Actress
അമ്മ രണ്ടാമതും ഗര്‍ഭിണിയായിരുന്നെന്നാണ് വാര്‍ത്ത വന്നത്, എന്റെ മുന്നില്‍ നിരവധി തവണ കരഞ്ഞു; കുട്ടിയായിരിക്കുമ്പോള്‍ അമ്മ എന്നെ നോക്കി, ഇനി ഞാന്‍ അമ്മയെ നോക്കുമെന്ന് മീനയുടെ മകള്‍
അമ്മ രണ്ടാമതും ഗര്‍ഭിണിയായിരുന്നെന്നാണ് വാര്‍ത്ത വന്നത്, എന്റെ മുന്നില്‍ നിരവധി തവണ കരഞ്ഞു; കുട്ടിയായിരിക്കുമ്പോള്‍ അമ്മ എന്നെ നോക്കി, ഇനി ഞാന്‍ അമ്മയെ നോക്കുമെന്ന് മീനയുടെ മകള്‍
ബാലതാരമായി സിനിമാ ലോകത്തെത്തിയ നടിയാണ് മീന. നടന്‍ ശിവാജി ഗണേശന്‍ നായകനായ ‘നെഞ്ചകള്‍’ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി വേഷമിട്ടത്. ‘നവയുഗം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മീന നായികയായി അരങ്ങേറ്റം കുറിക്കുന്നത്. 1990ലായിരുന്നു അത്. അതേ വര്‍ഷം തന്നെ ‘ഏരു നാപ കത്തി’ എന്ന തമിഴ് ചിത്രത്തിലും നായികയായി തെന്നിന്ത്യന്‍ സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.
തമിഴ്, തെലുങ്ക്, ഹിന്ദി മലയാളം തുടങ്ങിയ ഭാഷകളില്‍ ബാലതാരമായി അഭിനയിച്ചതിന് ശേഷമാണ് താരം നായികയായി നടി അരങ്ങേറ്റം കുറിക്കുന്നത്. ശാലീന സൗന്ദര്യവും ശാന്തതയുമൊക്കെയായിരുന്നു നടി മീനയുടെ സൗന്ദര്യത്തിന്റെ പ്രത്യേകത. ഒന്നിന് പുറകെ ഒന്നായി സിനിമയില്‍ നായികയായി തന്നെ അവസരങ്ങള്‍ ലഭിച്ചതോടെ മുന്‍നിരയിലേക്കാണ് നടി വളര്‍ന്നത്.
രജനി-കമല്‍ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച അതേ മീന തന്നെ പിന്നീട് അവരുടെ നായികയായും അഭിനയിച്ചു തുടങ്ങി. രജനിമീന കോമ്പിനേഷനില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു. മീനയെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് കാലമായി സോഷ്യല്‍ മീഡിയിയല്‍ വൈറലാവുന്നത്.
ചെറിയ പ്രായത്തില്‍ അഭിനയിച്ച് തുടങ്ങിയ നടി ഇപ്പോഴും അഭിനയത്തില്‍ സജീവമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടിയുടെ വ്യക്തി ജീവിതത്തില്‍ വലിയൊരു ആഘാതമായി ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചിരുന്നു. ഭര്‍ത്താവിന്റെ വേര്‍പാടിന് പിന്നാലെ നടി അഭിനയിക്കാനെത്തിയതും വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. മാത്രമല്ല, നടി ധനുഷിനെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നും വാര്‍ത്തകള്‍ പരന്നിരുന്നു.
അടുത്തിടെയാണ് സിനിമാ രംഗത്തെ മീനയുടെ 40 വര്‍ഷങ്ങളുടെ ആഘോഷം നടന്നത്. നടന്‍ രജിനികാന്ത് ഉള്‍പ്പെയുള്ളവര്‍ പരിപാടിയില്‍ മീനയെ ആദരിക്കാനെത്തിയിരുന്നു. രാധിക, റോജ, സുഹാസിനി, ശരത്കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ മീനയുടെ മകള്‍ നൈനിക വിദ്യാസാഗറും സംസാരിച്ചു. നൈനികയുടെ വാക്കുകള്‍ കേട്ടിരുന്നവര്‍ കണ്ണീരണിയുകയും ചെയ്തു. തന്റെ അമ്മയെക്കുറിച്ച് വരുന്ന വ്യാജ വാര്‍ത്തകളെക്കുറിച്ച് നൈനിക സംസാരിച്ചു.
‘അമ്മ വളരെയധികം വര്‍ക്ക് ചെയ്യും. എന്നാല്‍ വീട്ടില്‍ വന്നാല്‍ അവര്‍ എന്റെ അമ്മയാണ്. എന്റെ അച്ഛന്‍ മരിച്ച സമയത്ത് അമ്മ വളരെ ഡിപ്രസ്ഡ് ആയിരുന്നു. എന്റെ മുന്നില്‍ നിരവധി തവണ കരഞ്ഞു. ഞാന്‍ ആശ്വസിപ്പിച്ചു. കുട്ടിയായിരിക്കുമ്പോള്‍ അമ്മ എന്നെ നോക്കി. ഇനി ഞാന്‍ അമ്മയെ നോക്കും. നിരവധി ന്യൂസ് ചാനലുകള്‍ എന്റെ അമ്മയെ പറ്റി വ്യാജ വാര്‍ത്ത എഴുതിയിട്ടുണ്ട്’.
‘അമ്മ രണ്ടാമതും ഗര്‍ഭിണിയായിരുന്നെന്നാണ് ഒരു ചാനല്‍ പറഞ്ഞത്. എനിക്കത് തമാശയായി തോന്നി. എന്നാല്‍ ഇത്തരം നിരവധി വാര്‍ത്തകള്‍ വന്നതോടെ എനിക്കത് ഇഷ്ടമല്ലാതായി. എന്നെയോര്‍ത്ത് നിര്‍ത്തൂ. അമ്മ ഒരു നായികയായിരിക്കും. പക്ഷെ അമ്മയും ഒരു മനുഷ്യനാണ്. ആരെങ്കിലും നിങ്ങളോട് ഇങ്ങനെ ചെയ്താല്‍ വിഷമിക്കില്ലേ,’ എന്നും നൈനിക ചോദിക്കുന്നു.
മകളുടെ വാക്കുകള്‍ കേട്ട് മീന വികാരഭരിതയായതും വീഡിയോയില്‍ കാണാമായിരുന്നു. മകളോടൊപ്പം വേദിയില്‍ വന്ന് ഇതേപറ്റി സംസാരിക്കുകയും ചെയ്തു. അച്ഛനെപ്പോലെ വൈകാരികമായി പ്രകടിപ്പിക്കുന്ന ആളല്ല മകള്‍. പക്ഷെ കാര്യങ്ങള്‍ അവളിത്ര ആഴത്തില്‍ മനസ്സിലാക്കിയിരുന്നെന്ന് അറിഞ്ഞതില്‍ ആശ്ചര്യമെന്ന് മീന വ്യക്തമാക്കി. തെറി എന്ന സിനിമയില്‍ ബാല താരമായെത്തി നൈനിക മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.
മീനയും ബാല താരമായി സിനിമകളില്‍ അഭിനയിച്ച് തുടങ്ങിയ നടിയാണ്. ജീവിതത്തിലുണ്ടായ അവിചാരിത സംഭവത്തില്‍ മീനയെ ചേര്‍ത്ത് പിടിക്കാന്‍ തമിഴകത്തെ താരങ്ങളെത്തി എന്നത് ശ്രദ്ധേയമാണ്. തന്റെ സുഹൃത്തുക്കളുടെ പിന്തുണയാണ് ആശ്വാസമായതെന്ന് മീനയും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
2022 ജൂണ്‍ ഇരുപത്തിയെട്ടിനായിരുന്നു മീനയുടെ ഭര്‍ത്താവ് വിദ്യസാഗര്‍ അന്തരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരഭര്‍ത്താവ് ചെന്നൈയിലെ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. ഈ വേദനയില്‍ നിന്നും മീനയും മകളും മുക്തരാവാന്‍ നാളുകള്‍ വേണ്ടി വന്നു. മകളെ നെഞ്ചോടു ചേര്‍ത്തു പിടിച്ച് ഒരു പൊതുപരിപാടിയില്‍ പോലും എത്താതെ ആണ് കഴിഞ്ഞ കാലങ്ങള്‍ മീന തള്ളിനീക്കിയത്.
വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഭര്‍ത്താവ് തന്നെ പിരിഞ്ഞത്. ആ ദുഃഖം മറക്കാന്‍ ഒരുപാട് കാലം എടുത്തിരുന്നു. മീനയെ ഈ ദുഃഖത്തില്‍ നിന്നും തിരികെ കൊണ്ടുവന്നത് മീനയുടെ സുഹൃത്തുക്കളായിരുന്നു. അടുത്തിടെ മീന രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ആദ്യം വന്നിരുന്നത്, വ്യവസായിയായ ഒരു കുടുംബ സുഹൃത്തിനെയാണ് താരം വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നതെന്നാണ്.
പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അഭ്യൂഹമാണെന്നും യാതൊരു സത്യമില്ലെന്നും അറിയിച്ച് മീനയുടെ അടുത്തസുഹൃത്ത് രംഗത്തെത്തിയിരുന്നു. അതേസമയം, ജാനമ്മ ഡേവിഡ് എന്ന ചിത്രമാണ് മീനയുടേതായി മലയാളത്തില്‍ റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായാണ് താരം എത്തുന്നത്.