Actress
പ്രസവശേഷം അതത്ര കാര്യമാക്കിയിരുന്നില്ല, ഇപ്പോള്‍ സംഭവം സീരിയസ് ആയി; മൃദുല വിജയ്
പ്രസവശേഷം അതത്ര കാര്യമാക്കിയിരുന്നില്ല, ഇപ്പോള്‍ സംഭവം സീരിയസ് ആയി; മൃദുല വിജയ്
സീരിയല്‍ താരങ്ങളായ യുവകൃഷ്ണയുടെയും മൃദുല വിജയിയുടെയും വിവാഹം ലോക്ക്ഡൗണിന് ഇടയിലും സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമാക്കിയിരുന്നു. നിശ്ചയം കഴിഞ്ഞത് മുതലുള്ള വാര്‍ത്തകള്‍ ആരാധാകര്‍ ഏറ്റെടുത്തിരുന്നു. ഒടുവില്‍ ജൂലൈയില്‍ ഇരുവരും വിവാഹിതരായി. വിവാഹശേഷമുള്ള ചിത്രങ്ങളും വിശേഷങ്ങളും എല്ലാമായി ഇരുവരും സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. ഇരുവരും പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളതും.
ഇപ്പോഴിതാ എല്ലാവര്‍ക്കും ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയായി വീഡിയോ പങ്കുവെക്കുകയാണ് മൃദുല.തന്റെ കാലിന്റെ ചിരട്ട തെന്നിയതും അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ചുമാണ് മൃദുല വീഡിയോയില്‍ സംസാരിക്കുന്നത്. ‘ഒരു ദുഃഖ വാര്‍ത്ത അറിയിക്കാനാണ് ഈ വീഡിയോ. നമ്മുടെ എല്ലാ കാര്യങ്ങളും നമ്മള്‍ പ്രേക്ഷകരോട് ഷെയര്‍ ചെയ്യാറുണ്ട്. അതുകൊണ്ടാണ് ഇതും ഷെയര്‍ ചെയ്യാമെന്ന് കരുതുന്നത്.
സംഭവം എന്താണ് എന്ന് വച്ചാല്‍ എന്റെ കാല്‍ മുട്ടിന്റെ ചിരട്ട പണ്ടുമുതലേ തെന്നിപോകുമായിരുന്നു. ഏഴാം കഌസില്‍ പഠിക്കുമ്പോള്‍ ആണ് ചിരട്ട ആദ്യമായി തെന്നുന്നത്. പാരമ്പര്യമായി കിട്ടിയതാണ്. അമ്മൂമ്മക്കും, അപ്പച്ചിക്കും ചിറ്റപ്പനും എല്ലാം ഉണ്ട്. ലോവര്‍ ബോഡിയില്‍ വെയിറ്റ് കൂടുതല്‍ ഉള്ള ആളുകള്‍ ആയിരുന്നു അവരെല്ലാം. അതുകൊണ്ട് തന്നെയാകാം എനിക്കും ഇങ്ങനെ വരുന്നത്’,
തനിക്ക് ലിഗമെന്റ് പ്രശ്‌നവും ഉണ്ടെന്ന് താരം പറയുന്നു. പ്രസവശേഷം അതത്ര വകവെക്കാതിരുന്നതിനാല്‍ ഇപ്പോള്‍ സംഭവം സീരിയസ് ആയെന്നും മൃദുല പറയുന്നു. ഇപ്പോള്‍ ട്രീറ്റ്‌മെന്റ് സ്റ്റാര്‍ട്ട് ചെയ്തു. പഞ്ചകര്‍മ്മയും ഫിസിയോയും ചെയ്യുന്നുണ്ട്. നടക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് ലിഗ്‌മെന്റിന് വലിയ പ്രശ്‌നങ്ങള്‍ വരാതെ ഇരുന്നത്. സര്‍ജറി വേണ്ടി വന്നില്ല എന്നതാണ് ഏറ്റവും വലിയ ആശ്വാസം. ഇപ്പോള്‍ ചികിത്സ തുടരുകയാണ്’ എന്നും മൃദുല പറഞ്ഞു.
വിവാഹ ശേഷം വൈകാതെ ഗര്‍ഭിണിയായതോടെ അഭിനയത്തില്‍ നിന്ന് താല്‍കാലിക ഇടവേളയെടുത്ത മൃദുല കുറച്ചു നാളുകള്‍ക്ക് മുന്‍പ് തിരിച്ചെത്തിയിരുന്നു. തിരിച്ചുവരവിലും വലിയ സ്വീകാര്യതയാണ് മൃദുലയ്ക്ക് ലഭിച്ചത്. അമ്മയായ ശേഷം പരമ്പരയിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മൃദുല പറഞ്ഞിരുന്നു. ‘ഡെലിവറിക്ക് ശേഷം ഫീല്‍ഡ് ഔട്ടായി പോകുന്ന ചിലരുണ്ട്. ദൈവം സഹായിച്ച് എനിക്കത് സംഭവിച്ചിട്ടില്ല. അതില്‍ ഭയങ്കര സന്തോഷമുണ്ട്. വീണ്ടും നായിക വേഷത്തിലേക്ക് എത്താന്‍ കഴിഞ്ഞത് അതിലും നല്ല കാര്യം.
പഴയതില്‍ നിന്നും ഒരുപാട് വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്. എങ്കിലും ചിലര്‍ ഒരു ആറ്റിട്യൂഡ് ഉണ്ട്, വിവാഹം കഴിഞ്ഞ് ഡെലിവറി ഒക്കെ കഴിഞ്ഞ ശേഷം ഇനി ഇപ്പോള്‍ നായികയായി പറ്റുമോ, സഹോദരി വേഷം ഒക്കെയാണോ എന്നൊക്കെ ചോദിക്കാറുണ്ട്’. അല്ലെങ്കില്‍ ഹീറോയിന്‍ ആയിട്ട് നല്ലൊരു ക്യാരക്ടര്‍ റോളില്‍ നില്‍ക്കുന്ന വേഷം തന്നാല്‍ ചെയ്യുമോ എന്നൊക്കെ ചോദിച്ചു ചിലര്‍ വിളിക്കാറുണ്ട്. ഞാന്‍ ചെയ്യില്ലെന്ന് പറയാറില്ല. ഭാവിയില്‍ എനിക്ക് അത് ചെയ്യേണ്ടി വരും. പക്ഷെ ഇപ്പോള്‍ തല്‍ക്കാലം ചെയ്യുന്നില്ലെന്ന് പറയാറുണ്ട്’, മൃദുല പറഞ്ഞു. റാണി രാജ എന്ന പരമ്പരയിലൂടെ ആയിരുന്നു മൃദുലയുടെ തിരിച്ചുവരവ്.
2015ലാണ് മൃദുല വിജയ് തന്റെ സീരിയല്‍ അഭിനയം ആരംഭിക്കുന്നത്. കല്യാണസൗഗന്ധികം ആയിരുന്നു താരത്തിന്റെ ആദ്യത്തെ സീരിയല്‍. സീരിയലും മൃദുലയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് കൃഷ്ണ തുളസി, മഞ്ഞുരുകും കാലം, ഭാര്യ, പൂക്കാലം വരവായി, സുമംഗലി ഭവ തുടങ്ങിയ സീരിയലുകളിലും മൃദുല ശ്രേദ്ധേയമായ വേഷങ്ങളുമായി എത്തി.
സിനിമയ്ക്കുവേണ്ടിയായിരുന്നു മൃദുല വിജയ് ആദ്യമായി മൂവി ക്യാമറയ്ക്ക് മുമ്പി എത്തുന്നത്. ജെനിഫര്‍ കറുപ്പയ്യ എന്ന തമിഴ് സിനിമയില്‍ റോസി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ മൃദുലയ്ക്ക് പതിനഞ്ച് വയസുമാത്രമായിരുന്നു പ്രായം. പിന്നീട് കടന്‍ അന്‍പൈ മുറിക്കും എന്ന മറ്റൊരു തമിഴ് സിനിമ ചെയ്തു. ഇതില്‍ മലര്‍ എന്ന നായിക കഥാപാത്രമായിരുന്നു മൃദുലയുടേത്.
ഈ രണ്ടു സിനിമകളും ചെയ്തുകഴിഞ്ഞപ്പോഴാണു മലയാളത്തില്‍ നിന്ന് വിളിയുണ്ടായത്. സിനിമയില്‍ നിന്ന് സീരിയലിലേക്ക് വരുമ്പോള്‍ ചില ആശങ്കകളൊക്കെ ഉണ്ടായിരുന്നുവെന്ന് മുമ്പ് മൃദുല അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. സീരിയലാവുമ്പോള്‍ നിത്യേന കുടുംബസദസ്സുകളില്‍ പ്രത്യക്ഷപ്പെടാമെന്നത് അനുഗ്രഹമായി തോന്നിയിട്ടുണ്ടെന്നും മൃദുല പറയുന്നു.
നടിയുടെ ഭര്‍ത്താവ് യുവ കൃഷ്ണയും നടനെന്നതിന് പുറമെ മെന്റലിസവും മാജിക്കും പരിശീലിച്ചിട്ടുണ്ട്. ഇരുവരും സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും ഇരുവരുടേയും പ്രണയ വിവാഹമായിരുന്നില്ല. ബന്ധുക്കള്‍ വഴി എത്തിയ ആലോചനയാണ് ഇരുവരുടെയും വിവാഹത്തിലേക്ക് എത്തിയത്. വിവാഹശേഷം യാത്രകളും മറ്റുമായി ജീവിതം ആഘോഷമാക്കുകയാണ് ഇരുവരും. ഒന്നുപോലും വിടാതെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാനും ഇരുവരും ശ്രമിക്കാറുണ്ട്.
