Bollywood
മെറ്റ് ഗാലയുടെ ഭാഗമായി ആലിയ ഭട്ട് ! ഒരു ലക്ഷം പവിഴങ്ങൾ പതിപ്പിച്ച വെള്ള ഗൗണിൽ അതീവ സുന്ദരിയായി താരം
മെറ്റ് ഗാലയുടെ ഭാഗമായി ആലിയ ഭട്ട് ! ഒരു ലക്ഷം പവിഴങ്ങൾ പതിപ്പിച്ച വെള്ള ഗൗണിൽ അതീവ സുന്ദരിയായി താരം
ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ദീപിക പദുകോൺ എന്നിവർക്ക് ശേഷം ആദ്യമായി ആലിയ ഭട്ട് ഈ വർഷത്തെ മെറ്റ് ഗാലയുടെ ഭാഗമായിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ഫാഷൻ എക്സിബിഷൻ കൂടിയായ പരിപാടിയിൽ ആലിയ അണിഞ്ഞത് വെള്ള ഗൗണായിരുന്നു.
ലോക പ്രശസ്ത ജർമ്മൻ ഫാഷൻ ഡിസൈനറും ഫാഷൻ ഐക്കണായ കാൾ ലാഗർഫെൽഡിനോടുള്ള ആദര സൂചകമായാണ് വെള്ള ഗൗണിൽ ആലിയ എത്തിയത്. ഒരു ലക്ഷം പവിഴങ്ങൾ പതിപ്പിച്ചതാണ് ഗൗൺ. ഡയമണ്ട് കമ്മലുകളും വളകളുമാണ് അണിഞ്ഞത്. ആലിയ തന്റെ ഇൻസ്റ്റാഗ്രാം സ്‌പെയ്‌സിലും ഗാലയിൽ പങ്കെടുത്ത സന്തോഷവും വസ്ത്രത്തിന്റെ പ്രത്യേകതയും പങ്കുവെച്ചിട്ടുണ്ട്. പ്രബൽ ഗുരുങ്ങാണ് നടിയുടെ വസ്ത്രം രൂപകല്‌പന ചെയ്തിരിക്കുന്നത്. മോഡൽ ക്ലോഡിയ ഷിഫറിന്റെ 1992-ലെ ചാനൽ ബ്രൈഡൽ ലുക്കാണ് താരം തിരഞ്ഞെടുത്തത്.
ശനിയാഴ്ചയാണ് മുംബൈ വിമാനത്താവളത്തിൽ നിന്നും ആലിയ ന്യൂയോർക്കിലേക്ക് പുറപ്പെട്ടത്. ആലിയ ഭട്ടിന്റെ കരിയറിലെ ശ്രദ്ധേയമായ ഒരു വർഷമായിരുന്നു 2022. ഗംഗുഭായ് കത്യവാടി, ഡാർലിംഗ്സ് തുടങ്ങിയ ആലിയയുടെ ചിത്രങ്ങൾ ഏറെ അംഗീകാരങ്ങൾ നേടി. വ്യക്തിപരമായും മികച്ച വർഷമായിരുന്നു ആലിയയ്ക്ക് 2022. നടൻ രൺബീർ കപൂറുമായുള്ള വിവാഹവും മകൾ റാഹയുടെ ജനനവുമൊക്കെ 2022ൽ ആയിരുന്നു. നെറ്റ്ഫ്ലിക്സിന്റെ ഹാർട്ട് ഓഫ് സ്റ്റോണിലൂടെ ഗാൽ ഗാഡോട്ട്, ജാമി ഡോർനൻ എന്നിവരോടൊപ്പം അന്താരാഷ്ട്ര തലത്തിലും അരങ്ങേറ്റം നടത്താൻ ഒരുങ്ങുകയാണ് ആലിയ.