നമ്മുടെ വീട്ടിലുള്ള പ്രായമായവരൊക്കെ ഇതിനെ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല; പക്ഷെ ഞാൻ ഹാപ്പിയാണ്: സ്നേഹ
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടജോഡികളാണ് സ്നേഹയും ശ്രീകുമാറും. അടുത്തിടെയാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്.
മറിമായത്തിലെ മണ്ഡോതരി, ലോലിതൻ എന്നീ കഥാപാത്രങ്ങളിലൂടെയാണ് സ്നേഹയും ശ്രീകുമാറും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. ചക്കപ്പഴത്തിലെ ശ്രീകുമാറിന്റെ ഉത്തമൻ എന്ന കഥാപാത്രത്തിനും നിരവധി ആരാധകരുണ്ട്.
അടുത്തിടെയാണ് സ്നേഹയ്ക്കും ശ്രീകുമാറിനും ഒരു ആൺകുഞ്ഞ് ജനിച്ചത്. കേദർ എന്നാണ് കുഞ്ഞിന്റെ പേര്. സ്നേഹ ഗർഭിണി ആയെന്ന വാർത്തയും തുടർന്നുള്ള വിശേഷങ്ങളുമെല്ലാം ഏറെ ആവേശത്തോടെയാണ് ഇവരുടെ ആരാധകർ സ്വീകരിച്ചത്. പ്രസവത്തിന് കുറച്ച് ദിവസം മുമ്പ് വരെ സ്നേഹ അഭിനയത്തിൽ സജീവമായിരുന്നു. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന വൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന പരമ്പരയിലാണ് സ്നേഹ അഭിനയിച്ചിരുന്നത്.
സ്നേഹ ഗർഭിണി ആയതോടെ ആ കഥാപാത്രത്തെയും ഗർഭിണിയാക്കി ഷൂട്ടിങ് തുടരുകയായിരുന്നു. അതുകൊണ്ട് തന്നെ ഏഴാം മാസത്തിലെ സീമന്തം ചടങ്ങും ബേബി ഷവറും ഒമ്പതാം മാസത്തിലെ ചടങ്ങുമെല്ലാം സെറ്റിൽ വെച്ച് തന്നെയാണ് ഇവർ നടത്തിയത്. ഗർഭകാലത്ത് ഉടനീളം സഹപ്രവർത്തകരുടെ സഹായം ഉണ്ടായിരുന്നുവെന്ന് സ്നേഹ പറഞ്ഞിരുന്നു. ഇപ്പോഴിതാ, പ്രസവശേഷം കുഞ്ഞുമായി ഷൂട്ടിങ്ങ് ലൊക്കേഷനിലെത്തിയ വിശേഷം പങ്കുവയ്ക്കുകയാണ് സ്നേഹ. രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്നേഹ ലൊക്കേഷനിലെത്തുന്നത്.
മഴവിൽ മനോരമയിലെ മറിമായത്തിന്റെ ലൊക്കേഷനിലേക്കാണ് സ്നേഹ കുഞ്ഞിനൊപ്പം എത്തിയത്. ‘രണ്ടുമാസമായി ഷൂട്ടിന് ഒന്നും പോകാതെ ഇരിക്കുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയൊരു കാലയളവാണ്. മെസ്സി കോയ എപ്പിസോഡിന് വേണ്ടിയാണ് ഞാൻ വന്നത്. മെസ്സിയുടെ ഭാര്യ ഒമ്പതുമാസം ഗർഭിണി ആയിരുന്നതും, കോയ ഭാര്യയുടെ പ്രസവത്തിനു പോകാതെ മെസ്സി കപ്പ് എടുക്കുന്നത് കാണാൻ നിൽക്കുന്നത് കാണിക്കുന്ന എപ്പിസോഡ് ആയിരുന്നു ഏറ്റവും ഒടുവിൽ നടന്നത്’,ഞങ്ങളുടെ കോമ്പിനേഷൻ വർക്ക് ആയതുകൊണ്ടാണ് അവധി തീരും മുൻപേ ഞാൻ ജോയിൻ ചെയ്തത്. ഒരു എപ്പിസോഡിനു വേണ്ടി മാത്രമാണ് ഇപ്പോൾ ജോയിൻ ചെയ്തത്.
ഏറ്റവും വലിയ സന്തോഷം കുഞ്ഞു മെസിയായി എത്തുന്നത് ഞങ്ങളുടെ കുഞ്ഞുവാവയാണ് എന്നതാണ്. ചെറുതായിട്ട് ആണെങ്കിലും വാവ ക്യാമറക്ക് മുൻപിൽ ആദ്യമായി നിൽക്കാൻ പോവുകയാണ്’, സ്നേഹ വീഡിയോയിൽ പറഞ്ഞു.’നമ്മുടെ വീട്ടിലുള്ള പ്രായമായവരൊക്കെ ഇതിനെ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല. പ്രസവം കഴിഞ്ഞിട്ട് 39-ാം ദിവസമാണ് ഞാനിത് ഷൂട്ട് ചെയ്യുന്നത്. പ്രോപ്പർ ആയി ട്രീറ്റ്മെന്റും, റെസ്റ്റും ഒക്കെ എടുക്കുന്നുണ്ട്. എങ്കിലും ഒറ്റ സീൻ ആയതുകൊണ്ടാണ് ഇത് എടുക്കാൻ വേണ്ടി ഞാൻ വന്നത്. അത് എടുത്തുകഴിഞ്ഞാൽ ഞാൻ തിരികെ പോകും. പലർക്കും പല അഭിപ്രായങ്ങൾ ആണ്. പക്ഷേ എനിക്ക് പേഴ്സണലി വലിയ സന്തോഷമാണ്
എന്റെ പ്രെഗ്നൻസി സമയത്ത് ഞാൻ കൂടുതലും ഉണ്ടായിരുന്നതും മറിമായം സെറ്റിലാണ്. അവർ അത്രയും എന്നെ കെയർ ചെയ്തിട്ടുമുണ്ട്. അതുകൊണ്ടുതന്നെ അവരുടെ അടുത്തേക്ക് മോനുമായി ഷൂട്ടിന് പോകുന്നതിൽ ഞാൻ ഏറ്റവും വലിയ സന്തോഷത്തിലാണ്’, സ്നേഹ പറഞ്ഞു. നിരവധിപേരാണ് സ്നേഹയ്ക്കും കുഞ്ഞിനും ആശംസകൾ നേർന്ന് കമന്റ് ചെയ്യുന്നത്. അടുത്തിടെ കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ വിശേഷങ്ങളൊക്കെ സ്നേഹ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു.
സിനിമ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിച്ച് വളരെ ആഘോഷമായാണ് ചടങ്ങ് നടത്തിയത്. എന്നാൽ 56 ആം ദിവസത്തെ ചടങ്ങാണ് താരദമ്പതികൾ നടത്തിയത്. തന്റെയും കുഞ്ഞിന്റെയും ആരോഗ്യം മെച്ചപ്പെടാൻ വേണ്ടിയാണ് ഇരുപത്തിയെട്ട് നടത്താതെ ചടങ്ങ് നീട്ടിവെച്ചതെന്നായിരുന്നു വീഡിയോയിൽ സ്നേഹ പറഞ്ഞത്.