Malayalam
ജാനകിയും നവീനും അങ്ങ് ബോളിവുഡിലും ; റാസ്പുടിൻ ഡാൻസ് ഏറ്റെടുത്ത് ആയുഷ്മാന്‍ ഖുരാന!
ജാനകിയും നവീനും അങ്ങ് ബോളിവുഡിലും ; റാസ്പുടിൻ ഡാൻസ് ഏറ്റെടുത്ത് ആയുഷ്മാന്‍ ഖുരാന!
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ഏറെ ചര്‍ച്ച ചെയ്ത സംഭവമായിരുന്നു തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ നവീന്‍ കെ റസാഖും ജാനകി ഓംകുമാറും ചെയ്ത ഡാന്‍സ് വീഡിയോ. റാസ്പുടിന്‍ എന്ന പ്രശസ്ത ഗാനത്തിന് ചുവടുവെച്ചുകൊണ്ട് ചെയ്ത മുപ്പത് സെക്കന്റുള്ള വീഡിയോ വളരെപെട്ടെന്നാണ് തരംഗമായത്.
ആദ്യമൊക്കെ നൃത്തം മാത്രം നോക്കി പങ്കുവെക്കപ്പെട്ട വീഡിയോ പിന്നീട് മതത്തിന്റെ പേരിലായി. പിന്നീട് ദേശീയ മാധ്യമങ്ങളിലും വീഡിയോ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ബോളിവുഡ് ലോകവും നവീനെയും ജാനകിയെയും ശ്രദ്ധിച്ചിരിക്കുകയാണ്. നടന്‍ ആയുഷ്മാന്‍ ഖുരാന ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഇവരുടെ ഡാന്‍സ് വീഡിയോ പങ്കുവെച്ചു. “Our Medicos” എന്നു പറഞ്ഞുകൊണ്ടാണ് നടന്‍ ഇത് ഷെയര്‍ ചെയ്തത്. ആയുഷ്മാന്‍ ഷെയര്‍ ചെയ്തതിന്റെ സന്തോഷം നവീനും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ വീഡിയോയുമായി ബന്ധപ്പെട്ട് ലവ് ജിഹാദ് ആരോപിച്ച് ഇരുവര്‍ക്കുമെതിരെ വിദ്വേഷ പ്രചാരണം നടക്കുകയുണ്ടായി. പേരിൽ നിന്നും മതം കണ്ടത്തി ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയാണ് സൃഷ്ട്ടിച്ചത് . ജാനകി ഓം കുമാര്‍ എന്ന പേരും നവീന്‍ റസാഖ് എന്ന പേരുമായിരുന്നു ചില മത തിമിരം പിടിച്ച കണ്ണുകളെ ചൊടിപ്പിച്ചത്.
അഭിഭാഷകനായ കൃഷ്ണരാജ് എന്നയാളാണ് നവീന്റെയും ജാനകിയുടെയും നൃത്തത്തില്‍ ‘എന്തോ ഒരു പന്തികേട് മണക്കുന്നു’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ ആദ്യം പോസ്റ്റിട്ടത്. ജാനകിയുടെ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നത് നല്ലതാണെന്നും സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത് എന്നുമായിരുന്നു ഇയാള്‍ കുറിച്ചത്.
ഈ പോസ്റ്റിന് താഴെ സമാന പരാമര്‍ശവുമായി നിരവധി പേര്‍ എത്തി. എന്നാല്‍ ജാനകിയേയും നവീനിനേയും പിന്തുണച്ചുകൊണ്ടാണ് ഭൂരിഭാഗം പേരും എത്തിയത്. എല്ലാത്തിലും വര്‍ഗീയതയും വിദ്വേഷവും കണ്ടെത്തുന്ന ഇത്തരക്കാര്‍ക്കെതിരെ കേരള ജനത പ്രതികരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെ ജാനകിയ്ക്കും നവീനും പിന്തുണ പ്രഖ്യാപിച്ച് റാസ്പുടിന്‍ ഗാനത്തിന് നൃത്തച്ചുവട് വെക്കാന്‍ വിദ്യാര്‍ഥികളെ ക്ഷണിച്ച് കുസാറ്റ് എസ്.എഫ്.ഐ രംഗത്തെത്തുകയും ചെയ്തിരുന്നു.
വിദ്വേഷ പ്രചരണത്തിനിടെ വീണ്ടും വീഡിയോയുമായി വിദ്യാര്‍ത്ഥികളും രംഗത്തെത്തി. പുതിയ വീഡിയോയില്‍ നവീനും ജാനകിയുമുള്‍പ്പെടെ പന്ത്രണ്ട് പേരാണ് ചുവടുകള്‍ വെക്കുന്നത്. ‘റാ റാ റാസ്പുടിന്‍’ പാട്ടുമായി തന്നെയാണ് വിദ്യാര്‍ത്ഥികള്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
കോളേജ് യൂണിയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ‘ വെറുക്കാനാണ് ഉദ്ദേശമെങ്കില്‍ ചെറുക്കാന്‍ തന്നെയാണ് തീരുമാനം’ എന്ന ഉശിരുള്ള കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
about rasputin dance