News
ഗായിക ഉമ രമണന്‍ അന്തരിച്ചു
ഗായിക ഉമ രമണന്‍ അന്തരിച്ചു
തമിഴ് പിന്നണി ഗായിക ഉമ രമണന്‍ അന്തരിച്ചു. 72 ാം വയസില്‍ ചെന്നൈയിലെ വസതിയില്‍ വച്ച് ഇന്നലെയായിരുന്നു അന്ത്യം. തമിഴിലെ ഒട്ടേറെ നിത്യഹരിത ക്ലാസിക് ഹിറ്റുകള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. ഇളയരാജയുടെ സംഗീതത്തില്‍ നൂറിലധികം ഗാനങ്ങള്‍ ഗായിക പാടിയിട്ടുണ്ട്.
‘നിഴലുകള്‍’ എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തില്‍ ഒരുക്കിയ ‘പൂങ്കത്താവേ താല്‍തിരവൈ’ എന്ന ഗാനമാണ് സംഗീത ലോകത്ത് സുപരിചിതയാക്കിയത്. ‘പന്നീര്‍ പുഷ്പങ്ങള്‍’ എന്ന സിനിമയിലെ ‘അനന്തരാഗം കേള്‍ക്കും കാലം..’, ‘ആഹായ വെണ്ണിലാവേ’, ‘ഒരു നാടന്‍ സെവ്വറലി തോട്ട’ത്തിലെ ‘ഉന്നൈ നിനച്ചേന്‍’ തുടങ്ങിയവയാണ് ശ്രദ്ധേയമായ ഗാനങ്ങള്‍.
ഗായകന്‍ എ വി രമണനാണ് ഉമയുടെ ഭര്‍ത്താവ്. 1977ല്‍ ശ്രീ കൃഷ്ണ ലീലയില്‍ ഭര്‍ത്താവിനൊപ്പം പാടിക്കൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്. സ്റ്റുഡിയോ റെക്കോര്‍ഡിംഗുകള്‍ക്കപ്പുറം, തത്സമയ സംഗീത പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയാണ്.
35 വര്‍ഷത്തിനിടെ 6,000ലധികം ലൈവ് കണ്‍സര്‍ട്ടുകളാണ് ചെയ്തിട്ടുള്ളത്. വിജയ് യുടെ തിരുപ്പാച്ചിയിലെ കണ്ണും കണ്ണുംതാന്‍ കലന്താച്ച് എന്ന ഗാനമാണ് അവസാനം പാടിയത്.
