റീൽ ഭർത്താവിനും റിയൽ ഭർത്താവിനും ഒപ്പം സെറ്റിൽ വെച്ച് സ്നേഹയുടെ ഒമ്പതാം മാസത്തിലെ ചടങ്ങ്, ആഘോഷമാക്കി സഹപ്രവർത്തകർ!
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടുന്നത്. ചിരിയാണ് ഇവരുടെ ട്രേഡ് മാർക്ക്. പാട്ടും ഡാൻസുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. ശ്രീയുടെ പാട്ടിന് സ്‌നേഹ ചുവടുവെക്കാറുമുണ്ട്. ഇവരുടെ പുതിയ വ്ളോഗ് ശ്രദ്ധ നേടുകയാണ്.
സ്നേഹ ഗർഭിണിയാണെന്ന വിവരവും സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും അറിയിച്ചത്. വൈകാതെ ഇരുവർക്കും ഇടയിലേക്ക് ഒരു കുഞ്ഞ് കൂടി എത്തും. ഒമ്പതാം മസാത്തിലൂടെയാണ് ഇപ്പോൾ സ്നേഹ കടന്നുപോകുന്നത്. അടുത്തിടെ ഭർത്താവിനും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം ഏഴാം മാസത്തിലെ വളൈകാപ്പ് ചടങ്ങ് ആഘോഷമായി നടത്തിയിരുന്നു സ്നേഹ. 2019 ഡിസംബർ മാസത്തിലായിരുന്നു സ്നേഹയുടേയും ശ്രീകുമാറിന്റേയും വിവാഹം.
തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം. മറിമായം സീരിയലിലെ തന്നെ ലോലിതൻ എന്ന വേഷം ചെയ്താണ് ശ്രീകുമാറും ശ്രദ്ധേയനായത്. ചക്കപ്പഴത്തിലെ ഉത്തമനായാണ് ഇപ്പോൾ പ്രേക്ഷകർക്ക് ശ്രീകുമാറിനെ പരിചയം. ഗർഭിണിയായാൽ മുമ്പൊക്കെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് വിശ്രമിക്കുമായിരുന്നു താരങ്ങൾ.
എന്നാലിപ്പോൾ അതെല്ലാം മാറി. കോപ്ലിക്കേറ്റഡ് പ്രഗ്നൻസി അല്ലെങ്കിൽ ഒമ്പതാം മാസം വരെയും കഴിയുമ്പോലെ അഭിനയിക്കാനും പരസ്യങ്ങൾ ചെയ്യാനും നൃത്തം ചെയ്യാനുമെല്ലാം നടിമാർ ശ്രമിക്കാറുണ്ട്. ചന്ദ്ര ലക്ഷ്മൺ, ഷംന കാസിം ഇപ്പോഴിത സ്നേഹയും ഗർഭിണിയായിരിക്കെ ഒമ്പതാം മാസം വരെ തങ്ങളുടെ ജോലിയിൽ സജീവമായി പങ്കാളികളായിരുന്നവരാണ്.
വൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സീ കേരളത്തിലെ സീരിയലിലാണ് സ്നേഹ ശ്രീകുമാർ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിനോദ് കോവൂരാണ് സീരിയലിൽ സ്നേഹയുടെ ഭർത്താവ്. കുമാരി എന്ന കഥാപാത്രത്തെയാണ് സ്നേഹ സീരിയലിൽ അവതരിപ്പിക്കുന്നത്.
സ്നേഹ ഗർഭിണിയായതോടെ സീരിയലിന്റെ കഥയിൽ മാറ്റം വരുത്തി സ്നേഹയുടെ കുമാരി എന്ന കഥാപാത്രവും ഗർഭിണിയാണെന്ന തരത്തിലേക്ക് കഥ മാറ്റിയിരുന്നു. ഇപ്പോഴിത സ്നേഹ ഒമ്പതാം മാസത്തിൽ എത്തിയതോടെ സീരിയലിലെ കുമാരി എന്ന കഥാപാത്രത്തിന്റേയും ഒമ്പതാം മാസ ചടങ്ങ് നടത്തി അത് ഷൂട്ട് ചെയ്ത് ടെലികാസ്റ്റ് ചെയ്യാൻ പോവുകയാണ് അണിയറപ്രവർത്തകർ.
വൈഫ് ഈസ് ബ്യൂട്ടിഫുൾ സെറ്റിൽ നടന്ന തന്റെ ഒമ്പതാം മാസ ചടങ്ങുകളുടെ വീഡിയോ സ്നേഹ തന്നെയാണ് യുട്യൂബ് ചാനൽ വഴി പങ്കുവെച്ചത്. ഗർഭകാലത്ത് താൻ സെറ്റിലെത്തുമ്പോൾ സീരിയലിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും തന്നെ എത്രത്തോളം കെയർ ചെയ്തിരുന്നുവെന്നെല്ലാം പുതിയ വീഡിയോയിൽ സ്നേഹ വിവരിക്കുന്നുണ്ട്. തനിക്ക് ഷൂട്ടില്ലാത്ത സമയത്ത് വിശ്രമിക്കുമ്പോൾ സംവിധായകൻ വരെ തന്റെ അവസ്ഥ കണ്ട് വിശറി വെച്ച് വീശി തരുമായിരുന്നുവെന്നും പുതിയ വീഡിയോയിൽ സ്നേഹ പറഞ്ഞു.
ലൊക്കേഷനിൽ നടന്ന സ്നേഹയുടെ ഒമ്പതാം മാസ ചടങ്ങിൽ പങ്കെടുക്കാൻ ശ്രീകുമാറും ഷൂട്ടിനിടെ ഗ്യാപ്പ് എടുത്ത് എത്തിയിരുന്നു. റീൽ ഭർത്താവിനും റിയൽ ഭർത്താവിനും ഒപ്പമിരുന്ന് വിശേഷങ്ങൾ പങ്കുവെക്കുന്ന സ്നേഹയേയും പുതിയ വീഡിയോയിൽ കാണാം.
പിസിഒഡി ഉള്ളതിനാൽ ഗർഭിണിയാണെന്ന് തിരിച്ചറിയാൻ വൈകിയെന്ന് സ്നേഹ തന്നെ മുമ്പൊരിക്കൽ പറഞ്ഞിരുന്നു. വൈകിയാണ് അറിഞ്ഞത്. അറിയുമ്പോൾ 11 ആഴ്ച ആയിട്ടുണ്ടായിരുന്നു. എനിക്ക് പിസി ഓഡിയും കാര്യങ്ങളും ഒകെ ഉണ്ടായിരുന്നതുകൊണ്ട് തന്നെ പിരീഡ്‌സ് അത്ര കറക്ട് ആയിരുന്നില്ല. പിരീഡ്‌സിന്റെ ഡേറ്റും മറ്റും വ്യത്യാസം ഉണ്ടായിരുന്നു.
സെറ്റിൽ വെച്ച് ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചിൽ തോന്നിയപ്പോൾ ഡോക്ടറെ കണ്ടിരുന്നു. അങ്ങനെ ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത് എന്നാണ് സ്നേഹ പറഞ്ഞത്.