Actress
നാലു വര്‍ഷമായി കിടപ്പില്‍, ഇപ്പോള്‍ അവന് കയ്യും കാലുമൊക്കെ ചലിപ്പിക്കാന്‍ പറ്റാറുണ്ട്, എന്നെ ചെറുതായി തിരിച്ചറിഞ്ഞു; നടന്‍ നകുലിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് അഹാന കൃഷ്ണ
നാലു വര്‍ഷമായി കിടപ്പില്‍, ഇപ്പോള്‍ അവന് കയ്യും കാലുമൊക്കെ ചലിപ്പിക്കാന്‍ പറ്റാറുണ്ട്, എന്നെ ചെറുതായി തിരിച്ചറിഞ്ഞു; നടന്‍ നകുലിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് അഹാന കൃഷ്ണ
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടനും നര്‍ത്തകനുമായ നകുല്‍ തമ്പിയെ സന്ദര്‍ശിച്ച് അഹാന കൃഷ്ണ. നകുലിന്റെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ മാറ്റമുണ്ടെന്നും തിരിച്ചുവരവ് വിദൂരമല്ലെന്നുമാണ് അഹാന സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞത്. പുതിയ വിഡിയോ വ്‌ലോഗിലും നകുലിനെ സന്ദര്‍ശിച്ച വിശേഷങ്ങള്‍ നടി പങ്കുവയ്ക്കുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് നാലുവര്‍ഷമായി നകുല്‍ കിടപ്പിലാണ്.
കഴിഞ്ഞ ദിവസം ഞങ്ങള്‍ നകുലിനെ കാണാന്‍ പോയി. നകുലിനെ എല്ലാവര്‍ക്കും അറിയാമെന്നു വിശ്വസിക്കുന്നു. ഒരു ആക്ടറാണ്, പോപ്പുലര്‍ ഡാന്‍സര്‍ കൂടിയാണ്. ഡിഫോര്‍ ഡാന്‍സിലുണ്ടായിരുന്നു. പതിനെട്ടാം പടി എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണ് എനിക്ക് അവനെ പരിചയം. എനിക്ക് ഹന്‍സികയെ പോലെയാണ് നകുല്‍. എന്നേക്കാള്‍ അഞ്ച് വയസ്സ് ഇളയതാണ് അവന്‍.
വളരെ പാവം കുട്ടിയാണ്. 2020 ല്‍ അവനൊരു വാഹനാപകടം സംഭവിച്ചിരുന്നു. വളരെ മോശമായ അപകടം ആയിരുന്നു അത്. ഒരുപാട് പേര് നകുലിന്റെ അപ്‌ഡേറ്റ് ചോദിച്ച് എനിക്ക് മെസ്സേജ് അയക്കാറുണ്ട്. അവന്റെ ഹെല്‍ത്ത് കണ്ടിഷന്‍ എന്താണ്, അവന്‍ എങ്ങനെ ഇരിക്കുന്നു എന്നൊക്കെ ചോദിക്കുമായിരുന്നു. ഞാന്‍ നകുലിനെ കാണാന്‍ പോയതുകൊണ്ടും അവന്റെ ഇപ്പോഴത്തെ കാര്യങ്ങള്‍ അറിയാവുന്നത് കൊണ്ട് അത് ഷെയര്‍ ചെയ്യാമെന്ന് കരുതി.
നാല് വര്‍ഷം കഴിഞ്ഞു അപകടം ഉണ്ടായിട്ട്, റിക്കവറി ഉണ്ടായിട്ടുണ്ടെങ്കിലും ചെറിയ ചെറിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുളളത്. ഈ അവസ്ഥയില്‍ ചെറിയ മാറ്റംപോലും വലിയ നേട്ടമാണ്. 2020 ലേതു വച്ചുനോക്കുമ്പോള്‍ ഇന്ന് അവന് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അന്നത്തെക്കാള്‍ അവന് കയ്യും കാലുമൊക്കെ ചലിപ്പിക്കാന്‍ പറ്റാറുണ്ട്. എന്നെയും റിയയെയും ചെറുതായി അവന്‍ തിരിച്ചറിഞ്ഞു. അവന്റെ കയ്യില്‍ പിടിച്ചിരുന്ന സമയത്ത് അവന്‍ കയ്യില്‍ മുറുകെ പിടിച്ചിരുന്നു.
അവന്‍ കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നത് അതിലൂടെയാണ്. അത് മാത്രമാണ് അവന്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ ചെയ്യുന്നത്. അവന്റെ ഓര്‍ഗനുകള്‍ എല്ലാം കൃത്യമായി വര്‍ക്ക് ചെയ്യുന്നുണ്ട്. എന്നാലും ഇനിയും ഒരുപാട് അവന്‍ മുന്നോട്ട് പോകാനുണ്ട്. അവന്‍ ആരോഗ്യവാനായി ഇരിക്കുന്നതില്‍ ഞങ്ങള്‍ ഹാപ്പിയാണ്. അവനെ പണ്ട് ആക്ടിവായി കണ്ടിട്ടുളളവരെല്ലാം അവന്‍ വളരെ വേഗം യഥാര്‍ഥ ജീവിതത്തിലേക്കു തിരിച്ചുവരണമെന്നാണ് ആഗ്രഹിക്കുന്നത്.
അവനൊരു സ്‌പെഷല്‍ ആണ്. നകുല്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യാറുണ്ട്. അവന് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണം.. അവന്‍ അനുഗ്രഹിക്കപ്പെട്ട ഒരു കുട്ടിയാണ്. അദ്ഭുതം സംഭവിക്കുമെന്ന് തന്നെയാണ് ഞാനും പ്രതീക്ഷിക്കുന്നത്. നകുലിന്റെ അമ്മയെയും ചേട്ടനെയുമൊക്കെ കണ്ടു. അമ്മയൊക്കെ നല്ല സ്‌ട്രോങ് ആയിട്ടുള്ള ലേഡിയാണ്. ഇതൊക്കെയാണ് അവന്റെ വിശേഷം എന്നും അഹാന പറഞ്ഞു.
അപകടം നടന്ന സമയം വെറും 20 വയസ് മാത്രമായിരുന്നു നകുലിന്റെ പ്രായം. നാല് വര്‍ഷം മുന്‍പ് സുഹൃത്തുക്കളുമായി തിരുവനന്തപുരത്തുനിന്ന് രണ്ടു കാറുകളില്‍ കൊടൈക്കനാലില്‍ എത്തിയ ശേഷം നാട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. ഒരു കാറില്‍ നകുലും സുഹൃത്തും മറ്റൊരു കാറില്‍ മൂന്നുപേരും യാത്രചെയ്തിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ നകുലിന്റെ മസ്തിഷ്‌കത്തിനും നട്ടെല്ലിനും സാരമായി പരുക്കേറ്റു. ഒരുമാസത്തോളം അബോധാവസ്ഥയിലായിരുന്നു താരം. വന്‍ തുക ചെലവഴിച്ചാണ് നകുലിന്റെ ചികിത്സ നടത്തിയത്. തുടര്‍ചികില്‍സയ്ക്ക് വലിയ തുക ആവശ്യമായി വന്നപ്പോള്‍ ചലച്ചിത്ര താരങ്ങളും മറ്റും ചേര്‍ന്ന് ക്രൗഡ്ഫണ്ടിങ് വഴി പണം സ്വരൂപിച്ചിരുന്നു. 2019 ല്‍ പുറത്തിറങ്ങിയ ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാരംഗത്ത് നകുല്‍ തമ്പി ശ്രദ്ധ നേടുന്നത്. അഹാനയും നകുലും ഈ ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു.