Songs
ബിസിനസും സംഗീതവും ഒരുമിച്ച് കൊണ്ടുപോവാന്‍ സാധിക്കുന്നില്ല, സംഗീതലോകത്ത് നിന്ന് വിടപറയുന്നുവെന്ന് ഗായിക അനന്യ ബിര്‍ല
ബിസിനസും സംഗീതവും ഒരുമിച്ച് കൊണ്ടുപോവാന്‍ സാധിക്കുന്നില്ല, സംഗീതലോകത്ത് നിന്ന് വിടപറയുന്നുവെന്ന് ഗായിക അനന്യ ബിര്‍ല
സംഗീതലോകത്ത് നിന്ന് വിടപറയുകയാണെന്ന് പ്രഖ്യാപിച്ച് പ്രശസ്ത ഗായിക അനന്യ ബിര്‍ല. വ്യവസായത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്ന് അനന്യ പറയുന്നു. വളരെ വൈകാരികമായാണ് ഇക്കാര്യം ഗായിക തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. എല്ലാവര്‍ക്കും നന്ദി നേരുന്നുവെന്നും അനന്യ കൂട്ടിച്ചേര്‍ത്തു.
അനന്യയുടെ കുറിപ്പ് ഇങ്ങനെ;
ഏറ്റവും കഠിനായ തീരുമാനമാണിത്. ബിസിനസും സംഗീതവും ഒരുമിച്ച് കൊണ്ടുപോവാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് ഞാനെത്തിച്ചേര്‍ന്നിരിക്കുന്നു. പ്രകടിപ്പിക്കാന്‍ സാധിക്കാത്ത രീതിയില്‍ അതെന്നെ ബാധിക്കുകയാണ്. ഇത്രയും വര്‍ഷങ്ങള്‍ എന്റെ സംഗീതത്തെ സ്‌നേഹിച്ച എല്ലാവര്‍ക്കും നന്ദി. അനന്യയുടെ തീരുമാനത്തില്‍ ആരാധകരും സഹപ്രവര്‍ത്തകരും നിരാശരാണ്. കല അനുഗ്രഹമാണെന്നും അതിനെ ഒരിക്കലും വിട്ടുകളയരുതെന്ന് ഒട്ടേറെ പേര്‍ കുറിച്ചു.
ആദിത്യാ ബിര്‍ല ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ലയാണ് അനന്യയുടെ പിതാവ്. ബാല്യകാലം മുതല്‍ സന്ദൂര്‍ അഭ്യസിച്ചിരുന്നു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ശേഷമാണ് സംഗീതലോകത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
2016ലാണ് അനന്യയുടെ സോളോ ഗാനമായ ലിവിന്‍ ദ ലൈഫ് പുറത്തിറങ്ങിയത്. 2017 ജൂലൈയില്‍ മെന്റ് ടു ബിയും 2018 മാര്‍ച്ചില്‍ ഹോള്‍ഡ് ഓണും പുറത്തിറങ്ങി. ലക്കി അലിക്കും അര്‍മാന്‍ മാലിക്കിനുമൊപ്പം ഡു ഓര്‍ ഡു പ്യാര്‍ എന്ന ബോളിവുഡ് സിനിമയുടെ സൗണ്ട് ട്രാക്കിലും അനന്യ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പതിനേഴാമത്തെ വയസ്സു മുതല്‍ സംരഭകയാണ് അനന്യ. ഗ്രാമങ്ങളിലെ സ്ത്രീകളെ കച്ചവടരംഗത്തേക്ക് കൊണ്ടുവരാനായി ചെറിയ വായ്പ്പകള്‍ കൊടുക്കുന്ന ഒരു സംരംഭമായിരുന്നു അത്. 2016 ല്‍ ഫോബ്‌സിന്റെ ഏഷ്യയിലെ മികച്ച വനിതാസംരംഭകളുടെ പട്ടികയില്‍ ഇടം നേടി. അജയ് ദേവ്ഗണ്‍ നായകനായ രുദ്ര, കുനാല്‍ കോലി സംവിധാനം ചെയ്ത ശ്ലോക് തുടങ്ങിയ സീരീസുകളില്‍ വേഷമിട്ടിട്ടുണ്ട്.
