Malayalam
‘മറന്നോ ഈ ചിരിയും മുഖവും. എനിക്കങ്ങനെ മറക്കാന്‍ പറ്റുമോ, എന്റെ ജീവന്റെ പാതിയല്ലേ’; കുറിപ്പുമായി സുധിയുടെ ഭാര്യ രേണു
‘മറന്നോ ഈ ചിരിയും മുഖവും. എനിക്കങ്ങനെ മറക്കാന്‍ പറ്റുമോ, എന്റെ ജീവന്റെ പാതിയല്ലേ’; കുറിപ്പുമായി സുധിയുടെ ഭാര്യ രേണു
മലയാളത്തിന്റെ പ്രിയ താരം കൊല്ലം സുധി വിടപറഞ്ഞിട്ട് മൂന്ന് മാസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. മിമിക്രി വേദികളില്‍ ഇന്നും മലയാളിക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും സഹപ്രവര്‍ത്തകരോ കുടുംബമോ ഇനിയും മുക്തരായിട്ടില്ല. സുധിച്ചേട്ടന്‍ ഞങ്ങളെ വിട്ട് എങ്ങും പോവില്ലെന്നായിരുന്നു നടന്റെ വിയോഗശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ ഭാര്യ രേണു പറഞ്ഞത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്. എന്നാല്‍ ഇതിനു താഴെയെല്ലാം മോശം കമന്റുകളാണ് പലപ്പോഴും വരാറുള്ളത്. ഒരിടയ്ക്ക് വ്യാപകമായ സൈബര്‍ ആക്രമണങ്ങളിലേക്കും ഇത് പോയിരുന്നു.
ഇപ്പോഴിതാ രേണു പങ്കുവെച്ച പുതിയ പോസ്റ്റും ശ്രദ്ധനേടുകയാണ്. സുധി കൂടെയുണ്ടായിരുന്ന സമയത്തെ ചിത്രങ്ങളും വീഡിയോകളുമെല്ലാം രേണു ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്. അങ്ങനെ ചില ചിത്രങ്ങളാണ് രേണു പങ്കുവെച്ചിരിക്കുന്നത്. സ്റ്റാര്‍ മാജിക്ക് ഷോയില്‍ നിന്നുള്ള ചില ചിത്രങ്ങളാണ് രേണു പങ്കുവെച്ചത്. ചിരിച്ച മുഖത്തോടെ ടാസ്‌ക്ക് ചെയ്യുന്ന സുധിയാണ് ചിത്രങ്ങളില്‍.
‘മറന്നോ ഈ ചിരിയും മുഖവും. എനിക്കങ്ങനെ മറക്കാന്‍ പറ്റുമോ, എന്റെ ജീവന്റെ പാതിയല്ലേ. സുധിച്ചേട്ടാ, എനിക്ക് മറക്കാന്‍ പറ്റില്ലല്ലോ ഏട്ടാ. ലവ് യൂ പൊന്നേ, മിസ്സ് യൂ. എനിക്ക് കരച്ചില്‍ വരുന്നു. ദൈവമേ എന്തിനാ എന്നോട് ഇങ്ങനെ ചെയ്തത്’ എന്ന കുറിപ്പോടെ ആയിരുന്നു രേണുവിന്റെ പോസ്റ്റ്. ‘അടുത്ത മാസം ക്രിസ്മസാണ്. ക്രിസ്മസിന് നമുക്ക് പുതിയ റെഡ് ഡ്രസ് വാങ്ങിക്കണ്ടേ, ഇങ്ങനെ ചോദിക്കാനും പുതിയ ഡ്രസ് എടുത്ത് തരാനും ഇത്തവണ എനിക്ക് എന്റെ ഏട്ടനില്ല. ഓണവും ക്രിസ്മസുമൊക്കെയാവുമ്പോള്‍ ഏട്ടനെ ശരിക്കും മിസ്സ് ചെയ്യും’ എന്നും മറ്റൊരു ചിത്രം പങ്കുവെച്ച് രേണു കുറിച്ചിരുന്നു.
അടുത്തിടെ തന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളോട് രേണു പ്രതികരിച്ചത് ശ്രദ്ധനേടിയിരുന്നു. രണ്ടാം വിവാഹത്തെ കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്നും തനിക്ക് ഒരിക്കലും അതിന് കഴിയില്ലെന്നുമാണ് രേണു പറഞ്ഞത്. ബന്ധുക്കളടക്കം പലരും തന്നോട് രണ്ടാമതൊരു വിവാഹം കഴിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും രേണു പറഞ്ഞിരുന്നു.
വാവക്കുട്ടനെന്നായിരുന്നു സുധി രേണുവിനെ വിളിച്ചിരുന്നത്. കുട്ടികളെ നോക്കുന്നത് പോലെയാണ് തന്നെയും നോക്കിയിരുന്നതെന്ന് രേണു മുന്‍പ് പറഞ്ഞിട്ടുണ്ട്. സ്റ്റാര്‍ മാജിക്കിന്റെ ഷൂട്ടിന് ഞങ്ങളും ഒപ്പം പോകാറുണ്ട്. കഴിക്കാന്‍ എന്തെങ്കിലും കിട്ടിയാല്‍ ഞങ്ങള്‍ക്കും കിട്ടിയോ എന്ന് അന്വേഷിച്ചിട്ടേ അദ്ദേഹം കഴിക്കാറുള്ളൂ. സ്വന്തമായി ഭക്ഷണം പാചകം ചെയ്ത് എല്ലാവരെയും കഴിപ്പിക്കാന്‍ ഇഷ്ടമാണ്. വിശേഷാവസരങ്ങളില്‍ എല്ലാവര്‍ക്കും പുത്തനുടുപ്പുകള്‍ മേടിക്കാറുണ്ടെങ്കിലും സ്വന്തമായി ഒന്നും വാങ്ങില്ല. നിങ്ങളൊക്കെ ഇടുന്നത് കണ്ടാല്‍ തന്നെ എനിക്ക് സന്തോഷമെന്നാണ് അദ്ദേഹം പറയാറുള്ളതെന്നും രേണു മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അടുത്തിടെ തനിക്കെതിരെ വന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ചും രേണു പറഞ്ഞിരുന്നു. ‘എന്റെ ഈ അവസ്ഥ വരുന്നവര്‍ക്ക് മാത്രമേ അത് മനസ്സിലാവൂ. ജീവന് തുല്യം സ്‌നേഹിച്ച ഭര്‍ത്താവ് മരിച്ചെന്നത് ഞാന്‍ അക്‌സെപ്റ്റ് ചെയ്തില്ലെങ്കില്‍ എനിക്ക് തന്നെ ചിലപ്പോള്‍ ഭ്രാന്തായി പോകുമായിരുന്നു. മക്കള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യേണ്ടി വന്നേനെ. അതില്‍ നിന്ന് പുറത്തു കടക്കാന്‍ എന്തെങ്കിലും ഒക്കെ ചെയ്യണം.
ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ ഫോട്ടോസ് ഇടുന്നത് ഏട്ടനൊപ്പമുള്ള പഴയ കാലം ഓര്‍ത്തുകൊണ്ടുള്ള സന്തോഷത്തിലാണ്. എന്റെ മനസ്സിലെ വേദന മാറ്റാനാണ്’, ‘ഏട്ടന്‍ മരിക്കുന്നതിന് കുറച്ചു നാള്‍ മുന്‍പാണ് എനിക്ക് ഫോണ്‍ വാങ്ങി തന്നത്. അതിന് ശേഷമാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോയും റീല്‍സും എല്ലാം ഇടാന്‍ തുടങ്ങിയത്. ഇപ്പോഴും ഇന്‍സ്റ്റഗ്രാം എന്താണ് അതിന്റെ റീച്ച് എന്താണ് എന്നൊന്നും എനിക്കറിയില്ല. അച്ഛനെ സ്‌നേഹിക്കുന്നവര്‍ മെസേജ് ഇടുമ്പോള്‍ മറുപടി നല്‍കണേ എന്ന് മകന്‍ കിച്ചു ആണ് എന്നോട് പറഞ്ഞത്’, രേണു പറയുന്നു.
‘ഞാന്‍ എന്റെ കാര്യങ്ങള്‍ക്ക് വേണ്ടി പുറത്തിറങ്ങുന്നതിനെ തന്നെ നെഗറ്റീവായി കാണുന്നവരുണ്ട്. മക്കളുടെ പഠനത്തിന്റെ ആവശ്യത്തിനും, എന്റെ വിധവ പെന്‍ഷന്‍ കാര്യങ്ങള്‍ക്കും, ഒരു ജോലി തരപ്പെടുത്താനും ഒക്കെയുള്ള ഓട്ടത്തിലാണ് ഞാന്‍. ഏട്ടന്‍ മരിച്ച സമയത്ത് ഒരുപാട് പേര്‍ സഹായിച്ചിരുന്നു. ഫല്‍വഴ്‌സുകാരാണ് ചടങ്ങുകള്‍ എല്ലാം നടത്തിയത്. ലക്ഷ്മി നക്ഷത്രയും, അനൂപ് സാറും എല്ലാവരും കൂടെയുണ്ട്.
പക്ഷെ എല്ലാവരുടെയും സഹായം എല്ലാ കാലത്തും കിട്ടണം എന്നില്ലല്ലോ. എനിക്ക് ഇപ്പോള്‍ ഒരു ജോലിയാണ് ആവശ്യം’. ‘റേഷന്‍ കടയില്‍ നിന്ന് അരിയും മറ്റു സാധനങ്ങളും കിട്ടുന്നതുകൊണ്ട് അങ്ങനെ പോകുന്നു. അതല്ലാതെ പല ബുദ്ധിമുട്ടുകളും ഉണ്ട്, പുറത്തു പറയാന്‍ താത്പര്യമില്ല. എങ്ങനെയെങ്കിലും ഒരു ജോലി നേടിയെടുക്കണം എന്നാണ് ഇപ്പോള്‍’, എന്നും രേണു പറഞ്ഞു.
