Malayalam
‘രാത്രി..മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ മണം ആയിരുന്നു..അറിയാം വന്നു എന്ന്..ഹാപ്പി ബര്‍ത്ത്‌ഡേ സുധിച്ചേട്ടാ’, സുധിയ്ക്ക് പിറന്നാള്‍ ആശംസകളുമായി രേണു
‘രാത്രി..മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ മണം ആയിരുന്നു..അറിയാം വന്നു എന്ന്..ഹാപ്പി ബര്‍ത്ത്‌ഡേ സുധിച്ചേട്ടാ’, സുധിയ്ക്ക് പിറന്നാള്‍ ആശംസകളുമായി രേണു
മിമിക്രി വേദികളില്‍ ഇന്നും മലയാളിക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും സഹപ്രവര്‍ത്തകരോ കുടുംബമോ ഇനിയും മുക്തരായിട്ടില്ല. സുധിച്ചേട്ടന്‍ ഞങ്ങളെ വിട്ട് എങ്ങും പോവില്ലെന്നായിരുന്നു നടന്റെ വിയോഗശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ ഭാര്യ രേണു പറഞ്ഞത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്. എന്നാല്‍ ഇതിനു താഴെയെല്ലാം മോശം കമന്റുകളാണ് പലപ്പോഴും വരാറുള്ളത്. ഒരിടയ്ക്ക് വ്യാപകമായ സൈബര്‍ ആക്രമണങ്ങളിലേക്കും ഇത് പോയിരുന്നു.
ഇപ്പോഴിതാ സുധിയുടെ പിറന്നാള്‍ ദിനത്തില്‍ ഭാര്യ രേണു പങ്കുവച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.സുധി വിട പറഞ്ഞിട്ട് ഒരു വര്‍ഷം തികയാന്‍ പോകുകയാണ്. സുധിയുടെ മരണം നല്‍കിയ ആഘാതത്തില്‍ നിന്നും കരകയറുകയാണ് ഭാര്യ രേണുവും രണ്ട് മക്കളും. ഇന്നിതാ സുധിയുടെ പിറന്നാളാണ്. ഇന്നേദിവസം രേണു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റുകള്‍ ഓരോരുത്തരുടെയും കണ്ണിനെ ഈറനണിയിക്കുകയാണ്.
‘രാത്രി..മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ മണം ആയിരുന്നു..അറിയാം വന്നു എന്ന്..ഹാപ്പി ബര്‍ത്ത്‌ഡേ സുധിച്ചേട്ടാ..നിങ്ങളെ ഞാന്‍ ആഴത്തില്‍ മിസ് ചെയ്യുന്നുണ്ട്, സ്‌നേഹിക്കുന്നു..’, എന്നാണ് സുധിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് രേണു കുറിച്ചത്. സുധിയെ താന്‍ ഒത്തിരി മിസ് ചെയ്യുന്നുവെന്നും എന്നും ആ ഓര്‍മകള്‍ തന്നെ ഉള്ളില്‍ നിറഞ്ഞുനില്‍ക്കുമെന്നും മറ്റൊരു പോസ്റ്റില്‍ ഇവര്‍ കുറിക്കുന്നുണ്ട്.
2023 ജൂണ്‍ അഞ്ചിന് ആയിരുന്നു കേരളക്കരയെ ഒന്നാകെ നടുക്കിക്കൊണ്ട് കൊല്ലം സുധിയുടെ മരണവാര്‍ത്ത പുറത്തുവന്നത്. ഒരു പരിപാടി കഴിഞ്ഞ് മടങ്ങവെ സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുക ആയിരുന്നു. ബിനു അടിമാലി, മഹേഷ് കുഞ്ഞുമോന്‍ തുടങ്ങിയവരും സുധിക്കൊപ്പം ഉണ്ടായിരുന്നു. അപകടം നടന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സുധിയുടെ മരണം സ്ഥിരീകരിക്കുക ആയിരുന്നു.
സുധിയില്ലാത്ത ജീവിതവുമായി പൊരുത്തപ്പെട്ട് വരികയാണെന്നും മക്കള്‍ക്ക് വേണ്ടിയാണ് തന്റെ ഇനിയുള്ള ജീവിതമെന്നും രേണു പറഞ്ഞിരുന്നു. പൊരുത്തപ്പെട്ട് തുടങ്ങിയല്ലേ പറ്റൂ, അദ്ദേഹത്തിന്റെ സാന്നിധ്യമില്ലെന്നേയുള്ളൂ. ആത്മാവെന്നൊരു സത്യം എന്റെ കൂടെ തന്നെയുണ്ടാകും. കരഞ്ഞുകൊണ്ട് ഇരുന്നാല്‍ അത് എനിക്കും കുഞ്ഞുങ്ങള്‍ക്കുമെല്ലാം നെഗറ്റീവ് ഉണ്ടാക്കും.
എന്റെ ഈ അവസ്ഥ വരുന്നവര്‍ക്ക് മാത്രമേ അത് മനസ്സിലാവൂ. ജീവന് തുല്യം സ്‌നേഹിച്ച ഭര്‍ത്താവ് മരിച്ചെന്നത് ഞാന്‍ അക്‌സെപ്റ്റ് ചെയ്തില്ലെങ്കില്‍ എനിക്ക് തന്നെ ചിലപ്പോള്‍ ഭ്രാന്തായി പോകുമായിരുന്നു. മക്കള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യേണ്ടി വന്നേനെ. അതില്‍ നിന്ന് പുറത്തു കടക്കാന്‍ എന്തെങ്കിലും ഒക്കെ ചെയ്യണം. ഏട്ടന്‍ മരിച്ച സമയത്ത് ഒരുപാട് പേര്‍ സഹായിച്ചിരുന്നു. പക്ഷെ എല്ലാവരുടെയും സഹായം എല്ലാ കാലത്തും കിട്ടണം എന്നില്ലല്ലോ. എനിക്ക് ഇപ്പോള്‍ ഒരു ജോലിയാണ് ആവശ്യം’. ‘റേഷന്‍ കടയില്‍ നിന്ന് അരിയും മറ്റു സാധനങ്ങളും കിട്ടുന്നതുകൊണ്ട് അങ്ങനെ പോകുന്നു. ഒരു ജോലി നേടിയെടുക്കണം എന്നാണ് ഇപ്പോള്‍’, എന്നും രേണു പറഞ്ഞിരുന്നു.
അപകടം സംഭവിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സുധി ചേട്ടന്‍ വിളിച്ചിരുന്നു. മകനെ കാണാനുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ വീഡിയോ കോളിലൂടെ കാണിച്ച് കൊടുക്കുകയും ചെയ്തു. രാവിലെ ഉണര്‍ന്ന് നോക്കിയപ്പോള്‍ വീടിന് ചുറ്റും നാട്ടുകാരും മറ്റും കൂടി നില്‍ക്കുന്നത് കണ്ടു. എന്താ കാര്യമെന്ന് തിരക്കിയപ്പോള്‍ അപകടം സംഭവിച്ച് സുധി ചേട്ടന് പരിക്ക് പറ്റിയെന്ന് അവര്‍ പറഞ്ഞു. മരിച്ചിട്ടുണ്ടാകില്ലെന്ന് ഉറപ്പായിരുന്നു. സുധി ചേട്ടന്‍ ജീവിനോടെയുണ്ടല്ലോ അല്ലേയെന്ന് എല്ലാവരോടും താന്‍ തിരക്കുന്നുണ്ടായിരുന്നു. ആരും പക്ഷെ മറുപടിയൊന്നും പറഞ്ഞില്ല.
അപ്പോഴാണ് അടുത്തുള്ള വീട്ടിലെ കുട്ടി ഓടിവന്ന് ബോഡി ഇങ്ങോട്ടാണോ അതോ കൊല്ലത്തോട്ടാണോ കൊണ്ടുവരുന്നതെന്ന് ചോദിച്ചത്. അത് കേട്ടതും മരവിച്ച അവസ്ഥയിലായി താന്‍. പിന്നെ ഒറ്റയിരുപ്പായിരുന്നു. സുധി ചേട്ടന്റെ ഡെഡ് ബോഡി വരുന്നത് വരെ താന്‍ വെള്ളം പോലും കുടിച്ചില്ല, ഉറങ്ങിയുമില്ല. മരിച്ച് കിടക്കുന്ന സുധി ചേട്ടനെ കാണാന്‍ പറ്റുമായിരുന്നില്ല. മരിക്കുന്നത് മുമ്പുള്ള ദിവസങ്ങളില്‍ ഇടയ്ക്കിടെ മരണത്തെ കുറിച്ച് പറയുമായിരുന്നു. താന്‍ മരിച്ചാലും വേറെ വിവാഹം കഴിക്കരുത് മരിച്ചാലും നിന്നോടൊപ്പം ഉണ്ടാകുമെന്നും പറഞ്ഞിട്ടുണ്ട്. അതുപോലെ വിവാഹത്തിന് ശേഷം ഈ വാഹനാപകടം താന്‍ സ്വപ്‌നം കണ്ടിരുന്നുവെന്നും രേണു പറഞ്ഞു.