Malayalam
പ്രളയത്തില്‍പ്പെട്ട് അപ്പാര്‍ട്ട്മന്റില്‍ കുടുങ്ങി നടി കനിഹ; സഹായം അഭ്യര്‍ത്ഥിച്ച് നടി
പ്രളയത്തില്‍പ്പെട്ട് അപ്പാര്‍ട്ട്മന്റില്‍ കുടുങ്ങി നടി കനിഹ; സഹായം അഭ്യര്‍ത്ഥിച്ച് നടി
ചെന്നൈയില്‍ പെയ്യുന്ന അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും അപ്പാര്‍ട്‌മെന്റില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അറിയിച്ച് നടി കനിഹ. താമസിക്കുന്ന അപ്പാര്‍ട്‌മെന്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് കനിഹ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചിരിക്കുന്നത്. പുറത്തിറങ്ങാന്‍ നിവൃത്തിയില്ലെന്നും ഇവിടെനിന്നു രക്ഷപ്പെടുത്തുക മാത്രമേ വഴിയുള്ളൂ എന്നും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ നടി പറയുന്നു.
അതിശക്തമായ മഴയുടെയും കാറ്റിന്റെയും ദൃശ്യങ്ങള്‍ കനിഹ ഇന്നലെയും പങ്കുവച്ചിരുന്നു. ചെന്നൈയില്‍ വീശിയടിച്ച മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വെളിപ്പെടുത്തി നടന്‍ റഹ്മാനും അനുഭവം പങ്കുവച്ചിരുന്നു. കനത്ത മഴയില്‍ ചെന്നൈ നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറിയെന്നും ചുഴലിക്കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞു വീഴുന്നത് ബാല്‍ക്കണിയിലൂടെ കണ്ടെന്നും റഹ്മാന്‍ പറഞ്ഞിരുന്നു.
മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ പെയ്ത മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടിനു പുറമേ, നദികള്‍ കരകവിയുകയും നഗരത്തിനു ചുറ്റുമുള്ള ജല സംഭരണികള്‍ തുറന്നുവിടുകയും ചെയ്തതോടെ ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പലയിടത്തും വൈദ്യുതി വിച്ഛേദിച്ചു. വെള്ളം നിറഞ്ഞ നഗരത്തിലെ എല്ലാ അടിപ്പാതകളും അടച്ചു. പെരുങ്ങുളത്തൂര്‍ പ്രദേശത്ത് മുതല റോഡ് മുറിച്ചു കടക്കുന്ന ദൃശ്യം പ്രചരിച്ചതോടെ ജനം ആശങ്കയിലായി.
വെള്ളക്കെട്ടില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ഉച്ചയോടെ സൈന്യവും രംഗത്തെത്തി. വടക്കന്‍ തമിഴ്‌നാട്ടില്‍ അതിശക്തമായ മഴയാണ്. റോഡുകളില്‍ അഞ്ചടി വരെ വെള്ളമുയര്‍ന്നു. കുത്തിയൊലിച്ച വെള്ളത്തില്‍ കാറുകള്‍ ഒഴുകിപ്പോയി. മരങ്ങള്‍ കടപുഴകി വീണു. ഗതാഗതവും വൈദ്യുതിയും നിലച്ചതോടെ പലയിടത്തും ജനങ്ങള്‍ ഒറ്റപ്പെട്ടു.