എം.ജി. ശ്രീകുമാറിന്റെ പേരിലുള്ള വിജിലൻസ് കേസിൽ ഓഗസ്റ്റ് രണ്ടിന് വിധി!
ഗായകന്‍ എം.ജി. ശ്രീകുമാര്‍ തീരദേശപരിപാലനനിയമം ലംഘിച്ച് കൊച്ചി ബോള്‍ഗാട്ടി പാലസിനുസമീപം വീട് നിര്‍മിച്ചെന്ന കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വാദം കേട്ട് വിധിപറയാന്‍ ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റി.
കേസെടുക്കേണ്ടതില്ലെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയമലംഘനങ്ങള്‍ പരിഗണിക്കുന്ന എല്‍.എസ്.ജി. ട്രിബ്യൂണല്‍ പരിഗണിച്ചാല്‍ മതിയാകുമെന്നും 2019 ഫെബ്രുവരിയില്‍ വിജിലന്‍സ് പ്രോസിക്യൂഷന്‍ അഡീഷണല്‍ ഡയറക്ടര്‍ നിയമോപദേശം നല്‍കിയ കേസാണിത്. ത്വരിതാന്വേഷണം നടത്തി കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടശേഷമായിരുന്നു ഇത്.
കോടതിക്ക് നിയമോപദേശം നല്‍കുകയെന്നത് ചട്ടവിരുദ്ധമായ നടപടിയാണെന്ന് ഹര്‍ജിക്കാന്റെ അഭിഭാഷകന്‍ വാദിച്ചു. വിജിലന്‍സ് അഡീഷണല്‍ ഡയറക്ടറുടെ നടപടിയെ ചോദ്യം ചെയ്ത് ഹര്‍ജിക്കാരനായ ജി. ഗിരീഷ്ബാബു ആക്ഷേപഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ വാദം അംഗീകരിച്ചാണ്. മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി പി.പി. സെയ്തലവി കേസ് വിധിപറയാന്‍ മാറ്റിയത്.
ബോള്‍ഗാട്ടി പാലസിന് സമീപം കായലില്‍നിന്ന് 100 മീറ്റര്‍ മാത്രം മാറിയാണ് പഴയവീട് വാങ്ങി പൊളിച്ച് പുതിയ വീട് നിര്‍മിച്ചതെന്ന് കാണിച്ച് 2017 ഡിസംബറിലാണ് പരാതി നല്‍കിയത്. മുളവ്കാട് പഞ്ചായത്തില്‍ 2010 മുതല്‍ ജോലി ചെയ്ത എട്ടുസെക്രട്ടറിമാര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ എന്നിവരാണ് മറ്റ് പ്രതികള്‍.
