മലയാളികൾക്ക് എം.ജി ശ്രീകുമാർ എന്ന ഗായകനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികൾ മൂളി നടക്കുന്ന, നിരവധി ഹിറ്റ് ഗാനങ്ങളുമായി അദ്ദേഹം നീണ്ട നാല് പതിറ്റാണ്ടുകളായി നമുക്കൊപ്പം ഉണ്ട്. അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാതെ ഒരു ദിവസം പോലും മലയാളികളുടെ ജീവിതത്തിലുണ്ടാവില്ല. ഗാനരംഗത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയാണ് അദ്ദേഹം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ തുടരും എന്ന ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ച് പറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മോഹൻലാലിന് വേണ്ടി പാടുന്നത് എനിക്കും പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടമുള്ള കാര്യമാണ്. തുടരും എന്ന ചിത്രത്തിൽ കൺമണി പൂവേ എന്ന പാട്ട് ഞാൻ പാടിയിരുന്നു. ഒരുപാട് സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്.
ഇപ്പോൾ പാട്ടൊന്നുമില്ലേ എന്ന് എന്നോട് എല്ലാവരും ചോദിക്കാറുണ്ട്. ഉണ്ടെന്ന് പറയുമ്പോൾ ഞങ്ങൾ കേട്ടില്ലല്ലോ എന്ന് പറയാറുണ്ട്. അത് എന്റെ കുഴപ്പമല്ല. സിനിമയിൽ എത്ര പാട്ടുണ്ടെന്ന് ചോദിച്ചാൽ എട്ട് പാട്ട്. റീ റെക്കോർഡിംഗിന് പകരമായാണ് അത് ഉപയോഗിക്കുന്നത്. അതാണ് ഞാൻ സോഷ്യൽമീഡിയയിൽ പാട്ടുകളും ഇടുന്നത്.
ഇത്തവണ ലാലിനൊപ്പം സ്ക്രീനിലും ഞാനുണ്ട്. ലാലിന് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടിരുന്നു ഈ പാട്ട്. നല്ല രസമാണ്. ഒരു നിമിത്തം പോലെയാണ് ഈ സിനിമയിലേക്ക് ഞാനും എത്തിയത്. പഴയ മോഹൻലാലിനെ കാണണമെന്നല്ലേ ആളുകൾ പറയുന്നത്. ഈ സിനിമ എന്തായാലും സൂപ്പർഹിറ്റാണ്. കുറേ ഭാഗം ഞാൻ കണ്ടിരുന്നു.
വികാരഭരിതമായിട്ടുള്ള കുറേ സംഭവങ്ങൾ അതിനകത്തുണ്ട്. പാട്ട് കേട്ടപ്പോൾ നിങ്ങൾക്ക് മനസിലായില്ലേ, അതുപോലെ അതിനകത്ത് എല്ലാം ഉണ്ട്. വേൽമുരുക പോലെയൊരു പാട്ടുണ്ട് അതിനകത്ത്. പ്രമോയ്ക്ക് വേണ്ടി ചെയ്തതായിരുന്നു അത്. മോഹൻലാൽ അത് കേട്ടപ്പോഴാണ് എത്ര ദിവസം വേണമെങ്കിലും അഭിനയിക്കാമെന്ന് പറഞ്ഞത്. ശോഭനയും ചെയ്യാമെന്ന് പറഞ്ഞു.
ഈ പാട്ട് കേട്ട് ലാൽ എന്നെ വിളിച്ചിരുന്നു. അണ്ണൻ ഇനി ഒരു വർഷത്തേക്ക് പാടിയില്ലെങ്കിലും കുഴപ്പമില്ലല്ലോ എന്നാണ് ചോദിച്ചത്. എംജി ശ്രീകുമാറിന്റെ അവസ്ഥ കഷ്ടമായി, പാട്ട് നിർത്തി ഇപ്പോൾ വീട്ടിൽ ഭജനയിലാണ് എന്ന തരത്തിലുള്ള റിപ്പോർട്ട് അടുത്തിടെ വായിച്ചിരുന്നു. നല്ലൊരു പാട്ട് പാടാൻ അവസരം കിട്ടിയാൽ ഏത് ഗായകനും ഹാപ്പിയാവും. നല്ല സിറ്റുവേഷനിൽ നല്ലൊരു പാട്ട് കിട്ടാൻ ഭാഗ്യം വേണം. സ്റ്റേജ് പരിപാടികളും ടെലിവിഷൻ ഷോയുമായും സജീവമാണ് എംജി.
സ്റ്റേജിൽ പാടുന്നതിനിടെ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ചും അദ്ദേഹം വീഡിയോയിൽ സംസാരിച്ചിരുന്നു. പാടിക്കൊണ്ടിരുന്നപ്പോൾ നല്ല പാട്ട് പാടണേയെന്ന് പറഞ്ഞപ്പോൾ, അത് മൈക്കിലൂടെ എല്ലാവരും കേട്ടപ്പോഴാണ് ദേഷ്യം തോന്നിയത്. ആരെങ്കിലും മോശം പാട്ട് പാടാനായി വേദിയിൽ വരുമോ, മോഹൻലാലിന് വേണ്ടി പാടിയ പാട്ടുകളാണ് ഞാൻ പാടിയത്. അത് മോശമാണെന്ന് ആർക്കെങ്കിലും പറയാനാവുമോയെന്നായിരുന്നു എംജി ചോദിച്ചത്.
അമ്പലപ്പുഴയിലെ ഒരു ക്ഷേത്രത്തിൽ എംജി ശ്രീകുമാർ ഗാനമേള അവതരിപ്പിക്കാൻ എത്തിയപ്പോഴായിരുന്നു ഈ സംഭവം. അടുത്ത പാട്ട് പാടാനായി എംജി തയ്യാറെടുക്കുന്നതിനിടെ സദസിൽ നിന്ന് ഒരാൾ പറഞ്ഞ കമന്റും അതിന് എംജി പറഞ്ഞ മറുപടിയുമാണ് വൈറൽ. നല്ല പാട്ട് പാടണേ… എന്നായിരുന്നു കാണികളിൽ ഒരാളിൽ നിന്നും വന്ന കമന്റ്. ഉടനടി കുറിക്കുകൊള്ളുന്ന മറുപടി എംജി നൽകി. ഇത്രയും നേരം പാടിയത് ചീത്ത പാട്ടായിരുന്നുവോ?. ഇനി നല്ല പാട്ട് കേൾക്കണമെങ്കിൽ താൻ ഒരു കാര്യം ചെയ്യു… വീട്ടിൽ പോയി റേഡിയോ ഓൺ ചെയ്ത് കേൾക്കൂ.
അതിനകത്ത് നല്ല പാട്ടൊക്കെ വരും. താൻ നല്ല പാട്ട് കേട്ടിട്ടില്ല. താൻ കേട്ടിട്ടുള്ളത് മറ്റേതെങ്കിലുമാകും. ശരണമയ്യപ്പാ… ഇവനതൊക്കെ വേണമെന്ന്… അത്രയും കിട്ടിയില്ലെങ്കിൽ ഉറക്കം വരില്ല. പോകുന്ന വഴി വല്ലവരും മോണയ്ക്ക് കുത്തും കെട്ടോ… പറഞ്ഞേക്കാം എന്നാണ് എംജി പരിഹസിക്കാൻ ശ്രമിച്ച ആരാധകന് നൽകിയ മറുപടി.