വസ്തുത അറിഞ്ഞതിന് ശേഷമാണ് എല്ലാ കാര്യങ്ങളിലും പ്രതികരിക്കേണ്ടത് എന്നും അല്ലാത്തപക്ഷം അത് പലരുടെയും ജീവനെ തന്നെ ബാധിക്കുന്ന പ്രശ്നമാണ് എന്ന സന്ദേശമാണ് ഈ സിനിമ തന്നെ നൽകുന്നത്; ദിലീപ് ചിത്രത്തെ പുകഴ്ത്തി എംഎ ബേബി
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്‌റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി അങ്ങനെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്.
എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. മീശമാധവൻ, സിഐഡി മൂസ, കല്യാണ രാമൻ ഉൾപ്പെടെയുള്ള സിനിമകൾ ദിലീപിന്റെ കരിയറിലെ സൂപ്പർ ഹിറ്റ് സിനിമകളായി ഇന്നും നിലനിൽക്കുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. എന്നിരുന്നാലും നടന്റെ വിശേഷങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.
ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ പ്രിൻസ് ആന്റ് ദി ഫാമിലി മെയ് 9 ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. തീയറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയണ്. ഈ വേളയിൽ ഈ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി.
പ്രിൻസ് ആന്റ് ഫാമിലി എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണ് എന്നും സാമൂഹികമായി പ്രസക്തമായ സന്ദേശം ഈ സിനിമയിൽ നിന്നും കാണികളുടെ മനസിലേക്ക് എത്തും എന്നും ബേബി അവകാശപ്പെട്ടു. ഡൽഹി മലയാളികളോടൊപ്പം സിനിമ കണ്ട ശേഷമാണ് ബേബിയുടെ പ്രതികരണം.
‘സാധാരണ ഇറങ്ങുന്ന സിനിമകളിൽ നിന്നും വ്യത്യസ്തമായി കുടുംബ സമേതം കാണാനാകുന്ന സിനിമയാണ് പ്രിൻസ് ആന്റഡ് ഫാമിലി. വിലപ്പെട്ട ആശയം ഈ സിനിമ നൽകുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിന് പിന്നാലെ ഓടുന്ന തെറ്റായ പ്രവണത സമൂഹത്തിലുണ്ട്. വസ്തുതാപരമല്ലാത്ത കാര്യങ്ങൾ ബോധപൂർവവും ചിലത് അറിയാതെയും പ്രചരിപ്പിക്കപ്പെടുന്നുണ്ട്,’ അദ്ദേഹം ചൂണ്ടിക്കാട്ടി.
വസ്തുത അറിഞ്ഞതിന് ശേഷമാണ് എല്ലാ കാര്യങ്ങളിലും പ്രതികരിക്കേണ്ടത് എന്നും അല്ലാത്തപക്ഷം അത് പലരുടെയും ജീവനെ തന്നെ ബാധിക്കുന്ന പ്രശ്നമാണ് എന്ന സന്ദേശമാണ് ഈ സിനിമ തന്നെ നൽകുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം കണ്ട് ആസ്വദിക്കാനാകുന്ന കഥയിലൂടെ പറഞ്ഞ സംവിധായകൻ ബിന്റോയ്ക്കും അണിയറ പ്രവത്തകർക്കും ആശംസ നേരുന്നു എന്നും ബേബി പറഞ്ഞു.
അതേസമയം എംഎ ബേബിക്കെതിരെ രൂക്ഷമായ വിമർശനമാണ് സൈബറിടത്തിൽ ഉയരുന്നത്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്റെ സിനിമയെ പ്രകീർത്തിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് സിപിഎം ദേശീയ സെക്രട്ടറി നൽകുന്നത് എന്നാണ് പലരും ചോദിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി വേടന് പരസ്യമായ പിന്തുണ നൽകുമ്പോഴാണ് ബേബി ദിലീപ് ചിത്രത്തെ പുകഴ്ത്തുന്നത് എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.
ദിലീപ് എത്ര തന്നു?’, ‘അതിലെ നായകനും സാമൂഹിക പ്രതിബദ്ധത ഉള്ള ആളാണോ സഖാവേ’, ‘നില മറന്ന് സംസാരിക്കരുത്, പ്രത്യേകിച്ച് ഒരു പീഡനക്കേസിൽ വിധി വരാനിരിക്കുന്ന പ്രതിക്ക് വേണ്ടി’, ‘ ഈ അഭിപ്രായം ആർക്ക് ഗുണം ചെയ്യാൻ വേണ്ടിയാണ്’ എന്നെല്ലാമാണ് പലരും എംഎ ബേബിയുടെ വീഡിയോയ്ക്ക് താഴെ കമന്റുകളായി രേഖപ്പെടുത്തുന്നത്.
‘ദിലീപേട്ടനുമായി ഈ സിനിമ കമ്മിറ്റ് ചെയ്തത് മുതൽ വെല്ലുവിളികളായിരുന്നു. ഈ സിനിമ ഹിറ്റ് അടിക്കണമെന്ന ആഗ്രഹം ഞങ്ങൾക്കുണ്ടായിരുന്നു. ഈ സിനിമ സംസാര വിഷയമാകണം എന്ന് ഉറപ്പിച്ച് തന്നെയാണ് ദിലീപേട്ടന് മുൻപിൽ പോയത്. സാധാരണ ഞാൻ ചെയ്യുന്ന സിനിമകൾ റിലീസിന് മുൻപ് എന്റ ടീമിനെ കാണിക്കാറുണ്ട്.
മുൻ ഡയറക്ടേഴ്സ്, അസോസിയേറ്റ്സ് അങ്ങനെ ഞങ്ങളുമായി സഹകരിക്കുന്നവരെയൊക്കെയാണ് കാണിക്കാറുള്ളത്. അവരുടെ അഭിപ്രായം എടുത്ത് പിന്നെ സിനിമയിലെ താരങ്ങളെ കാണിച്ച് അവരുടെ കൂടി അഭിപ്രായം എടുത്ത് ചർച്ച ചെയ്ത് ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഈ സിനിമയിലും അങ്ങനെ തന്നെയായിരുന്നു.
എന്നാൽ പുറത്ത് നിന്നുള്ള ആളുകളെ കാണിക്കാൻ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി എന്റെ ഫ്ലാറ്റിലെ കുടുംബാംഗങ്ങളെ സ്റ്റുഡിയോയിൽ വിളിച്ചുവരുത്തി സിനിമ കാണിച്ചു. അവർ ഇത് കണ്ടപ്പോൾ ഭയങ്കര ചിരി, സന്തോഷിച്ചു, സങ്കടപ്പെട്ടു, വൈകാരികമായി പ്രതികരിച്ചു, സിനിമ കണ്ട് കഴിഞ്ഞ് അവർ ഭയങ്കര സന്തോഷത്തിലായിരുന്നു.
സിനിമയുടെ പുറത്തിനിന്നുള്ളവരായിരുന്നു അത്. അതുകൊണ്ട് തന്നെ അവരുടെ പ്രതികരണം എന്നെ സംബന്ധിച്ച് വളരെ വിലപ്പെട്ടതായിരുന്നു. ജനങ്ങൾക്കിടയിലേക്ക് ഈ സിനിമ ഇറങ്ങുമെന്നും വലിയ സ്വീകാര്യത ലഭിക്കുമെന്നും എനിക്ക് ആത്മവിശ്വാസം തന്നത് ഈ 12 ഓളം വരുന്ന കുടുംബങ്ങളുടെ പ്രതികരണം തന്നെയായിരുന്നു.
സിനിമക്കാർ അല്ലാത്തവർ കാണുമ്പോൾ ശരിയായ അഭിപ്രായമാണ് കിട്ടുന്നത്. അവർ സിനിമ ആസ്വദിച്ചോ എന്നത് മാത്രമാണ് അവിടെ പ്രധാന കാരണം. ഞങ്ങളെ സംബന്ധിച്ച് ഇത് വലിയ വെല്ലുവിളിയാണെന്ന് പറഞ്ഞല്ലോ. സിനിമയുടെ എഴുത്തുകാരൻ ദിലീപേട്ടന്റെ ഫാനാണ്. നിർമ്മാതാവായ ഞാൻ ചെറുപ്പം മുതലെ കാണുന്ന നടൻ, പിന്നെ മാജിക് ഫ്രെയിംസ്, ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച പടം വിജയിക്കുമ്പോൾ ഞങ്ങളെ സംബന്ധിച്ച് അഹങ്കാരമാണ്.
അതിയായ സന്തോഷമാണ്. സംവിധായകൻ ബിന്റോ ജോസഫിനും അങ്ങനെ തന്നെ. അദ്ദേഹത്തിന്റെ ആദ്യ പടമാണ് എന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞിരുന്നു. ദിലീപ് കടന്നു പോകുന്നത് മോശം സമയത്തിലൂടെയാണെന്നാണ് ലിസ്റ്റിൻ നേരത്തെ പറഞ്ഞിരുന്നത്. കുറ്റം തെളിയിക്കുന്നത് വരെ ഒരാൾ കുറ്റാരോപിതൻ മാത്രമായിരിക്കും. പല ആർട്ടിസ്റ്റുകളുടെ കൂടേയും ഞാൻ സിനിമകൾ ചെയ്തിട്ടുണ്ട്. ദിലീപേട്ടൻ എന്ന വ്യക്തിയുടെ കൂടെ ആദ്യമായിട്ടാണ് സിനിമ ചെയ്യുന്നത്.
ഓരോരുത്തരുടേയും ചെറുപ്പത്തിൽ ഓരോരുത്തരെയാണ് ഹീറോയായിട്ട് കാണുന്നത്. എന്റെ ചെറുപ്പത്തിൽ ദിലീപേട്ടൻ വളരെ വലിയ ഹീറോയാണ്. എന്നെ സംബന്ധിച്ച്, എന്നെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള ഹീറോയാണ് ദിലീപേട്ടൻ. അദ്ദേഹം അഭിനയിച്ച സിനിമകളുടെ ലൊക്കേഷനിൽ പോയിട്ടുണ്ട്. പിന്നീട് ഞാൻ സിനിമയിലേക്ക് വന്നു. പല നായകന്മാരുമായി സഹകരിക്കാൻ പറ്റിയിട്ടുണ്ട്. ദിലീപേട്ടനുമായി ആദ്യമായി സഹകരിക്കുന്ന സിനിമയാണിത്.
പക്ഷെ നമ്മളൊരു സിനിമ എടുക്കുമ്പോൾ നിർമ്മാതാവിനെ സംബന്ധിച്ച് റിസ്‌ക് ആണ്. എല്ലാവർക്കും നല്ല സമയമുണ്ട്, മോശം സമയമുണ്ട്. ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല. എല്ലാവർക്കും അറിയുന്നതാണ്. ആ സമയത്താണ് ഞാൻ ഈ സിനിമ ചെയ്യുന്നതെന്നുമാണ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞത്.
‘ഭ ഭ ബ’ യാണ് ഇനി ദിലീപിന്റേതായി പുറത്തെത്താനുള്ളത്. വളരെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും ദിലീപും കാത്തിരിക്കുന്നത്. ‘പ്രിൻസ് ആൻഡ് ഫാമിലി’ യിലെ അഫ്സൽ ആലപിച്ച ‘ഹാർട്ട് ബീറ്റ് കൂടണ്’ എന്ന ഗാനം റിലീസിന് മുന്നേ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞിരുന്നു.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ ആണ് സംവിധാനം ചെയ്തത്. അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷമാണ് മാജിക് ഫ്രെയിംസ് എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു. സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതു മുഖങ്ങളും ചിത്രത്തിലെത്തുന്നു.
അതേസമയം, കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് സി ബി ഐ അന്വേഷണമെന്ന ആവശ്യം ദിലീപ് ഉയർത്തുന്നതെന്ന നിരീക്ഷണത്തോടെ നടന്റെ ആവശ്യം ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. വിചാരണ അവസാന ഘട്ടത്തിലെത്തിയെന്നത് വിലയിരുത്തിയാണ് ഹർജി തള്ളിയത്. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയതിനെതിനെ തുടർന്നാണ് ദിലീപ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
കേസിൽ നിഷ്പക്ഷ അന്വേഷണത്തിന് കേന്ദ്ര ഏജൻസി വേണമെന്ന് ആവശ്യപ്പെട്ട് നാലുവർഷം മുമ്പാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, കേസിന്റെ വിചാരണക്കിടെ കോടതി ദിലീപിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കേസിന്റെ നടപടിക്രമങ്ങൾ നീട്ടുന്നതിനായാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ വിചാരണ ഏത് ഘട്ടത്തിലാണെന്നും കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. കേസിന്റെ അന്തിമവാദം കേട്ടതിന് ശേഷമാണ് കോടതി ദിലീപിന്റെ ആവശ്യം തള്ളുകയും ഹർജി തീർപ്പാക്കുകയും ചെയ്തത്.
കേസ് ഏത് ഏജൻസി അന്വേഷിക്കണമെന്ന് പ്രതിക്ക് ആവശ്യപ്പെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് നേരത്തെ ദിലീപിന്റെ ഹർജി സിംഗിൾ ബെഞ്ച് തള്ളിയത്. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അവസാനഘട്ടത്തിലാണ്. അന്തിമവാദം പൂർത്തിയാക്കി ജൂണിൽ വിധി പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. 2017 ജുലൈ 10 നായിരുന്നു നടൻ ദിലീപ് അറസ്റ്റിലാകുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ദിലീപിനെതിരെ 19 തെളിവുകളുണ്ടെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്. അറസ്റ്റിന് പിന്നാലെ ജാമ്യം ലഭികുമെന്ന് ദിലീപ് പ്രതീക്ഷിച്ചെങ്കിലും 85 ദിവസങ്ങളോളം ജയിലിൽ കിടക്കേണ്ടി വന്നു. ഒടുവിൽ ഒക്ടോബർ 3 നായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്.
അന്ന് മുതൽ കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി 50 ന് മുകളിൽ ഹർജികളാണ് നൽകിയത്. ലക്ഷങ്ങൾ ഫീസായി നൽകി ഇന്ത്യയിലെ തന്നെ പ്രബലരായ വക്കീലൻമാരെ നിയോഗിച്ചായിരുന്നു ദിലീപ് ഈ ഹർജികളെല്ലാം സമർപ്പിച്ചത്. ആദ്യം നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടും, രേഖകൾ ആവശ്യപ്പെട്ടുമെല്ലാം ദിലീപ് ഹർജികൾ നൽകി. പിന്നീട് പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും കുറ്റവിമുക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയിലെത്തിയത്.
