് ഞാന്‍. കപ്പലണ്ടി കച്ചവടമായിരുന്നു ആദ്യം. ഉമ്മ വറുത്ത് തരും, ഉത്സവപറമ്പിലും മറ്റും പോയി വില്‍ക്കും. അതിന് ശേഷം പലതും ചെയ്തു. പതിനാലാമത്തെ വയസ്സില്‍ ലോഡിങിന് പോയി തുടങ്ങി. കലാപരമായി മുന്നോട്ട് വന്നതിന് ശേഷം എല്ലാ തൊഴിലും ചെയ്യാന്‍ പറ്റാതെയായി. എന്തെങ്കിലും ചെയ്താല്‍ ‘ഇപ്പോള്‍ പരിപാടി ഒന്നുമില്ലല്ലേ’ എന്ന് ചോദിച്ച് ആരെങ്കിലും വരും. പക്ഷെ എന്ത് ജോലി ചെയ്യാനും തയ്യാറാണ് ഞാന്‍ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
