Connect with us

സിനിമാ കലാ സംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ സുനില്‍ ബാബു അന്തരിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കാലിലുണ്ടായ ചെറിയ നീരിനെ തുടര്‍ന്ന്

News

സിനിമാ കലാ സംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ സുനില്‍ ബാബു അന്തരിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കാലിലുണ്ടായ ചെറിയ നീരിനെ തുടര്‍ന്ന്

സിനിമാ കലാ സംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ സുനില്‍ ബാബു അന്തരിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കാലിലുണ്ടായ ചെറിയ നീരിനെ തുടര്‍ന്ന്

സിനിമാ കലാ സംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ സുനില്‍ ബാബു അന്തരിച്ചു. 50 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11 മണിക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കാലിലുണ്ടായ ചെറിയ നീരിനെ തുടര്‍ന്നാണ് സുനിലിനെ മൂന്നു ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ സുനില്‍ മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളില്‍ തിരക്കുള്ള കലാ സംവിധായകനായിരുന്നു. വിജയ് നായകനായ തമിഴ് ചിത്രം വാരിസിലാണ് അവസാനം പ്രവര്‍ത്തിച്ചത്. ഈ ചിത്രം റിലീസാകാനിരിക്കെയാണ് മരണം സംഭവിക്കുന്നത്. വിവിധ ഭാഷകളില്‍ നൂറോളം സിനിമകളില്‍ കലാ സംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു.

സുനില്‍ ബാബു മൈസൂരു ആര്‍ട്‌സ് കോളേജിലെ പഠനത്തിനു ശേഷം കലാ സംവിധായകന്‍ സാബു സിറിലിന്റെ സഹായിയായാണ് ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. പ്രശസ്ത ക്യാമറാമാന്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രം എന്ന സിനിമയിലെ സംവിധാനത്തിന് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂര്‍ ഡെയ്‌സ് തുടങ്ങിയവയാണ് സുനില്‍ ബാബുവിന്റെ മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങള്‍.

ബോളിവുഡില്‍ എം.എസ്. ധോണി, ഗജിനി, ലക്ഷ്യ, സ്‌പെഷല്‍ ചൗബീസ് തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച സുനില്‍ ഒരു ഇംഗ്ലീഷ് ചിത്രത്തിനും കലാ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മല്ലപ്പള്ളി കുന്നന്താനം രാമമംഗലം തങ്കപ്പന്‍ നായരുടെയും സരസ്വതിയമ്മയുടെയും മകനാണ് സുനില്‍ ബാബു. ഭാര്യ: പ്രേമ. മകള്‍: ആര്യ സരസ്വതി. മൃതദേഹം അമൃത ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

More in News

Trending

Recent

To Top