Connect with us

പിറന്നാള്‍ ദിനത്തില്‍ അമല പോളിന് സര്‍പ്രൈസ് പ്രൊപ്പോസലുമായി സുഹൃത്ത്; വിവാഹം ഉടന്‍

Actress

പിറന്നാള്‍ ദിനത്തില്‍ അമല പോളിന് സര്‍പ്രൈസ് പ്രൊപ്പോസലുമായി സുഹൃത്ത്; വിവാഹം ഉടന്‍

പിറന്നാള്‍ ദിനത്തില്‍ അമല പോളിന് സര്‍പ്രൈസ് പ്രൊപ്പോസലുമായി സുഹൃത്ത്; വിവാഹം ഉടന്‍

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അമല പോള്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച അമല പോള്‍ പിന്നീട് തമിഴിലേക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ് അമല പോള്‍ താരമായി മാറുന്നത്. അധികം വൈകാതെ തന്നെ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി അമല പോള്‍ മാറി. പിന്നീട് താരം മലയാളത്തിലേക്കും തിരിച്ചു വന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം അമല പോള്‍ അഭിനയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലും സജീവമാണ് അമല പോള്‍. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകള്‍ വൈറലായി മാറാറുണ്ട്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലേക്കും ചുവടു വച്ചിരിക്കുകയാണ് അമല പോള്‍. കരിയറിലും ജീവിതത്തിലുമെല്ലാം ഒരുപാട് ഉയര്‍ച്ച താഴ്ചകളിലൂടെയും അമലയ്ക്ക് കടന്നു പോകേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ അമല പോളിനെ കുറിച്ചുള്ള ഒരു സന്തോഷവാര്‍ത്തയാണ് പുറത്തുവരുന്നത്.

വിവാഹിതയാകാന്‍ ഒരുങ്ങുകയാണ് അമല പോള്‍. സുഹൃത്ത് ജഗദ് ദേശായി ആണ് അമലയുടെ വരന്‍. അമല പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ പങ്കുവച്ച് ജഗദ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. അമല പോളിനെ ടാഗ് ചെയ്തുകൊണ്ടാണ് ജഗദിന്റെ പോസ്റ്റ്. ‘മൈ ജിപ്‌സി ക്വീന്‍ യെസ് പറഞ്ഞു’ എന്ന അടിക്കുറിപ്പോടെയാണ് ജഗദിന്റെ പോസ്റ്റ്. അമലയുടെ പിറന്നാളാണ് ഇന്ന്. അതിനാല്‍ പിറന്നാള്‍ ആശംസകളും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

വെറൈറ്റി പ്രൊപ്പോസല്‍ വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇരുവരും ഹോട്ടലില്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ ഒരു കൂട്ടം ഡാന്‍സേഴ്‌സ് വന്ന് ഡാന്‍സ് ചെയ്യുകയും, പെട്ടന്ന് ഡാന്‍സേഴ്‌സിന്റെ അടുത്തേക്കെത്തി അവര്‍ക്കൊപ്പം ചേരുകയാണ് ജഗദ്. തുടര്‍ന്ന് ഡാന്‍സിനിടെ കയ്യില്‍ കരുതിയ മോതിരമെടുത്ത് അമലയെ പ്രപ്പോസ് ചെയ്യുകയായിരുന്നു. അമല സന്തോഷത്തോടെ പ്രൊപ്പോസല്‍ സ്വീകരിക്കുന്നതും ജഗദ് അമലയ്ക്ക് മോതിരം അണിയുന്നതും അമല ജഗദിന് സ്‌നേഹ ചുംബനം നല്‍കുന്നതും വിഡിയോയില്‍ കാണാം. വെഡ്ഡിങ് ബെല്‍സ് എന്ന ഹാഷ്ടാഗും വിഡിയോയ്‌ക്കൊപ്പം ചേര്‍ത്തുകൊണ്ടാണ് ജഗദിന്റെ പോസ്റ്റ്.

അമലയുടെ രണ്ടാം വിവാഹമാണിത്. 2014 ല്‍ സംവിധായകന്‍ എ.എല്‍. വിജയുമായാണ് അമലയുടെ ആദ്യ വിവാഹം നടക്കുന്നത്. നാല് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ അധികം വൈകാതെ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2017ല്‍ ഇവര്‍ വിവാഹമോചിതരാവുകയും ചെയ്തു. തമിഴകത്തെയാകെ ഞെട്ടിച്ച വിവാഹമോചനമായിരുന്നു ഇത്. വിവാഹശേഷം കരിയറുമായി മുന്നോട്ട് പോകുന്നതിനെ സംവിധായകനും കുടുംബവും പിന്തുണയ്ക്കാതിരുന്നതാണ് വിവാഹമോചനത്തിന് കാരണമായതെന്നാണ് പറയപ്പെടുന്നത്.

വിവാഹ മോചനത്തിന് ശേഷം അടിമുടി മാറ്റങ്ങളുമായാണ് അമല പോള്‍ ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിയത്. വീണ്ടും പഴയ പോലെ സിനിമകളില്‍ സജീവമാവുകയും ചെയ്തു. അതിനിടെ എ.എല്‍ വിജയ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. 2019 ലാണ് ഡോ. ആര്‍ ഐശ്വര്യയെ എ.എല്‍ വിജയ് വിവാഹം ചെയ്യുന്നത്. അധികം വൈകാതെ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞും പിറന്നു.

സൗഹൃദപരമായൊരു വേര്‍പിരിയല്‍ ആയിരുന്നു അമലയുടെയും വിജയുടേതും. വിവാഹമോചനത്തിന് ശേഷം അമലയോ എ.എല്‍ വിജയോ പരസ്പരം ആരോപണങ്ങളൊന്നും ഉന്നയിച്ചിരുന്നില്ല. കരിയറും ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു ഇരുവരും. അതിനിടെ വിജയുടെ രണ്ടാം വിവാഹത്തിന് അമല പോള്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തിരുന്നു. താരങ്ങള്‍ അടക്കം നിരവധിപേരാണ് അമല പോളിന് ആശംസകളുമായി എത്തുന്നത്. വിവാഹത്തിന്റെ മറ്റു വിവരങ്ങളൊന്നും ജഗദ് പോസ്റ്റില്‍ പറഞ്ഞിട്ടില്ല.

അതേസമയം താന്‍ സിനിമാ ലോകം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നതിനെക്കുറിച്ചും അമല പോള്‍ പറയുന്നുണ്ട്. ”ഞാന്‍ വായിച്ച മിക്ക തിരക്കഥഖകളും ആവര്‍ത്തനങ്ങളായിരുന്നു. സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ആണെങ്കിലും അങ്ങനെയായിരുന്നു. പീഡനത്തിന് ഇരയായവളോ ഭാര്യയോ ആയിരുന്നു. രത്‌ന കുമാര്‍ ആടൈയുടെ സിനോപ്‌സിസുമായി വന്നപ്പോള്‍ ആകാംഷയും ഞെട്ടലും ഒരേ സമയം തോന്നി. നിര്‍മ്മിക്കാന്‍ ആരെങ്കിലും തയ്യാറാകുമോ എന്നുണ്ടായിരുന്നു. പിന്നെയാണ് സുബ്ബു നിര്‍മ്മിക്കാന്‍ തയ്യാറാണെന്ന് അറിയുന്നത്” അമല പോള്‍ പറയുന്നു.

കരിയറിലും മികച്ച ഘട്ടത്തിലൂടെയാണ് അമല കടന്നുപോകുന്നത്. ഭോല ആണ് അമലയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കൈതിയുടെ ഹിന്ദി റീമേക്കായ ഭോലായിലൂടെയാണ് അമല പോള്‍ ബോളിവുഡില്‍ സാന്നിധ്യം അറിയിച്ചത്. അമലയുടെ ഹിന്ദി അരങ്ങേറ്റമായിരുന്നു ഇത്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതം, ധ്വിജ എന്നിങ്ങനെ രണ്ടു മലയാള സിനിമകളാണ് അമല പോളിന്റേതായി അണിയറയില്‍ ഉള്ളത്.

More in Actress

Trending

Recent

To Top