Actress
സൂപ്പര്‍ സ്റ്റാര്‍ ഫാഫാ; രംഗണ്ണനും പിള്ളേര്‍ക്കും ആശംസകളുമായി നയന്‍താര
സൂപ്പര്‍ സ്റ്റാര്‍ ഫാഫാ; രംഗണ്ണനും പിള്ളേര്‍ക്കും ആശംസകളുമായി നയന്‍താര
ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ചിത്രത്തിന്റെ വിജയക്കുതിപ്പാണ് എങ്ങും മുഴങ്ങി കേള്‍ക്കുന്നത്. ഫഹദ് ഫാസിലിന്റെ ഉഗ്രന്‍ പ്രകടനമാണ് ചിത്രത്തിലൂടെ കാണാന്‍ സാധിച്ചതെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് വാനോളം പുകഴ്ത്തുന്ന നയന്‍താരയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ആവേശത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പ്രശംസിച്ചുകൊണ്ടാണ് നയന്‍താരയുടെ സ്‌റ്റോറി.
‘സൂപ്പര്‍ സ്റ്റാര്‍’ എന്നാണ് ഫഹദിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഭാവിയില്‍ വരാനിരിക്കുന്ന സിനിമകള്‍ക്ക് പോലും ജിത്തു മാധവന്റെ സംവിധാനം പ്രചോദനമാകുമെന്നും നയന്‍താര പ്രശംസിച്ചു. കൂടാതെ ചിത്രത്തിന്റെ നിര്‍മാതാക്കളായ നസ്‌റിയ നസീമിനെയും അന്‍വര്‍ റഷീദിനെയും നയന്‍താര അഭിനന്ദിക്കുന്നുണ്ട്.
ചിത്രത്തില്‍ തകര്‍പ്പന്‍ ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിനെയും ഛായഗ്രാഹകന്‍ സമീര്‍ താഹിറിനെയും നയന്‍സ് സ്‌റ്റോറിയില്‍ പരാമര്‍ശിക്കുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളായ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, ഹിപ്സ്റ്റര്‍ എന്നിവരെയും നയന്‍താര അഭിനന്ദിക്കുന്നുണ്ട്.
കോമഡിക്കും ആക്ഷന്‍ സീനുകള്‍ക്കും പ്രധാന്യം നല്‍കിയ ചിത്രം യുവതലമുറയാണ് ഏറ്റെടുത്തിരിക്കുന്നത്. രംഗണ്ണന്‍ എന്ന കഥാപാത്രം ഫഹദിനല്ലാതെ മറ്റാര്‍ക്കും ചെയ്യാനാകില്ലെന്ന് ഉള്‍പ്പെടെയുള്ള അഭിപ്രായങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വരുന്നത്. 120 കോടിയാണ് ആവേശം ഇതുവരെ നേടിയത്.