Malayalam
അത് ഭാഗ്യമായി കരുതുന്നു; അപൂർവ്വമായി സംഭവിക്കുന്ന ഒന്നാണത്; കല്യാണിക്ക് മുകളിൽ നിൽക്കുന്ന ഒരു കഥാപാത്രം വന്നാൽ മാത്രമേ ഇതിന് മാറ്റം ഉണ്ടാവൂ…
അത് ഭാഗ്യമായി കരുതുന്നു; അപൂർവ്വമായി സംഭവിക്കുന്ന ഒന്നാണത്; കല്യാണിക്ക് മുകളിൽ നിൽക്കുന്ന ഒരു കഥാപാത്രം വന്നാൽ മാത്രമേ ഇതിന് മാറ്റം ഉണ്ടാവൂ…
ചാക്കോച്ചന്റെ നായികയായി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ശ്രിത ശിവദാസ്. പിന്നീട് നല്ല സിനിമയുടെ ഭാഗമാകാൻ ശ്രിതയ്ക്ക് കഴിഞ്ഞിരുന്നു. ഇപ്പോൾ അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രിത വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ’മണിയറയിലെ അശോകനി”ലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.
എവിടെയായിരുന്നു ഇക്കാലമത്രയുമെന്ന് ചോദിച്ചാൽ അതിനുത്തരം തേടി തമിഴ് സിനിമയിലേക്ക് പോകേണ്ടി വരും. പോയവർഷം സന്താനത്തിനൊപ്പം അഭിനയിച്ച ഹൊറർ കോമഡി ത്രില്ലർ ’ധിൽക്കു ദുഡു-2” വലിയ വിജയം നേടി. പിന്നെയും ചിത്രങ്ങൾ അണിയറിലൊരുങ്ങുന്നുണ്ട്. അപ്പോഴും മലയാളത്തിൽ നല്ലൊരു കഥാപാത്രത്തിനായി ശ്രിത കാത്തിരിക്കുകയായിരുന്നു. ഒടുവിൽ അതിഥി വേഷത്തിലൂടെ മലയാളത്തിൽ വീണ്ടും പ്രേക്ഷകർ ശ്രിതയെ കണ്ടു. ഇപ്പോൾ ഇതാ തിരിച്ചുവരവിനെ കുറിച്ച് കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം മനസ്സ് തുറക്കുന്നു
‘വലിയ ഒരു ടീമിന്റെ സിനിമയിൽ അതിഥി വേഷമോ പ്രാധാന്യമുള്ള ചെറിയ കഥാപാത്രമോ വന്നാൽ നഷ്ടപ്പെടുത്താറില്ല. ആ സിനിമയുടെ ഭാഗമാവണമെന്ന ആഗ്രഹമാണ് അതിനു പിന്നിൽ. കഥാപാത്രം ഒരു സീൻ വന്നു പോവുന്നതാണെങ്കിലും പുതുമ തോന്നുന്നുവെങ്കിൽ തീർച്ചയായും പ്രേക്ഷകർ ഒാർത്തിരിക്കും. മണിയറയിലെ അശോകനിലും അതിഥി വേഷമായിരുന്നു. ഗ്രിഗറി എന്റെ സുഹൃത്താണ്. ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഇഷ്ടം തോന്നി. ദുൽഖർ സൽമാൻ നിർമിക്കുന്ന സിനിമ. മലയാളത്തിലെ ആദ്യ നെറ്റ് ഫ്ളിക്സ് റിലീസായി അതെത്തിയത് ഓണത്തിന് . ലോക്ക്ഡൗണായതിനാൽ എല്ലാ മലയാളികളും ’മണിയറയിലെ അശോകൻ” കണ്ടിട്ടുണ്ടാവും.’ഓർഡിനറി ”യിലെ കല്യാണിയെ പോലെ തന്നെ ഒരു മാറ്റവുമില്ലെന്ന് മണിയറയിലെ അശോകൻ കണ്ട് ആളുകൾ പറഞ്ഞു. ഇനിയും സിനിമകൾ ചെയ്യണമെന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നി.
വ്യക്തിപരമായ കാര്യങ്ങളെ സിനിമയുമായി വലച്ചിഴയ്ക്കേണ്ട ആവശ്യമില്ല. തെന്നിന്ത്യൻ സിനിമയിൽ വിവാഹശേഷവും അഭിനയരംഗത്ത് സജീവമായി തുടരുന്ന നടിമാരുണ്ട്. എന്നാൽ മറ്റു ചിലർ വർഷങ്ങൾ കഴിഞ്ഞു മടങ്ങിവരും. വിവാഹശേഷം സിനിമയിൽനിന്ന് മാറി നിന്ന് മറ്റു കലാരംഗത്ത് പ്രവർത്തിക്കുന്നവരുണ്ട്. അഭിനയവും കുടുംബജീവിതവും ഒരേപോലെ കൊണ്ടു പോവാൻ ശ്രമിക്കുന്നവരുമുണ്ട്. എല്ലാം ഓരോരുത്തരുടെയും ഇഷ്ടങ്ങൾ, തീരുമാനങ്ങൾ ഒക്കെ അനുസരിച്ചാണ്. നമ്മൾ ഒരു നല്ല സിനിമയുടെ ഭാഗമായാൽ പ്രേക്ഷകർ തീർച്ചയായും സ്വീകരിക്കും.
എട്ടു വർഷം മുൻപാണ് ‘ഓർഡിനറി” എത്തുന്നത്. ആ സിനിമയെയും കല്യാണി എന്ന നാട്ടിൻപുറത്തുകാരി പെൺകുട്ടിയെയും ആളുകൾ ഇപ്പോഴും ഓർക്കുന്നു. എവിടെ പോയാലും തിരിച്ചറിയുന്നു. ഞങ്ങൾ ഇടയ്ക്കിടെ കാണുന്ന സിനിമയാണെന്നും എപ്പോൾ കണ്ടാലും മടുപ്പ് തോന്നില്ലെന്നും ആളുകൾ പറയുന്നതു കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. കല്യാണി എന്ന കഥാപാത്രത്തിന് ഇത്രമാത്രം സ്വീകാര്യത ലഭിക്കുമെന്ന് കരുതിയില്ല. ആദ്യ സിനിമയിലെ തന്നെ കഥാപാത്രത്തിന്റെ പേര് പറഞ്ഞുഓർമ്മിക്കുന്നത് ഭാഗ്യമായി കരുതുന്നു. അത് അപൂർവമായി മാത്രം സംഭവിക്കുന്നതാണ്. കല്യാണിക്ക് മുകളിൽ നിൽക്കുന്ന ഒരു കഥാപാത്രം വന്നാൽ മാത്രമേ ഇതിന് മാറ്റം ഉണ്ടാവൂ. ആ കഥാപാത്രത്തിനു വേണ്ടി കാത്തിരിക്കുന്നു.
ഒരുപാട് സുഹൃത്തുക്കളില്ല. എന്നും വിളിച്ചു സംസാരിക്കുന്ന സൗഹൃദങ്ങളുമില്ല.എന്നാൽ വളരെ കുറച്ചു നല്ല ആളുകൾ അടുത്ത സുഹൃത്തുക്കളായിട്ടുണ്ട്. സൗഹൃദം എല്ലാ സമയത്തും ബലമാണ്. ജീവിതത്തിൽ സൗഹൃദത്തിന് ഏറെ പ്രാധാന്യം നൽകുന്ന ആളാണ് ഞാൻ. എല്ലാ കാര്യങ്ങളും സുഹൃത്തുക്കളുമായി പങ്കുവയ്ക്കാറുണ്ട്. ഞാൻ വളരെ പോസിറ്റീവാണെന്ന് സുഹൃത്തുക്കൾ പറയാറുണ്ട്. എല്ലാ ആളുകളും നന്നായിരിക്കണമെന്ന ആഗ്രഹമാണ് എനിയ്ക്കെന്നും ശ്രിത പറയുന്നു
