അത് ഫേക്ക് ന്യൂസാണ്; എന്തുകൊണ്ടാണ് അവര്‍ പോസ്റ്ററില്‍ എന്റെ പേരും മുഖവും വച്ചതെന്ന് അറിയില്ല; തുറന്നടിച്ച് ആര്യ
പ്രേക്ഷകരുടെ പ്രിയങ്കരി ആയ നടിയും അവതാരകയും ഒക്കെയാണ് ആര്യ.ബഡായ് ബംഗ്ളാവിൽ എത്തിയപ്പോൾ മുതലാണ് പ്രേക്ഷകരുടെ താരത്തോടുള്ള പ്രീതി ഇരട്ടിച്ചത്. ബിഗ് ബോസ് കഴിഞ്ഞ സീസണിലെ നല്ലൊരു മത്സരാർത്ഥി കൂടിയായിരുന്ന ആര്യ സോഷ്യൽ മീഡിയയിലും സജീവം ആണ്.
അഭിനയം, അവതാരക എന്നതിനൊക്കെ ഉപരിയായി സംരംഭക എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട് ആര്യ. താരത്തിന്റെ വസ്ത്ര വ്യാപാര സ്ഥാപനം പ്രശസ്തമാണ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ആര്യ. തന്റെ അഭിപ്രായങ്ങളും ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളുമെല്ലാം ആര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള വ്യാജ വാര്‍ത്തയ്ക്ക് എതിരെ രംഗത്തെത്തുകയാണ് ആര്യ.
യുഎസില്‍ വച്ച് നടക്കുന്ന ഒരു ഷോയില്‍ താനും പങ്കെടുക്കുന്നു എന്ന പ്രചരണത്തിനെതിരെ ആര്യ. തന്റെ പേരും ഫോട്ടോയുമുള്ള പോസ്റ്റര്‍ പങ്കുവച്ചു കൊണ്ടാണ് ആര്യയുടെ പ്രതികരണം. എന്റെ പേരും മുഖവുമുള്ള ഇങ്ങനൊരു പോസ്റ്റര്‍ പ്രചരിക്കുന്നതായി ഒരു സുഹൃത്ത് ശ്രദ്ധയില്‍ പെടുത്തി. ഞാന്‍ ഈ ഷോയുടെയോ, യുഎസില്‍ നടക്കുന്ന ഏതെങ്കിലും ഷോയുടേയോ ഭാഗമല്ല. ഇതുവരെ ഒരു യുഎസ് ട്രിപ്പും കമ്മിറ്റ് ചെയ്തിട്ടില്ല എന്നാണ് ആര്യയുടെ പ്രതികരണം.
ഇത് അറിയിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് തോന്നി. എന്നെ അറിയുന്നവരും മുന്‍കാല ഷോകളിലൂടെ പരിചയപ്പെട്ടവരുമെല്ലാം എനിക്ക് മെസേജ് അയക്കുന്നുണ്ട്. ആര്യ തിരികെ വരുന്നതായി പോസ്റ്റര്‍ കണ്ടു, ഞങ്ങള്‍ സന്തോഷത്തോടെ കാത്തിരിക്കുന്നു എന്നൊക്കെയാണ് പറയുന്നത്. അതിനാല്‍ യുഎസിലുള്ളവര്‍ എല്ലാവരോടുമായി പറയുകയാണ് ഞാന്‍ ഈ ഷോയുടെ ഭാഗമല്ല. അവര്‍ എന്റെ പേരും മുഖവും പോസ്റ്ററില്‍ വച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ യുഎസിലേക്ക് വരുന്നില്ല എന്ന് ആര്യ വ്യക്തമാക്കി.
ഇന്ന് വരെ ഞാന്‍ ഈ വര്‍ഷത്തേക്ക് ഒരു യുഎസ് ഷോയും കമ്മിറ്റ് ചെയ്തിട്ടില്ല. എന്തുകൊണ്ടാണ് അവര്‍ പോസ്റ്ററില്‍ എന്റെ പേരും മുഖവും വച്ചതെന്ന് അറിയില്ല. എന്നെ അറിയുന്നവരും സുഹൃത്തുക്കളും സെപ്തംബറില്‍ ഞാന്‍ യുഎസില്‍ വരുന്നതായി പ്രതീക്ഷിക്കുന്നുണ്ട്. അത് ഫേക്ക് ന്യൂസാണ്. അങ്ങനൊരു ഷോ ഉണ്ടായേക്കാം, പോസ്റ്ററിലുള്ള ബാക്കിയുള്ളവര്‍ വരുന്നുണ്ടാകാം. പക്ഷെ ഞാന്‍ അന്ന് വരുന്നില്ല എന്നതാണ് വാസ്തവം എന്നും ആര്യ കൂട്ടിച്ചേര്‍ത്തു.
താരത്തിന്റെ വാക്കുകള്‍ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. താരത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തുകയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ സംശയം. പോസ്റ്ററില്‍ ആര്യയുടെ ചിത്രത്തോടൊപ്പം അനു സിത്താര, ജാസി ഗിഫ്‌ററ് തുടങ്ങിയവരുടെ ചിത്രങ്ങളും പേരുകളുമുണ്ട്. യുഎസ്-കാനഡ ടൂറിന്റെ പോസ്റ്ററാണ് താരം പങ്കുവച്ചത്. അതേസമയം ആര്യയ്‌ക്കൊപ്പം പോസ്റ്ററില്‍ പേരുള്ള മറ്റ് താരങ്ങള്‍ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല. അവരുടെ പേരും ആര്യയുടേത് പോലെ സമ്മതമില്ലാതെ ഉപയോഗിച്ചതാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
