Malayalam
‘മകളുടെ മുഖം അവസാനമായി കാണാന്‍ വന്ന പലരോടും ഞാന്‍ മോശമായി പെരുമാറി എന്ന് പിന്നീട് പലരും എന്നോട് പറഞ്ഞു. അതൊന്നും മനപ്പൂര്‍വ്വമല്ലെന്ന് എല്ലാവരും ഓര്‍ക്കണം. അതിനൊക്കെ ക്ഷമ ചോദിക്കുകയാണ്’; ശരണ്യയുടെ വിയോഗ ശേഷം അമ്മ പറയുന്നു
‘മകളുടെ മുഖം അവസാനമായി കാണാന്‍ വന്ന പലരോടും ഞാന്‍ മോശമായി പെരുമാറി എന്ന് പിന്നീട് പലരും എന്നോട് പറഞ്ഞു. അതൊന്നും മനപ്പൂര്‍വ്വമല്ലെന്ന് എല്ലാവരും ഓര്‍ക്കണം. അതിനൊക്കെ ക്ഷമ ചോദിക്കുകയാണ്’; ശരണ്യയുടെ വിയോഗ ശേഷം അമ്മ പറയുന്നു
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയായിരുന്നു ശരണ്യ ശശി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ഹിറ്റ് സീരിയലുകളുടെയും സിനിമകളുടെയും ഭാഗമാകാന്‍ ശരണ്യയ്ക്ക് കഴിഞ്ഞിരുന്നു. ട്യൂമര്‍ ബാധിച്ച് വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന ശരണ്യയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തങ്ങളുടെ പ്രിയതാരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്.
ട്യൂമറില്‍ നിന്ന് അതിജീവിച്ച ശരണ്യയെ കൊവിഡും ന്യൂമോണിയയും പിടിമുറുക്കിയിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം മാറി ജീവിതത്തിലേയ്ക്ക് പിച്ചവെച്ച് നടക്കുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് നടിയുടെ വിയോഗ വാര്‍ത്ത പുറത്ത് എത്തുന്നത്. നടിയുടെ വേര്‍പാട് ഇനിയും അംഗീകരിക്കാന്‍ ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രില്‍ വെച്ചായിരുന്നു നടിയുടെ അന്ത്യം.
ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദര്‍ശന്‍ സീരിയയിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. പിന്നീട് ഒട്ടനവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു. സീരിയലുകള്‍ക്ക് പുറമേ ചാക്കോ രണ്ടാമന്‍, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും വേഷമിട്ടു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് സീരിയലുകളിലും അഭിനയിച്ചു.
സീരിയലുകളില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ 2012ലാണ് തലച്ചോറിന് ട്യൂമര്‍ ബാധിക്കുന്നത്. തുടര്‍ന്ന് എട്ട് വര്‍ഷം പത്തോളം സര്‍ജറികള്‍ വേണ്ടി വന്നിരുന്നു. ചികിത്സാകാലയളവിലും പല സീരിയലുകളിലും വേഷമിട്ടിരുന്നു. ശരീരം ദുര്‍ബലമായി ഭാരവും വര്‍ധിച്ചതോടെ ശരണ്യ അഭിനയം നിര്‍ത്തി. ഒടുവില്‍ സാധാരണ ജീവിതത്തിലേക്ക് സാവധാനം തിരികെ വരുന്ന ശരണ്യ അഭിനയരംഗത്തേക്ക് മടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു. അമ്മ ഗീതയായിരുന്നു ചികിത്സയിലും ജീവിതത്തിലും എപ്പോഴും ശരണ്യയ്ക്ക് ഒപ്പമുണ്ടായിരുന്നത്. നടി സീമാ.ജി.നായരാണ് ശരണ്യയുടെ ജീവിതത്തില്‍ ഏറെ സഹായകമായി നിന്ന മറ്റൊരു വ്യക്തി. ശരണ്യയുടെ മരണം താരത്തിന്റെ അമ്മയ്ക്ക് വലിയ ആഘാതം സൃഷ്ടിച്ചിരുന്നു.
അമ്മയും ശരണ്യയും ചേര്‍ന്ന് ഒരു യുട്യൂബ് ചാനല്‍ നടത്തിയിരുന്നു. സിറ്റി ലൈറ്റ്‌സ് ശരണ്യാസ് വ്‌ലോഗ് എന്ന പേരിലാണ് ചാനല്‍ പ്രവര്‍ത്തിച്ചിരുന്നത്. ശരണ്യയുടെ മരണശേഷം ചാനല്‍ പ്രവര്‍ത്തന രഹിതമായി. മകള്‍ പോയി മാസങ്ങള്‍ പിന്നിട്ട ശേഷം അവസാനമായി ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് ശരണ്യയുടെ അമ്മ എത്തി. മകളെ കുറിച്ചുള്ള ഓര്‍മകളും എല്ലാവരോടുമായി പറയാന്‍ കരുതിയിരുന്ന ചില കാര്യങ്ങളുമാണ് ശരണ്യയുടെ അമ്മ ഗീത വ്‌ലോഗിലൂടെ പറഞ്ഞത്. മകള്‍ക്ക് ചുറ്റുമായിരുന്നു ഗീതയുടെ ജീവിതം. ശരണ്യ ജീവിതത്തിലേക്ക് തിരികെ വരുന്ന പ്രതീക്ഷയിലായിരുന്നു അമ്മ. വലിയ രോഗങ്ങളോട് വരെ പൊരുതി ഇതുവരെ ശരണ്യ എത്തിയത് അമ്മയ്ക്ക് വലിയ പ്രത്യാശ നല്‍കിയിരുന്നു. എന്നാല്‍ ശരണ്യയുടെ മരണം അമ്മയുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കി. കഴിഞ്ഞു പോയ കാലം എന്ന പാട്ട് പാടിക്കൊണ്ടാണ് ഗീത മകളെ കുറിച്ചും മകള്‍ മരിച്ച ദിവസം നടന്ന സംഭവങ്ങളെ കുറിച്ചും വിവരിച്ചത്.
‘മകളുടെ മുഖം അവസാനമായി കാണാന്‍ വന്ന പലരോടും ഞാന്‍ മോശമായി പെരുമാറി എന്ന് പിന്നീട് പലരും എന്നോട് പറഞ്ഞു. അതൊന്നും മനപ്പൂര്‍വ്വമല്ലെന്ന് എല്ലാവരും ഓര്‍ക്കണം. അതിനൊക്കെ ക്ഷമ ചോദിക്കുകയാണ്. ഒരുപാട് പേരുടെ സ്നേഹവും പരിചരണവും അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചയാളാണ് എന്റെ മോള്‍. ഒരുപക്ഷെ ദീര്‍ഘകാലം ഇങ്ങനെയൊരു സ്നേഹവും പരിഗണനയും ലഭിച്ചൊരു പെണ്‍കുട്ടി വേറെയുണ്ടെന്ന് തോന്നുന്നില്ല. ട്യൂമറിന്റെ ഏറ്റവും ഭീകരമായ അവസ്ഥ വന്നാല്‍ സാധാരണ എല്ലാ ഡോക്ടേഴ്സും കൈയ്യൊഴിയുകയാണ് പതിവ്. എന്നാല്‍ ശ്രീചിത്രയിലെ ഡോക്ടര്‍ മാത്യു എബ്രഹാമാണ് ശരണ്യയ്ക്കൊരു പ്രത്യേക സ്നേഹവും പരിഗണനയും കൊടുത്ത് 10 വര്‍ഷം കൈപിടിച്ച് നടത്തിയത്. സീമ.ജി.നായരോട് പ്രത്യേകിച്ച് നന്ദി പറയേണ്ട കാര്യമില്ലല്ലോ… എന്നെപ്പോലെ തന്നെയായാണ് ശരണ്യ സീമയേയും കണ്ടിരുന്നത്. സ്വന്തം മോളേക്കാളും കരുതി എന്റെ മകളെ നെഞ്ചോട് ചേര്‍ത്ത സീമയ്ക്ക് ഔപചാരികതയുടെ പേരില്‍ നന്ദി പറയുന്നു. അവളുടെ ചടങ്ങുകളെല്ലാം നോക്കി നടത്താന്‍ സീമയുണ്ടായിരുന്നു. 16 ദിവസം പുറത്തുപോലും പോവാതെ സീമ ഇവിടെയുണ്ടായിരുന്നു.’
‘സാമൂഹ്യപ്രവര്‍ത്തകനായ ഫിറോസ് കുന്നുമ്പറമ്പിലിനും നന്ദി പറയുന്നു. പിആര്‍എസിലെ ഡോക്ടേഴസിനോടും നന്ദി പറയുന്നു. 10 വര്‍ഷം രോഗത്തെ വെല്ലുവിളിച്ച് ശരണ്യ മുന്നോട്ട് പോയി. അതുകഴിഞ്ഞ് രോഗം ശരണ്യയെ വെല്ലുവിളിച്ചു. അവിടെ ഡോക്ടര്‍മാരും തോറ്റുപോയി. അവിടത്തെ ഡോക്ടേഴ്സിനോടും നേഴ്സുമാരോടുമെല്ലാം നന്ദി പറയുന്നു. കഴിഞ്ഞ ക്രിസ്മസിനായിരുന്നു യുട്യൂബ് ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചത്. അത്രയും മനസ് മടുത്ത അവസ്ഥയിലൂടെയായിരുന്നു കടന്നുപോയത്. ഞങ്ങളുടെ വീട്ടിലെ ചൈതന്യമാണ് കെട്ടുപോയത്. ഈ വീടൊരു സ്വര്‍ഗമാണെന്ന് തോന്നുന്നതായാണ് പാലുകാച്ചലിന് വന്നപ്പോള്‍ ടിനി ടോം പറഞ്ഞത്. സ്വര്‍ഗത്തിലെ മാലാഖ ഇവിടെ നിന്നും പോയി. അവളില്ലാത്ത ദീപാവലിയാണ് കടന്നുപോയത്. ക്രിസ്മസും അതുപോലെ… ക്രിസ്മസ് ട്രീ ഇടാനും സ്റ്റാര്‍ വെക്കാനുമൊക്കെ പറഞ്ഞിരുന്നു. ഈ ക്രിസ്മസിന് അവളില്ല… ഇവിടെ ഒന്നുമില്ല. എല്ലാവരുടെ മനസിലും ഒരു സ്റ്റാറായി അവള്‍ എന്നുമുണ്ടാകും’ ശരണ്യയുടെ അമ്മ പറയുന്നു.
ശരണ്യയുടെ മരണം മോളെ പോലെ നടിയെ പരിചരിച്ചിരുന്ന സീമാ.ജി.നായര്‍ക്കും ആഘാതമായിരുന്നു. ശരണ്യയുടെ സന്തോഷം നിലനിര്‍ത്താന്‍ വേണ്ടതെല്ലാം എന്നും മുന്‍കൈയ്യെടുത്ത് ചെയ്തിരുന്നത് സീമ തന്നെയായിരുന്നു. ട്യൂമര്‍ പിടിപ്പെട്ട് ആശുപത്രി കിടക്കയില്‍ ആയിരുന്നപ്പോള്‍ സഹായങ്ങളുമായി ഓടിയെത്തിയതും താമസിക്കാന്‍ ശരണ്യയ്ക്ക് ഒരു കൊച്ചുവീടും ഒരുക്കി കൊടുത്തത് സീമാ.ജി.നായരും സുഹൃത്തുക്കളും ആയിരുന്നു. ശരണ്യയുടെ വ്‌ലോഗുകളില്‍ എന്നും നിറഞ്ഞ് നിന്നതും സീമ തന്നെയായിരുന്നു. സിനിമയിലേക്കും സീരിയലിലേക്കും തിരികെ വന്ന് സജീവമായി അഭിനയിക്കണമെന്ന് അതിയായ ആഗ്രഹം ശരണ്യയ്ക്ക് ഉണ്ടായിരുന്നു.
രോഗം വേട്ടയാടുമ്പോഴും മനോഹരമായ ചിരിയുമായി മാത്രമെ താരത്തെ അടുപ്പമുള്ളവരും ആരാധകരും കണ്ടിട്ടുള്ളൂ. ‘അമ്മയ്ക്ക് എല്ലാം സഹിക്കുവാനും ക്ഷമിക്കുവാനും മുന്നോട്ട് ജീവിക്കുവാനും ശക്തി ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു. ശരണ്യ നമ്മുടെ കൂടെ തന്നെ ഉണ്ട്. അമ്മ ഇനിയും വരണം ഞങ്ങള്‍ ഉറപ്പ് ആയും വീഡിയോ കാണാന്‍ കാത്ത് ഇരിക്കും, കേരളം മുഴുവന്‍ ഈ അമ്മക്ക് ഇപ്പോള്‍ മക്കളുണ്ട്… ശരണ്യയെപ്പോലെ…. ശരണ്യയെ സ്‌നേഹക്കുന്നവര്‍… അവര്‍ക്ക് വേണ്ടി അമ്മ ഈ ചാനല്‍ തുടരണം’ എന്നിങ്ങനെ നിരവധി ആശ്വസ വാക്കുകളാണ് ശരണ്യയുടെ അമ്മയ്ക്കായി ശരണ്യയെ സ്‌നേഹിക്കുന്നവര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്.