Music Albums
ഡബ്‌സിയുടെ ‘മങ്ക’ എംഎച്ച്ആറിന്റെ ‘ഒട്ടകം’ ട്രാക്കിന്റെ കോപ്പിയടി; ഡബ്‌സിയുടെ ഗാനം പിന്‍വലിച്ച് സ്‌പോട്ടിഫൈ
ഡബ്‌സിയുടെ ‘മങ്ക’ എംഎച്ച്ആറിന്റെ ‘ഒട്ടകം’ ട്രാക്കിന്റെ കോപ്പിയടി; ഡബ്‌സിയുടെ ഗാനം പിന്‍വലിച്ച് സ്‌പോട്ടിഫൈ
‘മണവാളന്‍ തഗ്’, ‘മലബാറി ബാംഗര്‍’ എന്നീ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയാവരാണ് ഡബ്‌സി, എംഎച്ച്ആര്‍. മലയാള ഇന്‍ഡിപെന്റന്‍ഡ്/ റാപ്പ് ഗാനരംഗത്ത് ഇതിനോട് ചുവടുപിടിച്ച് നിരവധി ഗാനങ്ങള്‍ പുറത്തിറങ്ങുകയുണ്ടായി. ഇപ്പോള്‍ സിനിമകളിലും പ്രൊമോഷന്റെ ഭാഗമായി നിരവധി റാപ്പ് ഗാനങ്ങള്‍ പുറത്തിറങ്ങുന്നുണ്ട്.
എന്നാല്‍ ഇപ്പോഴിതാ ഡബ്‌സിയുടെ ‘മങ്ക’ എന്ന ഗാനം തന്റെ ‘ഒട്ടകം’ എന്ന ട്രാക്കില്‍ നിന്നും കോപ്പിയടിച്ചാണ് ഇറക്കിയതെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മ്യൂസിക് പ്രൊഡ്യൂസര്‍ കൂടിയായ എംഎച്ച്ആര്‍.
മങ്ക റിലീസ് ചെയ്യുന്നതിന് മുമ്പായി തന്നെ എംഎച്ച്ആര്‍ ‘ഒട്ടകം’ ട്രാക്ക് സ്‌പോട്ടിഫൈയില്‍ റിലീസ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ എന്നാല്‍ ഡബ്‌സിയുടെ പാട്ടുകള്‍ റിലീസ് ചെയ്യുന്ന ലേബലായ മാസ്അപ്പീല്‍ പകര്‍പ്പവകാശ ലംഘനം ക്ലെയിം ചെയ്യുകയും എംഎച്ച്ആറിന്റെ പാട്ട് സ്‌പോട്ടിഫൈയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
ഇതിനെത്തുടര്‍ന്നാണ് എംഎച്ച്ആര്‍ ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയത്. താന്‍ ഡബ്‌സിക്കായി ചെയ്യാന്‍ തീരുമാനിച്ച ട്രാക്ക് ആയിരുന്നു ഒട്ടകമെന്നും, എന്നാല്‍ താന്‍ ചോദിച്ച പ്രതിഫലം തരാന്‍ അവര്‍ തയ്യാറായിരുന്നില്ലെന്നും, താന്‍ പറഞ്ഞ തുകയെക്കാള്‍ കുറഞ്ഞ തുകയില്‍ ട്രാക്ക് ചെയ്യാന്‍ തനിക്ക് ആളെ കിട്ടിയെന്നും, ഒട്ടകം എന്ന ട്രാക്ക് തന്നോട് തന്നെ ഉപയോഗിക്കാന്‍ ഡബ്‌സി പറഞ്ഞതായി എംഎച്ച്ആര്‍ വെളിപ്പെടുത്തുന്നു.
എന്നാല്‍ ഡബ്‌സിയുടെ മങ്ക എന്ന ഗാനത്തിന്റെ ടീസര്‍ വന്നപ്പോള്‍ തന്നെ സാമ്യത തോന്നിയതുകൊണ്ട്, താന്‍ ഒട്ടകം ഒരുമാസം മുന്നെ റിലീസ് ചെയ്തതായി എംഎച്ച്ആര്‍ പറയുന്നു. പക്ഷേ തന്റെ ഗാനം കോപ്പി റൈറ്റ് ഇഷ്യൂ കാരണം സ്‌പോടിഫൈയില്‍നിന്നും നീക്കം ചെയ്‌തെന്നും എംഎച്ച്ആര്‍ പറയുന്നു.
തുടര്‍ന്ന് സ്‌പോട്ടിഫൈക്ക് വിഷയം സംബന്ധിച്ച് എംഎച്ച്ആര്‍ മെയില്‍ അയക്കുകയും സോഷ്യല്‍ മീഡിയ വഴി സംഭവം ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തതോടുകൂടി ഡബ്‌സിയുടെ മങ്ക ഇപ്പോള്‍ സ്‌പോട്ടിഫൈയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഇപ്പോള്‍ ഡബ്‌സിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമായി എത്തുന്നത്.