Bollywood
എന്റെ കരിയര്‍ അവസാനിച്ചെന്ന് പലരും പറഞ്ഞു; അനമുഭവിച്ച പ്രതിസന്ധികളെ കുറിച്ച് വിവേക് ഒബ്രോയി
എന്റെ കരിയര്‍ അവസാനിച്ചെന്ന് പലരും പറഞ്ഞു; അനമുഭവിച്ച പ്രതിസന്ധികളെ കുറിച്ച് വിവേക് ഒബ്രോയി
ബോളിവുഡിനു പുറമേ തെന്നിന്ത്യന്‍ സിനിമകളിലും മികച്ച വേഷങ്ങള്‍ ചെയ്ത് കയ്യടി നേടിയ നടനാണ് വിവേക് ഒബ്രോയി. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ഇന്ത്യന്‍ പോലീസ് ഫോഴ്‌സ് എന്ന വെബ് സീരീസാണ് അദ്ദേഹത്തിന്റേതായി ഒടുവില്‍ വന്നത്. ഈ സീരീസിന്റെ പ്രചാരണത്തിന്റെ ഭാഗമായി നല്‍കിയ ഒരഭിമുഖത്തില്‍ തന്റെ ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്ന പ്രതിസന്ധികളേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വിവേക് ഇപ്പോള്‍.
സമ്മര്‍ദ്ദവും വിഷാദവും നിറഞ്ഞ സാഹചര്യങ്ങളിലൂടെ താന്‍ ഒരുസമയത്ത് കടന്നുപോയിരുന്നെന്ന് വിവേക് തുറന്നുപറഞ്ഞു. യുവാവായ വിവേക് ഒബ്രോയിക്ക് എന്ത് ഉപദേശമാണ് നല്‍കാന്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഒന്നിനേക്കുറിച്ച് ആലോചിച്ചും മനസ് സമ്മര്‍ദത്തിലാക്കരുതെന്നും ഒന്നും ശാശ്വതമല്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി. ഇന്നുവരുന്ന വിജയം ചിലപ്പോള്‍ നാളെ ഉണ്ടാകണമെന്നില്ല. എല്ലാം ആസ്വദിക്കൂ എന്നും വിവേക് ഒബ്രോയി പറഞ്ഞു.
‘സമ്മര്‍ദ്ദവും മാനസിക പിരിമുറുക്കവും കാരണം എന്റെ നല്ലൊരു സമയമാണ് ഞാന്‍ നഷ്ടപ്പെടുത്തിയത്. ഒരുപാട് പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി വന്നപ്പോള്‍ വിഷാദത്തിലാവുകയും മാനസികമായി ആകെ തകരുകയുംചെയ്തു. എന്റെ കരിയര്‍ അവസാനിച്ചെന്ന് പലരും പറഞ്ഞപ്പോള്‍ ജീവിതത്തിലാദ്യമായി അടക്കാനാവാത്ത മാനസിക സമ്മര്‍ദത്തിലായി. ഞാന്‍ തുടങ്ങിയല്ലേയുള്ളൂ, അത്ര പെട്ടന്ന് എങ്ങനെയാണ് എല്ലാം അവസാനിക്കുകയെന്നാണ് ഞാന്‍ ചിന്തിച്ചത്. എന്നാല്‍ ദൈവം സഹായിച്ച് ഇഷ്ടംപോലെ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്.
അതേസമയം എനിക്ക് ചേരാത്തതെന്ന് തോന്നുന്നതോ നടനെന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്താത്തതോ ആയ വേഷങ്ങള്‍ നിരസിക്കേണ്ടിവരാറുമുണ്ട്. ‘ വിവേക് ഒബ്രോയി കൂട്ടിച്ചേര്‍ത്തു. മലയാളത്തില്‍ കടുവ എന്ന ചിത്രത്തിലാണ് വിവേക് ഒബ്രോയി അവസാനം അഭിനയിച്ചത്. കന്നഡയില്‍ റുസ്തം എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. ധാരാവി ബാങ്ക് എന്ന വെബ് സീരീസിലും വേഴ്‌സസ് ഓഫ് വാര്‍ എന്ന ഹ്രസ്വചിത്രത്തിലും വിവേക് ഒബ്രോയി വേഷമിട്ടിരുന്നു.