Tamil
ചിലതെല്ലാം ലക്ഷ്യത്തില്‍ കൊണ്ടു, ഒന്നും കാര്യമായി എടുക്കല്ലേ; ആ വീഡിയോയുടെ സത്യാവസ്ഥയെ കുറിച്ച് വിശാല്‍
ചിലതെല്ലാം ലക്ഷ്യത്തില്‍ കൊണ്ടു, ഒന്നും കാര്യമായി എടുക്കല്ലേ; ആ വീഡിയോയുടെ സത്യാവസ്ഥയെ കുറിച്ച് വിശാല്‍
കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നടന്‍ വിശാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്. ന്യൂയോര്‍ക്കില്‍ നിന്നെന്ന് കരുതപ്പെടുന്ന വീഡിയോയില്‍ ഒരു യുവതിക്കൊപ്പം നടന്നുപോകുന്ന വിശാലിനെ കാണാം. വീഡിയോ ചിത്രീകരിക്കുന്നവര്‍ വിശാല്‍ എന്ന് വിളിക്കുമ്പോള്‍ മുഖം മറച്ചുകൊണ്ട് ഒപ്പമുള്ളയാള്‍ക്കൊപ്പം ഓടിമറയുന്ന വിശാലിനെയും കാണാം.
ഇത് വിശാലിന്റെ കാമുകി ആണെന്ന തരത്തിലായിരുന്നു പ്രചരണം. ഇപ്പോഴിതാ വീഡിയോയുടെ സത്യം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് വിശാല്‍. കസിന്‍സുമൊത്ത് പ്ലാന്‍ ചെയ്ത് നടപ്പാക്കിയ ഒരു പ്രാങ്ക് വീഡിയോ ആയിരുന്നു അതെന്ന് വിശാല്‍ പറയുന്നു.
‘ലൊക്കേഷന്റെ കാര്യത്തില്‍ ശരിയാണ്, ന്യൂയോര്‍ക്കിലാണ് ഞാനുള്ളത്. കസിന്‍സുമൊത്ത് ഞാന്‍ പലപ്പോഴും ഒഴിവുകാലം ചിലവിടാറുള്ള സ്ഥലമാണ് അത്. ബഹളമയമായ ഒരു വര്‍ഷത്തിന്റെ അവസാനം അതില്‍നിന്നൊക്കെ മാറി ശാന്തമാവാന്‍ എത്തുന്നതാണ് അവിടെ. ആ വീഡിയോയില്‍ കണ്ട മറ്റ് കാര്യങ്ങള്‍ ശരിക്കും ഒരു പ്രാങ്ക് ആയിരുന്നു.
ക്രിസ്മസ് ദിനത്തില്‍ കസിന്‍സ് എല്ലാവരുംകൂടി തീരുമാനിച്ച് നടപ്പാക്കിയതാണ് അത്. തീര്‍ച്ചയായും ചിലതെല്ലാം ലക്ഷ്യത്തില്‍ കൊണ്ടു. ഒന്നും കാര്യമായി എടുക്കല്ലേ. എല്ലാവരോടും സ്‌നേഹം’, എന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.
കരിയറില്‍ വിശാലിനെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു ഇത്. ഒരേയൊരു ചിത്രമേ അദ്ദേഹത്തിന്റേതായി 2023 ല്‍ പ്രദര്‍ശനത്തിന് എത്തിയുള്ളൂ. അത് മികച്ച വിജയം നേടുകയും ചെയ്തു. ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തിയ മാര്‍ക്ക് ആന്റണി ആയിരുന്നു അത്. വിശാലിനൊപ്പം എസ് ജെ സൂര്യയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെട്ട ഒന്നാണ്. കേരളത്തിലും ചിത്രം പ്രേക്ഷകരെ നേടിയിരുന്നു.