Connect with us

‘പാതിരാത്രി ആണുങ്ങളോടൊപ്പം കള്ളും കുടിച്ച് അഴിഞ്ഞാടി നടക്കുന്നു, പെണ്‍മക്കളെ കയറൂരി വിട്ട അച്ഛനെയും അമ്മയെയും പറയണം’; സോഷ്യല്‍ മീഡിയയിലെ സദാചാര വാദികളും പൊന്നാങ്ങളമാരും അറിയുവാന്‍…,!

Malayalam

‘പാതിരാത്രി ആണുങ്ങളോടൊപ്പം കള്ളും കുടിച്ച് അഴിഞ്ഞാടി നടക്കുന്നു, പെണ്‍മക്കളെ കയറൂരി വിട്ട അച്ഛനെയും അമ്മയെയും പറയണം’; സോഷ്യല്‍ മീഡിയയിലെ സദാചാര വാദികളും പൊന്നാങ്ങളമാരും അറിയുവാന്‍…,!

‘പാതിരാത്രി ആണുങ്ങളോടൊപ്പം കള്ളും കുടിച്ച് അഴിഞ്ഞാടി നടക്കുന്നു, പെണ്‍മക്കളെ കയറൂരി വിട്ട അച്ഛനെയും അമ്മയെയും പറയണം’; സോഷ്യല്‍ മീഡിയയിലെ സദാചാര വാദികളും പൊന്നാങ്ങളമാരും അറിയുവാന്‍…,!

കൊച്ചിയിലെ മോഡലുകളുടെ അപകട മരണം മലയാളികളെ ഏറെ വേദനിപ്പിച്ചിരുന്നു. 2019ല്‍ നടന്ന മിസ് കേരള മത്സരത്തിലെ വിജയി ആയിരുന്നു തിരുവനന്തപുരം ആലംങ്കോട് സ്വദേശിനി അന്‍സി കബീര്‍, ഇതേ മത്സരത്തിലെ റണ്ണര്‍ അപ് ആയിരുന്നു ആയുര്‍വേദ ഡോക്ടര്‍ ആയ തൃശ്ശൂര്‍ ആളൂര്‍ സ്വദേശിനി അഞ്ജന ഷാജന്‍, കേരളത്തിലെ മോഡലിംഗ്, സൗന്ദര്യ മത്സരങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു ഇരുവരും. ഒരുപാട് സ്വപ്‌നങ്ങളും മോഹങ്ങളും ബാക്കിയാക്കി അവര്‍ യാത്ര പറഞ്ഞത് ഇന്നും പലര്‍ക്കും വിശ്വസിക്കാനായിട്ടില്ല. 


അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് ഞായറാഴ്ചയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്. ഇയാള്‍ മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാത്രവുമല്ല, കാറിലുണ്ടായിരുന്ന എല്ലാപേരുടെയും രക്ത സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്ന് എല്ലാവരും മദ്യപിച്ചിരുന്നതായും കണ്ടെത്തി.

ഈ സംഭവത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തുന്ന വാര്‍ത്തകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ വായിക്കുമ്പോള്‍ ചില പ്രബുദ്ധ മലയാളികളുടെയും സോഷ്യല്‍ മീഡിയ ആങ്ങളമാരുടെയും സംസ്‌കാരം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാം. ഇനി എടുത്ത് പറയേണ്ട ചില കമന്റുകളെ കുറിച്ച് പറയാം. അതിലൊന്ന് ഇങ്ങനെ ആയിരുന്നു, ‘പാതിരാത്രി ആണുങ്ങളോടൊപ്പം കള്ളും കുടിച്ച് അഴിഞ്ഞാടി നടക്കുന്നു. വളര്‍ത്തു ദോഷം അല്ലാതെന്താ..പെണ്‍മക്കളെ കയറൂരി വിട്ട അച്ഛനെയും അമ്മയെയും പറഞ്ഞാല്‍ മതിയല്ലോ’, ഇനി മറ്റൊന്ന്, ‘ഒരുത്തന്‍ രക്ഷപ്പെട്ടോ.., അവനു കൂടി മരിക്കണം ആയിരുന്നു ഇവനൊക്കെ ഭൂമിയ്ക്ക് ഭാരമാണ്.’

ഇവളുമാര് എന്തിനാ പാത്രിരാത്രി ആണുങ്ങളോടൊപ്പം പോയതെന്ന് എല്ലാവര്‍ക്കും അറിയാം, ഇങ്ങനെ പോകുന്നവളുമാര്‍ക്ക് ഇത് തന്നെ വേണം, അച്ചടക്കമുള്ള മറ്റ് പെണ്‍കുട്ടികളെ കൂടി പറയിക്കാന്‍ ഉണ്ടായവര്‍’ എന്നായിരുന്നു കമന്റുകള്‍. ഇതിനെ ലൈക്ക് ചെയ്ത് അനുകൂലിച്ചും ‘ആ പറഞ്ഞത് ശരി’ എന്ന് പ്രോത്സാഹിപ്പിച്ചും മറ്റ് ചിലര്‍ കൂടി രംഗത്തെത്തിയിട്ടുണ്ട്. 

ഇവിടെ എന്താണ് ഈ രണ്ട് പെണ്‍കുട്ടികളും അവരുടെ കുടുബവും ചെയ്ത തെറ്റ്. നാലുനേരവും സോഷ്യല്‍ മീഡിയയില്‍ വന്ന് സ്ത്രീയ്ക്ക് സമത്വം വേണം സ്വതന്ത്ര്യം വേണമെന്ന് മുറവിളി കൂട്ടുന്നവരുടെ ആര്‍ഷഭാരത സംസ്‌കാരമാണ് പുറത്താകുന്നത്. സ്ത്രീകള്‍ക്കെന്താ സമയകാലമില്ലാതെ പുറത്തിറങ്ങാന്‍ പാടില്ലേ.., ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പാടില്ലേ.., പുരുഷന്മാരെ പോലെ തന്നെ മദ്യപിക്കാനും പുകവലിക്കാനും പാടില്ലേ.., ഇതൊന്നും ചെയ്യാന്‍ പാടില്ലെന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത്?  ആരാണ് പറഞ്ഞിരിക്കുന്നത്?


പുരുഷനെ പോലെ തന്നെ വികാരവിചാരങ്ങളും സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമുള്ള ഒരു മനുഷ്യ ജീവന്‍ തന്നെയാണ് സ്ത്രീയും. വര്‍ഷങ്ങള്‍ക്ക് മുമ്പ് അടുക്കളയിലെ നാലു ചുമരുകള്‍ക്കുള്ളില്‍ തീയും പുകയും കൊണ്ട് എല്ലാ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ത്യജിച്ച് പുരുഷന്മാര്‍ക്ക് അന്നം വിളമ്പിയ സ്ത്രീകോലങ്ങളാണോ ഉത്തമ കുടുംബിനി. അവരെയാണോ വളര്‍ന്നു വരുന്ന പെണ്‍കുട്ടികള്‍ മാതൃകയാക്കേണ്ടത്? ജനിച്ചത് പെണ്‍കുട്ടിയെന്ന് കേട്ടാല്‍ മുഖം ചുളുക്കി പെണ്‍കുട്ടിയോ.., ഒരുപാട് കഷ്ടപ്പെടണമല്ലോ എന്ന് അച്ഛന്റെയും അമ്മയുടെയും മുഖത്ത് നോക്കി പറയുന്നവരുള്ള ഈ നാട്ടില്‍ നിന്നും ഇതല്ല ഇതിനപ്പുറവും കേള്‍ക്കേണ്ടി വരും. 

ഒരു പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായാലും പെണ്‍കുട്ടിയെയും കുടുംബത്തെയുമാണ് കുറ്റപ്പെടുത്താന്‍ ഉത്സാഹം. ഇന്ത്യ കണ്ട ഏറ്റവും ക്രൂരപീഡനമായ ഡല്‍ഹിയിലെ നിര്‍ഭയയുടെ കാര്യത്തിലും പഴി രാത്രി ആണ്‍സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവതിയും അവളുടെ വീട്ടുകാരുമായിരുന്നു. പതിനെട്ട് വയസു പോലും തികയാത്ത ഒരുവനാണ് അവളെ കൊടൂരമായി പിച്ചിചീന്തിയത്. അപ്പോഴും പ്രായത്തിന്റെ പരിഗണനയില്‍ അവന്‍ ഇറങ്ങിപ്പോയി. 

അവളുടെ വേഷം കണ്ടില്ലേ.., ഇതൊക്കെ കണ്ടാല്‍ പിന്നെ എങ്ങനെയാണ് പീഡിപ്പിക്കാതിരിക്കുക, എന്ന് ചോദിക്കുന്നവരും നിരവധിയാണ്. അപ്പോള്‍ കുറ്റം അവളുടെ വേഷത്തിനാണ്. എന്നാല്‍ പിഞ്ചു കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നില്ലേ, അപ്പോള്‍ തെറ്റുകാര്‍ ആരാ? കുഞ്ഞിന്റെ വീട്ടുകാര്‍ അവരുടെ അശ്രദ്ധ കാരണമാണ് കുഞ്ഞിന് ഈ ഗതി വന്നത്. കുഞ്ഞിന്റെ അമ്മയ്ക്ക് എന്തായിരുന്നു പണി എന്നാണ് ചോദ്യം. കാമം തലയ്ക്ക് പിടിച്ച് അമ്മ പെങ്ങന്മാരെ പോലും തിരിച്ചറിയാതെ വരുന്ന പുരുഷന്മാര്‍ അപ്പോഴും പുണ്യാളന്മാര്‍ ആണല്ലോ.

ഈ 2021 ലും നമ്മുടെ സമൂഹവും മനുഷ്യന്റെ ചിന്താഗതിയും ബസ് കിട്ടാതെ നൂറ്റാണ്ടുകള്‍ക്കപ്പുറം നില്‍ക്കുകയാണ്. പുറമെ എത്രയൊക്കെ ന്യൂജനറേഷന്‍ എന്ന് പറഞ്ഞാലും തലമുറകള്‍ക്ക് മുന്നേയുള്ള ആ സ്ത്രീവിവേചനവും വിദ്വേഷവും പലരില്‍ നിന്നും ഇപ്പോഴും തേഞ്ഞുമാഞ്ഞ് പോയിട്ടില്ല. അത്ര പെട്ടെന്നൊന്നും അതിന് മാറ്റം ഉണ്ടാകണമെന്നുമില്ല. ഇന്നത്തെ കാലത്ത് പേടിക്കേണ്ടത് കാമക്കണ്ണുകളോടെ തക്കം പാത്തിരിക്കുന്നവരെ അല്ല ഈ ദുഷിച്ച ചിന്തകള്‍ അടക്കിവെച്ചിരിക്കുന്ന സമൂഹത്തെയാണ്. സമൂഹത്തെ ഭയന്ന് ഒരു മുഴം കയറില്‍ തീര്‍ക്കേണ്ടതോ ഒരു മുറിയിലകപ്പെട്ട് സ്വയം നശിപ്പിക്കേണ്ടതോ അല്ല ജീവിതം. തളച്ചിടാനും അടച്ചമര്‍ത്താനും ശ്രമിക്കുന്ന ഇത്തരക്കാരുടെ കരണത്തിട്ട് ഒന്ന് കൊടുക്കാനുള്ള ധൈര്യമാണ് പെണ്‍കുട്ടികള്‍ക്ക് ആദ്യം വേണ്ടത്. 

More in Malayalam

Trending

Recent

To Top