News
‘ഇസൈ പുയല്‍’ എ ആര്‍ റഹ്മാന് പിറന്നാള്‍ ആശംസകളുമായി സിനിമാ ലോകവും ആരാധകരും
‘ഇസൈ പുയല്‍’ എ ആര്‍ റഹ്മാന് പിറന്നാള്‍ ആശംസകളുമായി സിനിമാ ലോകവും ആരാധകരും
ഇതിഹാസ സംഗീതസംവിധായകനായ എആര്‍ റഹ്മാന് ഇന്ന് 56ാം പിറന്നാള്‍. സംഗീത പ്രേമികള്‍ മനസില്‍ കൊണ്ടു നടക്കുന്ന മനോഹര ഗാനങ്ങള്‍ സമ്മാനിച്ച ‘ദി മൊസാര്‍ട്ട് ഓഫ് മദ്രാസ്’ എന്നറിയപ്പെടുന്ന എആര്‍ റഹ്മാന് ആശംസകളുമായി ആരാധകരും സിനിമാ ലോകവും എത്തി കഴിഞ്ഞു. മലയാളസിനിമയുടെ തിരശ്ശീലയില്‍ എ ആര്‍ റഹ്മാന്‍ എന്ന സംഗീതസംവിധായകന്റെ പേര് ആദ്യമായി തെളിയുന്നത് ‘യോദ്ധ’യിലൂടെയാണ്.
പക്ഷേ അതിന് മുന്‍പുതന്നെ മലയാളത്തിന്റെ വെള്ളിത്തിരയില്‍ അദ്ദേഹത്തിന്റെ പേര് തെളിഞ്ഞിട്ടുണ്ട്. അതുപക്ഷേ സംഗീതസംവിധായകനായിട്ടല്ല, ഗാനങ്ങളുടെ ശബ്ദലേഖകനായി ‘ദിലീപ്’ എന്നായിരുന്നുവെന്ന് മാത്രം. ‘യോദ്ധാ’യിലെ ‘പടകാളി ചണ്ഡി ചങ്കരി’ എന്ന ഗാനം ഇന്നും മലയാളികള്‍ പാടുന്നു.
കോളിവുഡ് ആരാധകര്‍ എആര്‍ റഹ്മാനെ ‘ഇസൈ പുയല്‍’ എന്നാണ് വിളിക്കുന്നത്. തമിഴില്‍ ഒട്ടനവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച റഹ്മാന്‍ ഹിന്ദിയിലും ഗാനങ്ങള്‍ സൃഷ്ടിക്കുന്നു. സംവിധായകന്‍ ശങ്കര്‍ ഏത് സിനിമ ചെയ്താലും അതില്‍ സംഗീത സംവിധാനം എ ആര്‍ റഹ്മാന്‍ ആയിരിക്കും നല്‍കുക.
ശങ്കറിനെ പോലെ തന്നെ മണി രത്‌നം ഒരു വലിയ എ ആര്‍ റഹ്മാന്‍ ആരാധകനാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ ആദ്യം ഇളയരാജ ആണ് ചെയ്തിരുന്നത് എങ്കില്‍ ഇപ്പോള്‍ റഹ്മാന്‍ ആണ് എല്ലാ സിനിമകള്‍ക്കും സംഗീത സംവിധാനം. ഈ അടുത്തിറങ്ങിയ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ ഗാനങ്ങള്‍ പ്രേക്ഷകരുടെ ഇഷ്ട ഗാന ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.
റഹ്മാനിലെ പ്രതിഭയെ ആദ്യം കണ്ടെത്തിയത് മണിരത്‌നമാണ്. ഇദ്ദേഹത്തിന്റെ തമിഴില്‍ സിനിമയിലാണ് സംഗീത സംവിധാനം ആരംഭിച്ചത്. 1992ല്‍ റോജ എന്ന സിനിമയായിരുന്നു തുടക്കം. ഈ പ്രോജക്റ്റിനായി 25,000 രൂപ അദ്ദേഹത്തിന് ലഭിച്ചു, കൂടാതെ ദേശീയ ചലച്ചിത്ര അവാര്‍ഡിന് അദ്ദേഹം അര്‍ഹനായി. വിജയം, പ്രശസ്തി, പ്രശംസ എന്നിവയ്‌ക്കൊപ്പം അദ്ദേഹം യാത്ര ആരംഭിക്കുകയായിരുന്നു.
ദിലീപ് കുമാര്‍ എന്ന പേരില്‍ ഒരു ഹിന്ദു കുടുംബത്തിലാണ് റഹ്മാന്‍ ജനിച്ചത്. 23ാം വയസ്സില്‍ സംഗീതസംവിധായകന്‍
തന്റെ ആത്മീയ ഗുരുവായ ഖാദ്രി ഇസ്‌ലാമിനെ കണ്ടുമുട്ടിയ ശേഷം ഇസ്‌ലാം മതം സ്വീകരിക്കുകയായിരുന്നു. ‘സ്ലംഡോഗ് മില്യണയര്‍’ എന്ന ചിത്രത്തിലൂടെ ഒരേ വര്‍ഷം 2 ഓസ്‌കറുകള്‍ നേടുന്ന ആദ്യ ഏഷ്യക്കാരനാണ് എ.ആര്‍. റഹ്മാന്‍. പത്മഭൂഷണും പത്മശ്രീയും നേടിയ റഹ്മാന്‍ നാല് ദേശീയ അവാര്‍ഡുകളും നേടിയിട്ടുണ്ട്.
ഓസ്‌കര്‍ നേടിയ ‘ജയ് ഹോ’ എന്ന ഗാനം ആദ്യം സല്‍മാന്‍ ഖാന്‍ നായകനായ യുവരാജ് എന്ന ചിത്രത്തിനുവേണ്ടിയാണ് രചിച്ചതെന്ന് പലര്‍ക്കും അറിയില്ല. സ്‌ലംഡോഗ് മില്യണയര്‍ കൂടാതെ, 127 അവേഴ്‌സ്, ലോര്‍ഡ് ഓഫ് വാര്‍ എന്നീ ഹോളിവുഡ് ചിത്രങ്ങള്‍ക്കും റഹ്മാന്‍ മികച്ച സംഗീതം ഒരുക്കിയിട്ടുണ്ട്.
