Songs
പാട്ടുപാടിക്കൊണ്ടിരിക്കേ വേദിയില്‍ വെച്ച് നഖം വെട്ടി ഗായകന്‍; പിന്നാലെ വിമര്‍ശനം
പാട്ടുപാടിക്കൊണ്ടിരിക്കേ വേദിയില്‍ വെച്ച് നഖം വെട്ടി ഗായകന്‍; പിന്നാലെ വിമര്‍ശനം
ഏറെ ആരാധകരുള്ള ഗായകനാണ് അരിജിത് സിംഗ്. ഇപ്പോഴിതാ ദുബായിലെ സംഗീതപരിപാടിക്കിടെ അരിജിത് ചെയ്ത ഒരു പ്രവൃത്തി വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്. സംഗീതപരിപാടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഗായകനെതിരെ വിമര്‍ശനമുയര്‍ന്നത്. അരിജിത് സിംഗിന്റെ ദുബായ് പര്യടനത്തിലെ സംഗീതപരിപാടി ഗംഭീരമായാണ് മുന്നേറിക്കൊണ്ടിരുന്നത്.
ഇതിനിടയില്‍ ആണ് അരിജിത് ചെയ്ത ഒരു പ്രവൃത്തി ഏവരുടേയും ശ്രദ്ധയില്‍പ്പെട്ടത്. പാട്ടുപാടിക്കൊണ്ടിരിക്കേ വേദിയില്‍ വെച്ച് അരിജിത് നഖം വെട്ടുകയായിരുന്നു. നെയില്‍ കട്ടറുപയോഗിച്ചായിരുന്നു ഈ പ്രവൃത്തി. അതും പാട്ടുപാടുന്നതിന് യാതൊരുവിധ തടസവും വരാത്ത രീതിയില്‍.
ഒരേസമയം പാട്ടും നഖം വെട്ടലും ആസ്വദിക്കുന്ന അരിജിത്തിന്റെ വീഡിയോ വൈറലാവാന്‍ അധികനേരമൊന്നും വേണ്ടിവന്നില്ല. നിരവധി പേരാണ് അരിജിത്തിന്റെ ഈ പ്രവൃത്തിയെ വിമര്‍ശിച്ചത്. വളരെ അണ്‍പ്രൊഫഷണല്‍ എന്നാണ് പലരും കമന്റ് ചെയ്തത്. ഗിറ്റാറില്‍ കുറച്ചുകൂടി നന്നായി വിരലോടിക്കാനായിരിക്കുമെന്നും ഇദ്ദേഹം മുന്‍പും ഇങ്ങനെ ചെയ്തിട്ടുണ്ടാവുമെന്നും നീളുന്നു കമന്റുകള്‍. ആരെങ്കിലും സംഗീതപരിപാടിക്ക് നഖംവെട്ടിയുമായി വരുമോയെന്നും ചോദിച്ചവരുണ്ട്.
ഈയിടെ അരിജിത്തിന്റെ ദുബായില്‍വെച്ചുള്ള മറ്റൊരു വീഡിയോയും വൈറലായിരുന്നു. സദസ്സിന്റെ മുന്‍നിരയിലിരുന്ന നടി മാഹിറാ ഖാനെ ഗായകന്‍ തിരിച്ചറിയാതിരുന്നതായിരുന്നു ആ സംഭവം. നടിയെ തിരിച്ചറിഞ്ഞ ഉടന്‍തന്നെ അദ്ദേഹം ക്ഷമാപണം നടത്തിയിരുന്നു.
ഈ സംഭവത്തേക്കുറിച്ച് മാഹിറാ പിന്നീട് സോഷ്യല്‍ മീഡിയയില്‍ എഴുതിയിരുന്നു. അരിജിത്തിനെപ്പോലൊരു കലാകാരന്റെ പ്രകടനം നേരിട്ടുകാണാനായതില്‍ സന്തോഷമുണ്ടെന്നായിരുന്നു അവര്‍ എഴുതിയത്. അമര്‍ സിംഗ് ചംകീല എന്ന ചിത്രത്തിലെ വിദാ കരോ എന്ന ഗാനമാണ് അരിജിത് സിംഗ് ഈയിടെ ആലപിച്ച് ശ്രദ്ധേയമായ ഗാനം.
