സംഭവം നടന്നയുടനെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് രക്തസാമ്പിളുകള്‍ എടുക്കണമായിരുന്നു, രക്തം പരിശോധിച്ചാൽ മാത്രമേ അത് കണ്ടെത്താൻ സാധിക്കുകയുള്ളൂ; രൂക്ഷ വിമര്‍ശനവുമായി നിര്‍മാതാവ് സിയാദ് കോക്കര്‍
ഓൺലൈൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ശ്രീനാഥ് ഭാസിക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. പുതിയ സിനിമയായ ചട്ടമ്പിയോട് അനുബന്ധിച്ച് കൊച്ചി ക്രൗണ്‍ പ്ലാസയില്‍ വെച്ച് നടന്ന അഭിമുഖങ്ങള്‍ക്കിടെയായിരുന്നു സംഭവം. അഭിമുഖത്തിന് മുന്‍പ് നല്ല രീതിയില്‍ സംസാരിച്ച ശ്രീനാഥ് ഭാസി അഭിമുഖം തുടങ്ങി കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വളരെയധികം ക്ഷോഭിച്ചു പെരുമാറി എന്നാണ് അവതാരകയുടെ പരാതി.
ഇപ്പോഴിതാ ശ്രീനാഥ് ഭാസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മാതാവ് സിയാദ് കോക്കര്‍ രംഗത്ത്. ഒരു ചാനലിനോട് പ്രതികരിക്കുകയായിരുന്നു അവർ. സംഭവം നടന്നയുടനെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് രക്തസാമ്പിളുകള്‍ എടുക്കണമായിരുന്നു എന്ന് സിയാദ് കോക്കര്‍ അഭിപ്രായപ്പെട്ടു.
രക്തം പരിശോധിച്ചാലേ എന്തിന്റെ അടിമയാണ് എന്ന് കണ്ടെത്താന്‍ പറ്റൂ എന്നും സിയാദ് കോക്കര്‍ കൂട്ടിച്ചേര്‍ത്തു. എന്നാലേ പലരും ഇതില്‍ മര്യാദ പഠിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഇത് തെളിയിക്കാനുള്ള മെറ്റീരിയല്‍ വേണ്ടേ എന്നും ആ മെറ്റീരിയല്‍ പൊലീസിന്റെ ഭാഗത്ത് നിന്നാണ് ഉണ്ടാവേണ്ടത് എന്നും സിയാദ് കോക്കര്‍ പറഞ്ഞു.
അവന്റെ ( ശ്രീനാഥ് ഭാസി) ബ്ലഡ് ചെക്ക് ചെയ്താല്‍ അത് അറിയാന്‍ പറ്റും. രണ്ട് ദിവസം ഉപയോഗിക്കാതിരുന്നാല്‍ എങ്ങനെയാണ് അതിന്റെ ടെക്നിക്ക് എന്ന് അറിയില്ല എന്നും ഇങ്ങനെ പെരുമാറുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ട ഒരു നിയമമുണ്ടാവണം എന്നും സിയാദ് കോക്കര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ശ്രീനാഥ് ഭാസിക്കെതിരെ പുതിയ തലമുറയിലുള്ള നിര്‍മാതാക്കളില്‍ ആരും തന്നെ രേഖമൂലമുള്ള പരാതികള്‍ ഇതുവരെ നല്‍കിയിട്ടില്ല എന്നും ഞങ്ങള്‍ക്കൊക്കെ ശരിക്കും നാണക്കേടാണ് ഇത് എന്നും സിയദ് കോക്കര്‍ വ്യക്തമാക്കി. ഇത്രയും ഗട്ട്സ് ഇല്ലാത്തവരാണോ സിനിമയെടുക്കുന്നതെന്ന് തോന്നി പോകുമെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ക്ക് പരാതി നല്‍കിയാല്‍ ഇനി ചെയ്യുന്ന സിനിമ നിന്നുപോവുമോ ഇവന്‍ സഹകരിക്കാതിരിക്കുമോ എന്നതൊക്കെ ശരിക്കും പരിശോധിക്കണം എന്നും എഴുതി തന്ന പരാതിയില്ലെങ്കില്‍ ഒന്നും പറയാന്‍ പറ്റില്ല എന്നും സിയാദ് കോക്കര്‍ കൂട്ടിച്ചേര്‍ത്തു.
