Actor
ശ്വാസംമുട്ടി ഒരു തുള്ളി വെള്ളം കിട്ടാതെയാണ് മരിച്ചത്, മരണം അനാസ്ഥ കൊണ്ട് സംഭവിച്ചത്; മരണ ശേഷം സിനിമാ മേഖലയില്‍ നിന്നുള്ള ആരും തങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല; ബോബിയുടെ കുടുംബം
ശ്വാസംമുട്ടി ഒരു തുള്ളി വെള്ളം കിട്ടാതെയാണ് മരിച്ചത്, മരണം അനാസ്ഥ കൊണ്ട് സംഭവിച്ചത്; മരണ ശേഷം സിനിമാ മേഖലയില്‍ നിന്നുള്ള ആരും തങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല; ബോബിയുടെ കുടുംബം
മുന്നൂറിലധികം സിനിമകളില്‍ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള അനശ്വര നടനാണ് ബോബി കൊട്ടാരക്കര. ഇന്നും മലയാളികളുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്ന വേഷങ്ങള്‍ ചെയ്തിട്ടുള്ള ബോബിയുടെ വേര്‍പാടിന്റെ വേദനയിലാണ് കുടുംബം ഇന്നും. ഹൃദയാഘാതത്തെ തുടര്‍ന്ന് 2000 ത്തിലാണ് ബോബി അന്തരിക്കുന്നത്. സഹോദരന്റെ മരണം ശരിക്കും അനാസ്ഥ കൊണ്ട് സംഭവിച്ചതാണെന്നാണ് കുടുംബം പറയുന്നത്.
അസുഖബാധിതനായി ആശുപത്രിയിലേയ്ക്ക് പോകുന്ന വഴിയിലാണ് ബോബിയ്ക്ക് ദാരുണ മരണം സംഭവിക്കുന്നത്. അദ്ദേഹത്തിന്റെ മരണ ശേഷം സിനിമാ മേഖലയില്‍ നിന്നുള്ള ആരും തങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും താരകുടുംബം പറയുന്നുണ്ട്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സഹോദരങ്ങള്‍. ബോബി മരിച്ചപ്പോള്‍ മമ്മൂട്ടിയടക്കം ജയറാം, ബിജു മേനോന്‍, ഇന്നസെന്റ്, തുടങ്ങി നിരവധി താരങ്ങള്‍ വന്നിരുന്നു. മോഹന്‍ലാല്‍ വന്നില്ല, പകരം ഒരാളെ പറഞ്ഞ് വിടുകയാണ് ചെയ്തത്.
അവസാനമായി അദ്ദേഹത്തെ കാണാന്‍ ജനസാഗരമായിരുന്നെന്ന് പറയാം. ആസ്തമയുടെ പ്രശ്‌നങ്ങള്‍ സഹോദരന് ഉണ്ടായിരുന്നു. ചില സമയത്ത് അലര്‍ജി രൂക്ഷമായി വരുമ്പോള്‍ വര്‍ക്ക് ചെയ്യാന്‍ പോലും പോകാതെ ഇരുന്നിട്ടുണ്ട്. കക്ക, ഞണ്ട് പോലെയുള്ള ഭക്ഷണം കഴിക്കുമ്പോഴാണ് അലര്‍ജി വരുന്നത്. ശ്വാസകോശത്തിനെയാണ് ബാധിച്ചത്. അത് ചുരുങ്ങി പോവുകയായിരുന്നു. അന്ന് ആശുപത്രിയില്‍ പോയി ഒരു ഇന്‍ജെഷന്‍ എടുത്തിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നു.
പുള്ളി ഒരു സുഹൃത്തായ ഡോക്ടറെ കാണാന്‍ പോയെങ്കിലും അവിടെ ഡ്യൂട്ടി ഡോക്ടറെ ഉണ്ടായിരുന്നുള്ളു. അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന വഴിയില്‍ തന്നെ മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മോര്‍ച്ചറിയില്‍ നിന്നും ഡോക്ടര്‍ പറഞ്ഞത് അനാസ്ഥ കൊണ്ട് പോയതാണെന്നാണ്. കാരണം വൈകുന്നേരം എട്ടുമണി മുതല്‍ പുള്ളിയ്ക്ക് അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു.
ബോബിയുടെ സുഹൃത്തായ ഹോമിയോ ഡോക്ടറുടെ മരുന്നാണ് അന്ന് കഴിച്ചോണ്ടിരിക്കുന്നത്. പിന്നീട് തീരെ വയ്യെന്ന് പറഞ്ഞപ്പോഴാണ് പ്രൊഡക്ഷനില്‍ നിന്നുള്ളവര്‍ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നത്. സമയം കഴിയും തോറും സ്ഥിതി വഷളായി. ശ്വാസം മുട്ടാന്‍ തുടങ്ങിയതോടെ പുള്ളി വണ്ടിയില്‍ കിടന്ന് നിലവിളിച്ചു. കരച്ചില്‍ കേട്ടതോടെ നൈറ്റ് ഡ്യൂട്ടിയിലുള്ള പോലീസ് വാഹനം തടഞ്ഞു. ബോബിയുടെ കൂടെയുള്ളവരെ കണ്ടപ്പോള്‍ ഗുണ്ടകള്‍ തട്ടികൊണ്ട് പോകുന്നതാണെന്നാണ് കരുതിയത്.
പിന്നെ കരച്ചില്‍ കൂടി മനസിലാക്കിയതിന് ശേഷം പോലീസുകാര്‍ ആശുപത്രിലേയ്ക്ക് കൊണ്ട് പോയി. ഒരു പോലീസുകാരന്റെ മടിയില്‍ കിടന്നാണ് അദ്ദേഹം മരിക്കുന്നത്. ശ്വാസകോശം ചുരുങ്ങി പോയി, ശ്വാസംമുട്ടിയാണ് അദ്ദേഹം മരിച്ചത്. ഒരു തുള്ളി വെള്ളം പോലും കിട്ടാതെ വല്ലാത്തൊരു മരണമായിരുന്നു. ബോബിയുടെ കാര്യത്തില്‍ 25 ശതമാനം മാത്രമേ വിധി. ബാക്കി എഴുപത്തിയഞ്ച് ശതമാനവും അനാസ്ഥ കൊണ്ട് സംഭവിച്ചതാണ്.
ശരിയായ ചികിത്സ കിട്ടാതെ പോയാതാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത്. പോലീസുകാരുടെ രീതിയ്ക്ക് അവര്‍ ഞങ്ങളെ വിളിച്ച് വിരട്ടുകയാണ് ചെയ്തത്. പുള്ളിയുടെ സ്വത്തൊക്കെ അടിച്ച് മാറ്റാന്‍ ഞങ്ങള്‍ തട്ടിക്കളഞ്ഞതാണോ എന്നറിയനാണ് പോലീസ് നോക്കിയത്. പുള്ളിയുടെ പേരിലുണ്ടായിരുന്ന സ്ഥലം സഹോദരങ്ങളെല്ലാം പിന്നീട് വീതിച്ചെടുക്കുകയാണ് ചെയ്തത്.
ബോബി പോയതിന് ശേഷം അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ താരങ്ങളോ ആരും ഞങ്ങളുമായി ബന്ധമില്ല. സ്ഥിരം വീട്ടില്‍ വരുമായിരുന്ന ഒരു നടന്‍ ബോബിയുടെ മരണത്തിന് ശേഷം വീടിന്റെ മുന്നിലൂടെ നടന്ന് പോയിട്ടും അങ്ങോട്ട് നോക്കാതെയാണ് പോയത്. സഹോദരന്‍ ഉള്ളപ്പോള്‍ എല്ലാവരും വരുമായിരുന്നു. പിന്നെ ആരും വരാതെയായെന്ന് കുടുംബം പറയുന്നു.
കൂടെ അഭിനയിച്ചിരുന്നവരുമൊക്കെയായി നല്ല സൗഹൃദമാണ് ഉണ്ടായിരുന്നത്. ആരെയും മാറ്റി നിര്‍ത്തിയിട്ടില്ല. എന്നാല്‍ നല്ല വേഷങ്ങളൊന്നും അദ്ദേഹത്തിന് കിട്ടിയിരുന്നില്ല. തനിക്ക് കിട്ടുന്ന ഏത് വേഷവും നന്നായി ചെയ്യുന്ന നടനായിരുന്നു ബോബി കൊട്ടാരക്കര. നെറ്റിപ്പട്ടം എന്ന ചിത്രത്തിലൊക്കെ കിടിലന്‍ കഥാപാത്രം ചെയ്തിരുന്നു. നല്ല വേഷങ്ങളൊന്നും കിട്ടാതെ പുള്ളിയെ അങ്ങ് ഒതുക്കിയെന്ന് പറയാം. സിനിമാ ഫീല്‍ഡ് മൊത്തം പാരയാണെന്നാണ് പുള്ളി പറയുന്നതെന്ന് സഹോദരന്‍ സൂചിപ്പിച്ചു.
ചിത്രം സിനിമയില്‍ മണിയന്‍പിള്ള രാജു ചെയ്ത കഥാപാത്രം ബോബിയ്ക്ക് പറഞ്ഞിരുന്നതാണ്. എന്നാല്‍ അത് നഷ്ടപ്പെടുകയായിരുന്നു. അതിനെ പറ്റി വീട്ടില്‍ നിന്നും ഫോണിലൂടെ സുഹൃത്തിനോട് സംസാരിച്ചത് വളരെ വികാരപരമായിട്ടാണ്. ആ വേഷം പോയതില്‍ പുള്ളിയ്ക്ക് വിഷമം ഉണ്ടായിരുന്നു. പിന്നീട് ‘ചിത്രം’ സിനിമയില്‍ തന്നെ ഒരു കല്യാണ ബ്രോക്കറുടെ ചെറിയൊരു വേഷം കൊടുത്തു. അതിനകത്ത് ഒക്കെ ഒത്തിരി പേര്‍ കളിച്ചത് കൊണ്ടാണ് ആ വേഷം നഷ്ടപ്പെട്ടത് എന്നും കുടുംബം പറയുന്നു.
