Malayalam
അച്ഛനെ വീട്ടില്‍ പൂട്ടിയിട്ട് വീടിന്റെ ചുമരില്‍ മുഴുവന്‍ ചെളികൊണ്ട് വൃത്തികേടാക്കി വണ്ടിയുടെ സീറ്റും നശിപ്പിച്ചു; തന്നോടുള്ള പ്രണയം കാരണം യുവാവ് ചെയ്ത പ്രവൃത്തിയെ കുറിച്ച് ലക്ഷ്മി നക്ഷത്ര
അച്ഛനെ വീട്ടില്‍ പൂട്ടിയിട്ട് വീടിന്റെ ചുമരില്‍ മുഴുവന്‍ ചെളികൊണ്ട് വൃത്തികേടാക്കി വണ്ടിയുടെ സീറ്റും നശിപ്പിച്ചു; തന്നോടുള്ള പ്രണയം കാരണം യുവാവ് ചെയ്ത പ്രവൃത്തിയെ കുറിച്ച് ലക്ഷ്മി നക്ഷത്ര
അവതാരകയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക്ക് പോലുളള ഷോകളിലൂടെയാണ് ലക്ഷ്മി എല്ലാവരുടെയും ഇഷ്ടതാരമായത്. റെഡ് എഫ്എമ്മില്‍ റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷനിലേക്ക് ചുവടുമാറ്റുകയായിരുന്നു. ഗായിക കൂടിയാണ് ലക്ഷ്മി. ടമാര്‍ പഠാര്‍ വലിയ വിജയമായതിന് പിന്നാലെ ഫ്‌ലവഴ്‌സിലെ സ്റ്റാര്‍ മാജിക്കിലും താരം എത്തിയത്.
അടുത്തിടെയായി മോഡലിങ്ങിലും ഭാഗ്യപരീക്ഷണംനടത്തിയിരുന്നു ലക്ഷ്മി നക്ഷത്ര. വേറിട്ട ലുക്കിലുള്ള വിവിധ കോസ്റ്റ്യൂമുകളിട്ട് പലതരത്തിലുള്ള ഫോട്ടോഷൂട്ടും ലക്ഷ്മി നക്ഷത്ര അടുത്തിടെ നടത്തുന്നുണ്ട്. ഇതിന്റെയൊക്കെ ചിത്രങ്ങള്‍ ലക്ഷ്മി പങ്കുവെക്കാറുമുണ്ട്. മാത്രമല്ല, സ്വന്തമായി യൂട്യൂബ് ചാനലുള്ള ലക്ഷ്മി തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ തുറന്ന് പറയാറുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഭയന്നുപോയ ചില സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്നാണ് പുതിയ വീഡിയോയിലൂടെ ലക്ഷ്മി പറയുന്നത്. തന്നോടുള്ള പ്രണയം കാരണം ഒരാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട് വൃത്തികേടാക്കിയ സാഹചര്യം വരെ ഉണ്ടായിരുന്നുവെന്നും പുതിയ വീഡിയോയില്‍ ലക്ഷ്മി പറയുന്നു. ‘ഞാന്‍ റെഡ് എഫ്എമ്മില്‍ ജോലി ചെയ്യുന്ന സമയത്ത് ഒരാള്‍ അവിടേക്ക് എന്നെ കാണാനായി വന്നു.
സെക്യൂരിറ്റി ഇക്കാര്യം എന്നോട് വന്ന് പറഞ്ഞപ്പോള്‍ എന്റെ സുഹൃത്തായിരിക്കുമെന്നാണ് കരുതിയത്. അതേ പേരില്‍ എനിക്കൊരു സുഹൃത്തുണ്ട്.’ ‘പക്ഷെ അയാളെ ചെന്ന് കണ്ടപ്പോഴാണ് ഞാന്‍ ഉദ്ദേശിച്ചയാളല്ലെന്ന് മനസിലായത്. എന്നെ കണ്ടതോടെ അയാള്‍ നീ എന്നെ ചതിച്ചല്ലേ എന്ന് ചോദിച്ച് ഉറഞ്ഞ് തുള്ളാന്‍ തുടങ്ങി. നമ്മള്‍ തമ്മിലുള്ള ഇഷ്ടം ഇവരോടൊന്നും പറഞ്ഞില്ലേ എന്നൊക്കെ ചോദിച്ചു. അയാളുടെ പ്രവൃത്തി കണ്ടപ്പോള്‍ ഞാന്‍ വല്ലാതെ പേടിച്ചു. പക്ഷെ മുഖത്ത് ധൈര്യം വരുത്തി അയാളോട് സമാധാനപരമായി സംസാരിച്ചു.’
‘അപ്പോഴാണ് അയാള്‍ പറഞ്ഞത് അയാള്‍ക്ക് എന്നെ കല്യണം കഴിക്കണമെന്നതാണ് ആവശ്യമെന്ന്. ശേഷം അയാള്‍ പോക്കറ്റില്‍ നിന്നും ഒരു കുപ്പി പുറത്തേക്ക് എടുത്തപ്പോള്‍ ഞാന്‍ പല അടവും പയറ്റി അവിടെ നിന്നും പോയി. പിന്നെ ദിവസവും ഓഫീസിന് മുമ്പില്‍ അയാള്‍ വന്ന് നില്‍ക്കും. ഒരു ദിവസം ഒറു കിറ്റ് ഓഫീസില്‍ കൊടുത്തു. അതില്‍ കുറച്ച് കാശും മറ്റും ആയിരുന്നു.’
‘അതെന്താണെന്ന് അഡ്മിനും സെക്യൂരിറ്റിയും നോക്കിയപ്പോള്‍ അയാളും ഓഫീസിലെ മറ്റുള്ളവരും തമ്മില്‍ വഴക്കായി. ശേഷം ഒരു കോസ്റ്റ്‌ലി സാരിയുമായി അയാള്‍ വീട്ടിലേക്ക് വന്ന് എന്നെ കാണമെന്ന് ആവശ്യപ്പെട്ടു. അച്ഛന്‍ എതിര്‍ത്തപ്പോള്‍ അയാള്‍ സാരി മുഖത്തേക്ക് വലിച്ചെറിഞ്ഞ് പോയി. സാരിക്കൊപ്പം പുള്ളിയുടെ അഡ്രസും വെച്ചിരുന്നു.’
‘പിന്നീട് ഒരു ദിവസം ഇതേയാള്‍ വന്ന് അച്ഛനെ വീട്ടില്‍ പൂട്ടിയിട്ട് വീടിന്റെ ചുമരില്‍ മുഴുവന്‍ ചെളികൊണ്ട് വൃത്തികേടാക്കി വണ്ടിയുടെ സീറ്റും നശിപ്പിച്ചു. സിസിടിവി നോക്കിയപ്പോഴാണ് ഇയാളാണെന്ന് മനസിലായത്. പുള്ളിക്ക് മാനസീകപ്രശ്‌നമുണ്ടെന്ന് അയാളുടെ വീട്ടുകാര്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. അപകടത്തില്‍ സംഭവിച്ചതാണത്. സ്റ്റാര്‍ മാജിക്ക് കണ്ടാണ് എന്നോട് അങ്ങനൊരു ഇഷ്ടം അയാള്‍ക്ക് വന്നത്.’
‘ഈ അടുത്ത് മറ്റൊരാളില്‍ നിന്നും ഇതുപോലൊരു പേടിപ്പിക്കുന്ന അനുഭവം ഉണ്ടായി. ഒരാള്‍ രാത്രി വീട്ടിലേക്ക് വന്ന് ബഹളമുണ്ടാക്കി. അന്ന് അച്ഛന്‍ അയാളെ പറഞ്ഞുവിട്ടു. പക്ഷെ പിറ്റേദിവസവും ഇയാള്‍ വന്നു. വാതില്‍ അമ്മ ലോക്ക് ചെയ്തിരുന്നില്ല.’ ‘ഇയാള്‍ അകത്തേക്ക് വന്ന് അമ്മയ്ക്കരികില്‍ നിന്നു. അന്ന് അയാള്‍ വയലന്റായി വീട്ടിലേക്ക് കയറി വന്നപ്പോള്‍ അമ്മ പേടിച്ചു. പിന്നെ എന്റെ അനിയന്‍ ശ്യാം ഓടി വന്നാണ് അയാളെ പറഞ്ഞുവിട്ടത്’, എന്നാണ് ആരാധകരില്‍ നിന്നും ഉണ്ടായ അനുഭവം പങ്കിട്ട് ലക്ഷ്മി നക്ഷത്ര പറഞ്ഞത്.
അടുത്തിടെ ഫ്‌ലവേഴ്‌സിലേയ്ക്ക് എത്തപ്പെട്ടതിനെ കുറിച്ചും താരം പറഞ്ഞിരുന്നു. പലപ്പോഴും ടിവി കാണുമ്പോള്‍ ആലോചിക്കുമായിരുന്നു ഫ്‌ലവേഴ്‌സില്‍ പരിപാടി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ എന്ന്. മൈലാഞ്ചിയാണ് ഫ്‌ലവേഴ്‌സില്‍ എത്തും മുമ്പ് ചെയ്തുകൊണ്ടിരുന്ന പരിപാടി. അങ്ങനെ ആദ്യമായി അവര്‍ എന്നെ ഇങ്ങോട്ട് വിളിച്ച് താല്‍പര്യമുണ്ടോയെന്ന് ചോദിച്ചു.
അന്ന് ഞാന്‍ ഗള്‍ഫില്‍ ഒരു പരിപാടിക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. മാറ്റി വെക്കാന്‍ സാധിക്കാത്തതിനാല്‍ വരുന്നില്ലെന്ന് പറഞ്ഞ് ഒഴിവാക്കി. പിന്നീട് രണ്ടാമത് ജോണ്ടിസ് പിടിച്ച് ആശുപത്രിയില്‍ കിടക്കുമ്പോള്‍ അവര്‍ വീണ്ടും വിളിച്ചു. എനിക്ക് അസുഖമായതിനാല്‍ അമ്മ അവരോട് പറഞ്ഞു വരാന്‍ സാധിക്കില്ലെന്ന്. പിന്നീടാണ് അവര്‍ എന്നെ ഒന്ന് കൂടി വിളിച്ച് എനിക്ക് വേണ്ടി കാത്തിരുന്ന് എന്നേയും ഫ്‌ലവേഴ്‌സിന്റെ ഭാഗമാക്കിയെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞിരുന്നു.
