Tamil
സന്ധ്യക്ക് ലൈറ്റ് അണഞ്ഞുഉടനെ ആരോ ഒരാള്‍ എന്നെ തട്ടി. ഞാന്‍ അലറി വിളിച്ചു. ലൈറ്റ് വന്നപ്പോള്‍ കണ്ടത് ഈ സൂപ്പര്‍സ്റ്റാറിനെ!; തുറന്ന് പറഞ്ഞ് രംഭ
സന്ധ്യക്ക് ലൈറ്റ് അണഞ്ഞുഉടനെ ആരോ ഒരാള്‍ എന്നെ തട്ടി. ഞാന്‍ അലറി വിളിച്ചു. ലൈറ്റ് വന്നപ്പോള്‍ കണ്ടത് ഈ സൂപ്പര്‍സ്റ്റാറിനെ!; തുറന്ന് പറഞ്ഞ് രംഭ
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് താര സുന്ദരിയായി നിറഞ്ഞാടിയ നടിയാണ് രംഭ. രംഭയുടെ ഭംഗി തൊണ്ണൂറുകളില്‍ സിനിമാ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല. അതീവ ഗ്ലാമറസായി അഭിനയിക്കാന്‍ തയ്യാറായ രംഭ നിരവധി ഹിറ്റ് സിനിമകളില്‍ നായികയായി. മീന, റോജ, സൗന്ദര്യ തുടങ്ങിയ നടിമാരെല്ലാം കരിയറില്‍ തിളങ്ങി നിന്ന കാലഘട്ടമായിരുന്നു അത്. മലയാള ചിത്രം സര്‍ഗത്തിലാണ് രംഭ ആദ്യമായി അഭിനയിക്കുന്നത്. വലിയ മേക്കോവറാണ് തുടര്‍ന്നുള്ള സിനിമകളില്‍ രംഭയ്ക്ക് വന്നത്.
അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പര്‍സ്റ്റാറുകളുടെ നായികയായെത്താന്‍ രംഭയ്ക്ക് കഴിഞ്ഞു. രജിനികാന്ത്, കമല്‍ ഹാസന്‍ സല്‍മാന്‍ ഖാന്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ നായികയായി രംഭ അഭിനയിച്ചിട്ടുണ്ട്. 2010 ല്‍ വിവാഹിതയായ ശേഷമാണ് രംഭ അഭിനയ രംഗം വിട്ടത്. ഇന്നും രംഭയെ മറക്കാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒരു തമിഴ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് രംഭയിപ്പോള്‍.
ഉള്ളത്തെ അല്ലിത്ത എന്ന സിനിമയില്‍ അഭിനയക്കവെയുണ്ടായ സംഭവങ്ങളെക്കുറിച്ച് നടി തുറന്ന് സംസാരിച്ചു. സുന്ദര്‍ സി സംവിധാനം ചെയ്ത സിനിമയാണിത്. കാര്‍ത്തിക്, ഗൗണ്ടമണി, മണിവണ്ണന്‍ തുടങ്ങിയര്‍ക്കൊപ്പമാണ് നടി ഈ ചിത്രത്തില്‍ അഭിനയിച്ചത്. ‘ആദ്യം ഗൗണ്ടമണി സാറെ കണ്ടപ്പോള്‍ ഭയന്നു. പുതിയ നടിയാണോ എന്ന് ചോദിച്ചു. ബോംബെയില്‍ നിന്നാണോ എന്നും ചോദിച്ചു. പിന്നീട് ജോളിയായി. മണിവണ്ണന്‍ സര്‍ എനിക്ക് അച്ഛനെ പോലെയാണ്. അദ്ദേഹത്തിന്റെ വാന്‍ വസ്ത്രം മാറാന്‍ നല്‍കും. അദ്ദേഹം വളരെ നല്ല വ്യക്തിയാണ്’.
‘സെറ്റില്‍ എപ്പോഴും തമാശയായിരുന്നു. എല്ലാവരും കാര്‍ഡ് കളിക്കും. എനിക്കായി അവര്‍ തല്ലുണ്ടാക്കിയിട്ടുണ്ട്. അന്ന് ഞാന്‍ പുതുമുഖമാണ്. എവിടെയെങ്കിലും പോയി വസ്ത്രം മാറണം. ഒരു സ്ഥലത്ത് മദ്യപിച്ച ചിലര്‍ ഉണ്ടായിരുന്നു. അവര്‍ എന്തൊക്കെയോ കമന്റ് ചെയ്തു. ഞാന്‍ സ്റ്റാഫിനോടൊപ്പം ഓടി വന്നു. ഊട്ടിയിലാണ്. സംഭവമറിഞ്ഞ് ക്യാമറമാനും മറ്റുള്ളവരുമെല്ലാം പോയി അവരെ അടിച്ചോടിച്ചു’.
‘അടുത്ത ദിവസം ഈ സംഘം ഒരു ഗ്യാങ്ങിനെ കൂട്ടി വന്ന് ഷൂട്ടിംഗ് തടസപ്പെടുത്തി. വലിയ ഫൈറ്റ് നടന്നു. അതിനടുത്ത് ഖുശ്ബുവിന്റെ സിനിമയുടെ ഷൂട്ടിംഗും നടക്കുന്നുണ്ട്. അന്ന് ഖുശ്ബുവും സുന്ദര്‍ സി സാറും ഡേറ്റിംഗിലാണ്. ഖുശ്ബുവിന്റെ മലയാള സിനിമയുടെ ഗ്യാങ്ങും ഞങ്ങളോടൊപ്പം നിന്നു. രണ്ട് സിനിമകളുടെ ആളുകളും എനിക്ക് സെക്യൂരിറ്റിയായി നിന്നു. എന്റെ വണ്ടി പോകുമ്പോള്‍ മുന്നിലും പിന്നിലും നാല് വണ്ടികള്‍ വീതമുണ്ടാകും. അത്രമാത്രം അവരെന്നെ സംരക്ഷിച്ചു,’ രംഭ പറയുന്നു.
രണ്ട് നായികമാരുള്ള സിനിമയില്‍ അഭിനയിച്ച് തുടങ്ങിയതോടെയാണ് തന്റെ വസ്ത്രങ്ങളും ലുക്കുമെല്ലാം ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്നും രംഭ പറയുന്നു. തെലുങ്കിലെ എന്റെ മൂന്നാമത്തെ സിനിമയില്‍ രണ്ട് നായികമാരുണ്ട്. അപ്പോഴാണ് എനിക്ക് ടെന്‍ഷന്‍ തുടങ്ങിയത്. എന്റെ വസ്ത്രം പോര, ഇത് ധരിക്കാന്‍ പറ്റില്ലെന്ന് ഡാന്‍സ് മാസ്റ്ററോട് പറഞ്ഞു. അസൂയ തോന്നിത്തുടങ്ങി. ഇത്തര തോന്നലുകള്‍ എല്ലാവര്‍ക്കും ഉണ്ടാകും. പക്ഷെ അത് ക്യൂട്ട് ആയിരുന്നു. തനിക്ക് ശത്രുതാ മനോഭാവം ഇല്ലായിരുന്നെന്നും രംഭ വ്യക്തമാക്കി.
അരുണാചലം എന്ന ചിത്രത്തില്‍ രജിനികാന്തിനൊപ്പമുള്ള അനുഭവങ്ങളും രംഭ പങ്കുവെച്ചു. ഷൂട്ടിംഗ് സെറ്റ് കുടുംബം പോലെയായിരുന്നു. എല്ലാവരും ഒരുമിച്ചിരിക്കും. അരുണാചലം സിനിമയില്‍ അഭിനയിക്കവെ സന്ധ്യക്ക് ലൈറ്റ് അണഞ്ഞു. ഉടനെ ആരോ ഒരാള്‍ എന്നെ തട്ടി. ഞാന്‍ അലറി വിളിച്ചു. ലൈറ്റ് വന്നപ്പോള്‍ ആരാണ് രംഭയെ തൊട്ടതെന്ന സംസാരം വന്നു. രജിനി സാറായിരുന്നു തൊട്ടത്. വെറുതെ തമാശ കാണിച്ചതാണ്. ഇത്തരം തമാശകള്‍ ഒപ്പിക്കുന്നയാളായിരുന്നു രജിനികാന്തെന്നും രംഭ ഓര്‍ത്തു.
തന്റെ സിനിമകളില്‍ പ്രവര്‍ത്തിച്ച ഒരു ലൈറ്റ് മാന്റെ കടുത്ത ആരാധനയെക്കുറിച്ചും രംഭ സംസാരിച്ചു. അദ്ദേഹം എന്റെ പേര് പച്ച കുത്തി. എല്ലാ ദിവസവും എന്റെ ഫോട്ടോയ്ക്ക് ഹല്‍വ സമര്‍പ്പിക്കും. അരുണാചലം എന്ന സിനിമയുടെ സെറ്റില്‍ വെച്ച് സൂപ്പര്‍താരം രജിനികാന്ത് ആണ് ആരാധകനെക്കുറിച്ച് രംഭയോട് പറയുന്നത്. എന്നാല്‍ അദ്ദേഹം പറഞ്ഞത് താന്‍ വിശ്വസിച്ചിരുന്നില്ലെന്ന് രംഭ ഓര്‍ത്തു.
രജിനി സര്‍ ലൈറ്റ് മാനെ വിളിച്ച് പച്ച കുത്തിയത് എന്നെ കാണിച്ചു. തമിഴിലായിരുന്നു എഴുതിയത്. എനിക്ക് തമിഴ് വായിക്കാനറിയില്ല. ഇതെന്റെ പേര് ആണെന്ന് എങ്ങനെ വിശ്വസിക്കുമെന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹത്തിന് വിഷമമായി. മാം, നിങ്ങളുടെ പേര് തന്നെയാണെന്ന് പറഞ്ഞു. രംഭയെന്ന് തമിഴില്‍ എഴുതുക ഇങ്ങനെയാണെന്ന് അന്നാണ് എനിക്ക് മനസിലായത്. അദ്ദേഹം ഇന്നും സിനിമാ രംഗത്തുണ്ടാകും. ഊട്ടിയിലെ വീട്ടില്‍ റൂമിലുള്ള തന്റെ ഫോട്ടോയ്ക്ക് മുന്നില്‍ ഹല്‍വ സമര്‍പ്പിക്കാറുണ്ടെന്നാണ് അദ്ദേഹം പറഞ്ഞതെന്നും രംഭ ഓര്‍ത്തു.