ബാലു’വിനെയും ‘നീലു’വിനെയും മനസ്സിൽ കണ്ടാണ് ആ കഥ എഴുതിയിരിക്കുന്നത് ; പുതിയ വിശേഷങ്ങളുമായി ബിജു സോപാനവും നിഷ സാരംഗും
മലയാളികള്‍ നെഞ്ചേറ്റിയ ഒരു ടെലിവിഷന്‍ പരമ്പരയാണ് ഉപ്പും മുളകും. കഥയിലെ നീലുവും ബാലുവും മക്കളും എല്ലാം സ്വന്തം വീട്ടിലെ ആളുകളെ പോലെ തന്നെയാണ് പ്രേക്ഷകര്‍ക്ക്. സീരിയലില്‍ കാണുന്നത് പോലെ തന്നെയാണ്, ക്യാമറയ്ക്ക് പിന്നിലും അവര്‍ എല്ലാവരും. ഉപ്പും മുളകും’ എന്ന പരമ്പരയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയവരാണ് ബിജു സോപാനവും നിഷ സാരംഗും. യഥാർത്ഥ പേരിനേക്കാൾ ഇരുവരും ഇപ്പോൾ അറിയപ്പെടുന്നത് ‘ഉപ്പും മുളകും’ പരമ്പരയിലെ കഥാപാത്രങ്ങൾ ആയ ‘ബാലു’, ‘നീലു’ എന്നീ പേരുകളിലാണ്. ബിജുവും നിഷയും ഒന്നിച്ചുള്ള മിക്ക രംഗങ്ങളും വളരെ രസകരവുമാണ്. ഇരുവരും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ
ഏറ്റവും പുതിയ സിനിമയെ കുറിച്ചാണ് താരങ്ങൾക്ക് കൂടുതലായി പറയാനുള്ളത്. ‘ബാലു’വിനെയും ‘നീലു’വിനെയും മനസ്സിൽ കണ്ടാണ് കഥ എഴുതിയത്, ആ മാനറിസങ്ങൾ എല്ലാം ഈ ചിത്രത്തിലെ ‘രാജു’വിനും ‘വിമല’യ്ക്കും ആവശ്യം ഉണ്ടെന്നാണ് സംവിധായകൻ പറഞ്ഞത് എന്ന് ബിജു പറയുന്നു. തങ്ങൾ ആദ്യമായി ഒന്നിച്ച് പ്രധാന വേഷത്തിലെത്തുന്ന സിനിമ കൂടിയാണിതെന്ന് ഇരുവരും ഓർമപ്പെടുത്തുന്നു.
ലൊക്കേഷൻ വിശേഷങ്ങളും താരങ്ങള്‍ പങ്കുവെക്കുന്നുണ്ട്. സ്‌ക്രീനിലെ താരങ്ങളുടെ കെമിസ്ട്രിയും ക്യാമറയും സ്ക്രീപ്‌റ്റും ഇല്ലെന്ന് തോന്നുന്ന തരത്തിലുള്ള അഭിനയത്തിലേക്കും എത്താൻ നിഷയ്ക്ക് കുറച്ച് സമയം വേണ്ടിവന്നുവെന്നും എന്നാൽ വളരെ പെട്ടെന്ന് നിഷ അത് സായത്തമാക്കിയെന്നും ബിജു പറയുന്നു. നേരത്തെ ഇതേ രീതിയിലുള്ള സീരിയൽ ഇതേ സംവിധായകനൊപ്പം ചെയ്‍തിട്ടുള്ളതിനാൽ തനിക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ലെന്നും താരം മനസ് തുറക്കുന്നു.
‘രാജമാണിക്യം’ ചിത്രത്തിലൂടെയാണ് 2005ൽ ബിജു സോപാനം തന്റെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത്. 1999ൽ പുറത്തിറങ്ങിയ ചിത്രം ‘അഗ്നിസാക്ഷി’യിലൂടെ നിഷയുടെ അരങ്ങേറ്റം. ഇരുവരും നിരവധി സിനിമകളുടെയും പരമ്പരകളുടെയും ഭാഗമായിട്ടുണ്ടെങ്കിലും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ സഹായിച്ചത് ‘ഉപ്പും മുളകും’ ആണെന്ന് പല അഭിമുഖങ്ങളിലും ഇവർ തുറന്നു പറഞ്ഞിട്ടുണ്ട്. ‘ലെയ്‍ക്ക’ ആണ് താരങ്ങള്‍ അഭിനയിച്ച ചിത്രമായി പ്രദര്‍ശനത്തിനെത്തുന്നത്.