general
നടി ആകാംക്ഷ ദുബെയുടെ മരണം; ഒളിവിലായിരുന്ന ഗായകന്‍ സമര്‍ സിങിനെ അറസ്റ്റ് ചെയ്ത് പോലീസ്
നടി ആകാംക്ഷ ദുബെയുടെ മരണം; ഒളിവിലായിരുന്ന ഗായകന്‍ സമര്‍ സിങിനെ അറസ്റ്റ് ചെയ്ത് പോലീസ്
ഭോജ്പൂരി നടി ആകാംക്ഷ ദുബെയുടെ മരണത്തില്‍ ഗായകന്‍ സമര്‍ സിങിനെ അറസ്റ്റ് ചെയ്ത് പോലീസ്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് സമര്‍ സിങ്ങിനെ അറസ്റ്റ് ചെയ്തത്. ഗാസിയാബാദിലെ നന്ദ്ഗ്രാം പ്രദേശത്തെ കെട്ടിടത്തില്‍ ഒളിച്ചു താമസിക്കുകയായിരുന്ന സമര്‍ സിങ് ഇന്നലെ രാത്രിയാണ് പിടിയിലാവുന്നത്.
വാരണാസിയില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സംഘവും ലോക്കല്‍ പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഗാസിയാബാദ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ വാരണാസി പൊലീസ് ടീമിന് കൈമാറിയതായി ഡിസിപി നിപുന്‍ അഗര്‍വാള്‍ പറഞ്ഞു. ദിവസങ്ങള്‍ക്കു മുന്‍പാണ് ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ഹോട്ടലില്‍ നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
26നായിരുന്നു സംഭവം. ഹോട്ടല്‍മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു മൃതദേഹം. രാത്രി ഇന്‍സ്റ്റഗ്രാം ലൈവിലെത്തുകയും പൊട്ടിക്കരയുകയും ചെയ്തതിനു പിന്നാലെയായിരുന്നു മരണം സംഭവിച്ചത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് ആകാംക്ഷയുടെ അമ്മ മധു ദുബെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സമര്‍ സിങ്ങിനും സഹോദരന്‍ സഞ്ജയ് സിങ്ങിനുമെതിരെ കേസെടുത്തത്.
ആകാംക്ഷയും സമറും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഒരു സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് ആകാംക്ഷ വാരണാസിയില്‍ എത്തിയത്. അകാന്‍ഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ച് അമ്മയുടെ അഭിഭാഷകന്‍ ശശാഖ് ശേഖര്‍ ത്രിപാഠി രംഗത്തെത്തിയിരുന്നു.
സംഭവം സിബിഐയോ സിബിസിഐഡിയോ അന്വേഷിക്കണമെന്നു ത്രിപാഠി ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു. അകാന്‍ഷയുടെ മരണം ആത്മഹത്യയല്ലെന്നും ഹോട്ടല്‍ മുറിയില്‍ ചിലര്‍ കൊലപ്പെടുത്തിയതാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ ത്രിപാഠി ആരോപിച്ചു.