Connect with us

” നോ ” എന്ന വാക്കിനെ കത്തിമുന കൊണ്ടും തോക്ക് കൊണ്ടും പെട്രോൾ കൊണ്ടും നേരിടുന്ന സൈക്കോപ്പാത്തുകളെ മാത്രമല്ല അവൾ ഭയക്കേണ്ടത്, ആ വിധിയെഴുത്ത് നമ്മൾ നടത്തുമ്പോൾ ഓരോ ശ്യാംജിത്തുമാരും ജനിക്കുന്നു; കുറിപ്പ്

featured

” നോ ” എന്ന വാക്കിനെ കത്തിമുന കൊണ്ടും തോക്ക് കൊണ്ടും പെട്രോൾ കൊണ്ടും നേരിടുന്ന സൈക്കോപ്പാത്തുകളെ മാത്രമല്ല അവൾ ഭയക്കേണ്ടത്, ആ വിധിയെഴുത്ത് നമ്മൾ നടത്തുമ്പോൾ ഓരോ ശ്യാംജിത്തുമാരും ജനിക്കുന്നു; കുറിപ്പ്

” നോ ” എന്ന വാക്കിനെ കത്തിമുന കൊണ്ടും തോക്ക് കൊണ്ടും പെട്രോൾ കൊണ്ടും നേരിടുന്ന സൈക്കോപ്പാത്തുകളെ മാത്രമല്ല അവൾ ഭയക്കേണ്ടത്, ആ വിധിയെഴുത്ത് നമ്മൾ നടത്തുമ്പോൾ ഓരോ ശ്യാംജിത്തുമാരും ജനിക്കുന്നു; കുറിപ്പ്

പ്രണയം നിരസിച്ചതിന്റെ പേരില്‍ എത്രയെത്ര കൊലപാതകമാണ് അടുത്തകാലത്തുണ്ടായത്. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് ഈ കൊലപാതകങ്ങള്‍. പത്തനംതിട്ട ഇലന്തൂരിലെ നരബലിയെ ഓര്‍മ്മിപ്പിക്കുന്ന കൊലപാതകമാണ് കണ്ണൂരിലെ പാനൂരില്‍ നടന്നത്. തലയ്ക്കടിച്ച ശേഷമാണ് ഇലന്തൂരില്‍ യുവതികളെ നരബലി നടത്തിയത്. പാനൂരിലും സമാന സംഭവമാണുണ്ടായത്.

പാനൂരിൽ സ്വകാര്യ ലാബിലെ ജീവനക്കാരിയായ വിഷ്ണുപ്രിയയെ പ്രണയപ്പകയെ തുടർന്നാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ ഈ വിഷയത്തിൽ അഞ്ജു പാർവതി പ്രബീഷ് എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

കുറിപ്പിന്റർ പൂർണ്ണ രൂപം

ശരിക്കും നമ്മുടെ പെൺമക്കൾ ഭയപ്പെടണം. ” നോ ” എന്ന വാക്കിനെ കത്തിമുന കൊണ്ടും തോക്ക് കൊണ്ടും പെട്രോൾ കൊണ്ടും നേരിടുന്ന സൈക്കോപ്പാത്തുകളെ മാത്രമല്ല അവൾ ഭയക്കേണ്ടത് അങ്ങനെ ചെയ്യുന്നവന്മാരെ യാതൊരു ഉളുപ്പുമില്ലാതെ ന്യായീകരിക്കുന്ന നരഭോജികളെയും പ്രണയപ്പക എന്ന ടാഗ് ലൈൻ കൊണ്ട് ഒരു ടോക്സിക്കായ മാനസികാവസ്ഥയെ പ്രണയവുമായി ചേർത്തുക്കെട്ടുന്ന എഴുത്തിടങ്ങളെ കൂടി ഭയക്കണം! കൊലപാതകങ്ങൾ അരുംകൊലകൾ മാത്രമാണ്. പ്രണയവുമായി ചേര്‍ത്ത് കാല്‍പനികവല്‍ക്കരിക്കേണ്ടതല്ല അവ. നിർഭാഗൃവശാൽ പ്രബുദ്ധ സാക്ഷര കേരളത്തിൽ അങ്ങനെ അരുംകൊലകൾ പ്രണയത്തിൻ്റെ കിന്നരികൾ കൊണ്ട് അലങ്കരിക്കപ്പെടുന്നു. എത്ര മാത്രം ടോക്സിക്കാണത് !

പ്രണയം നിഷേധിച്ചാൽ പെണ്ണിനെ കൊല്ലുന്ന മനസാക്ഷിയാണ് ഒരു യുവതയ്ക്കുള്ളതെങ്കിൽ അത് ആ നാടിന്റെ വളർച്ചയല്ല; മറിച്ച് തളർച്ചയാണ്. ഇഷ്ടപ്പെട്ടവളെ ജീവിതസഖിയായി കിട്ടിയില്ലെങ്കിൽ ഇല്ലായ്മ ചെയ്യുന്ന മാനസികാവസ്ഥയിലേയ്ക്ക് കേരളം വളരുമ്പോൾ തളരുന്നത് നമ്മുടെ പെൺമക്കളാണ്. പ്രണയത്തിനു മറുപടി ഒരു ‘നോ’ യിൽ ഒതുക്കിയാൽ പട്ടാപ്പകൽ വെടിവയ്ക്കാനും പെട്രോളൊഴിക്കാനും കഴുത്തറുത്ത് കൊല്ലാനും കഴിയുന്ന തരം മാനസികാവസ്ഥയിലെത്തി നില്ക്കുന്ന നമ്മൾ സ്വയം അഡ്രസ്സ് ചെയ്യുന്നത് പ്രബുദ്ധർ എന്നാണ്. നൂറു ശതമാനം സാക്ഷരത എന്നാൽ മാനസികാരോഗ്യത്തിന്റെയോ, വകതിരിവിന്റെയോ , വിവേകത്തിന്റെയോ, അളവുകോൽ അല്ലായെന്നു അടിവരയിടുന്നുണ്ട് സമകാലികകേരളത്തിലെ ആരും കൊലകൾ.
സ്ത്രീസുരക്ഷയ്ക്ക് അമ്പത് ലക്ഷത്തിന്റെ മതിലു കെട്ടിയ കേരളത്തിലാണ് പെൺകുട്ടികൾക്ക് നേരെയുള്ള അക്രമങ്ങളും കൊലപാതകങ്ങളും തുടർക്കഥയാവുന്നത്. പ്രണയം നിഷേധിച്ചതിന്റെ പേരില്‍ അഥവാ പുരുഷനോട് നോ എന്നു പറഞ്ഞതിന്റെ പേരില്‍ കൊല്ലപ്പെടേണ്ടവരാണ് സ്ത്രീകള്‍ എന്ന കടുത്ത മാനസികവൈകല്യം പേറുന്ന യുവതയുള്ള സമൂഹമാണ് നമ്മുടേതെങ്കിൽ ലജ്ജിക്കണം നവോത്ഥാന കേരളം. അരുകൊലകൾക്ക് പ്രണയപ്പക എന്ന കിന്നരി വച്ച തലപ്പാവ് നല്കുന്നതിനോട് അങ്ങേയറ്റം വിയോജിപ്പാണ്. ഒരു തെറ്റും ചെയ്യാത്ത ഒരാളുടെ ജീവനെടുക്കുന്ന മനോഭാവത്തില്‍ എവിടെയാണ് സ്നേഹവും പ്രണയവും ഉണ്ടാവുക? നോ എന്ന ഒരു നിരസിക്കലിൽ പക ഉണ്ടാവുന്നതാണോ പ്രണയം ? നിരാശയും നഷ്ടബോധവും നിയന്ത്രിക്കാനാകാത്ത മനുഷ്യർ കേവലം മാനസികവൈകല്യമുള്ളവരാണ്. അവർ അത്തരം നിരസിക്കലുകൾക്ക് പക കൊണ്ട് പ്രതികാരം ചെയ്യുന്ന കുറ്റവാളികളാണെങ്കിൽ സമൂഹത്തിന് ഭീഷണിയുമാണ്. പ്രണയത്തിന്റെ നരേഷനുകൾ വിട്ട് മാനസികാരോഗ്യതലത്തില്‍ തന്നെ ഈ ക്രൂരകൃത്യങ്ങള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്.
തന്റേതാകുന്നില്ല, താന്‍ ആഗ്രഹിക്കുന്നത് നടക്കുന്നില്ല എന്ന നിരാശ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മനുഷ്യര്‍ മാനസികവൈകല്യങ്ങളുള്ളവരാണ്.

ആ വൈകൃതത്തിന് അടിമപ്പെടുന്നവരാണ് ന്യൂ ജെൻ മല്ലൂസെങ്കിൽ നമ്മൾ നേടിയ സമ്പൂർണ്ണ സാക്ഷരത വെറും ഒരു അലങ്കാരം മാത്രമാണ്. സ്നേഹത്തിന്റെയോ പ്രണയത്തിന്റെയോ പേരില്‍ കൊലകള്‍ നടക്കുമ്പോള്‍ ഒരല്‍പം സഹതാപം കലര്‍ത്തി ആഘോഷിച്ച് അവസാനിപ്പിക്കുകയാണ് നമ്മുടെ പതിവ്. അത് തെറ്റാണ്. കൊന്നു തീര്‍ക്കുന്ന സ്നേഹം ഗുരുതരമായ മാനസികാരോഗ്യപ്രശ്നമാണ്. അതുള്ളവരെ തിരിച്ചറിയാനും തിരുത്താനും ചികില്‍സയെത്തിക്കാനും സമൂഹത്തിനാകെ ഉത്തരവാദിത്തമുണ്ട്. ഓരോ പ്രബുദ്ധ മലയാളിയെയും തിരിച്ചും മറിച്ചും കമിഴ്ത്തിയും കിടത്തി മാനസികനില പരിശോധിക്കേണ്ടതായ ഒരു ഘട്ടത്തിൽ നാം എത്തിയെന്നു തിരിച്ചറിയുക. ഇനിയും തിരിച്ചറിവുണ്ടായില്ലെങ്കിൽ ഇനി വരുന്നൊരു പെൺ തലമുറയ്ക്ക് ഇവിടെ വാസം സാധ്യമല്ലാത്തവിധം അരാജകത്വത്തിലേയ്ക്ക് നമ്മൾ കൂപ്പുകുത്തും. ജാഗ്രത !!


പിന്നെ പൊതുസമൂഹത്തിനോട് ഒരപേക്ഷയുണ്ട്. കൊല്ലുന്നവൻ്റെ രാഷ്ട്രീയം നോക്കി ഐക്യപ്പെടുകയും വിയോജിക്കുകയും ചെയ്യുന്ന രീതി ഇത്തരം അരുംകൊലകളിലെങ്കിലും നമ്മൾ മാറ്റിനിറുത്തണം. തേപ്പ് അഥവാ തേപ്പുപ്പെട്ടി പദങ്ങൾ കൊണ്ടു വന്ന് ഒരു അരുംകൊലയെ നോർമലൈസ് ചെയ്യരുത്. ഒരുത്തനോട് ഇഷ്ടം തോന്നിയെന്നു കരുതി, പിന്നീടവൻ ടോക്സിക്കായ പേഴ്സൺ ആണെന്നറിഞ്ഞാൽ അവനെ ജീവിതകാലം മുഴുവൻ കൊണ്ടുനടക്കണം , അവൻ്റെ ടോക്സിസിറ്റി സഹിക്കണം എന്ന വിധിയെഴുത്ത് നമ്മൾ നടത്തുമ്പോൾ ഓരോ ശ്യാംജിത്തുമാർ ജനിക്കുകയാണ്. നശിച്ച രാഷ്ട്രീയ ധ്രുവീകരണം ഇത്തരം വിഷയങ്ങളിലെങ്കിലും നടത്താതിരിക്കാൻ നമ്മൾ ശ്രമിക്കണം. ഇല്ലെങ്കിൽ ഒന്ന് വിയോജിപ്പ് പറഞ്ഞതിൻ്റെ പേരിൽ നമ്മുടെ വീട്ടകങ്ങളിലെ പെൺമക്കളും നാളെ കൊല്ലപ്പെട്ടേക്കാം.

ഇന്നലെയാണ് പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ പ്രണയപ്പകയില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയോടെ യുവതിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. ഇന്നലെ രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകള്‍ തിരികെ വരാന്‍ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ വീട്ടിനകത്ത് കണ്ടെത്തിയത്.

ഇരുപത്തിമൂന്നുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷമെന്ന് കാമുകന്റെ മൊഴി. കൂത്തുപറമ്പിലെ ഒരു കടയില്‍ നിന്ന് വാങ്ങിയ ചുറ്റികയുമായാണ് വിഷ്ണുപ്രിയയുടെ വീട്ടില്‍ എത്തിയതെന്നും പ്രതി ശ്യാംജിത്ത് മൊഴി നല്‍കി.

അടിയേറ്റ് ബോധരഹിതയായപ്പോള്‍ കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്ന് പ്രതി വ്യക്തമാക്കി. വീട്ടിന്റെ പിന്‍വശത്തെ ഗ്രില്‍ തുറന്നാണ് അകത്ത് കയറിയതെന്നും പ്രതി മൊഴി നല്‍കി. അഞ്ച് വര്‍ഷമായി വിഷ്ണുപ്രിയയുമായി പ്രണയത്തിലായിരുന്നുവെന്ന് ശ്യാംജിത്ത് പറഞ്ഞു. എന്നാല്‍ ആറു മാസം മുമ്പ് വിഷ്ണുപ്രിയ അകന്നു, മറ്റൊരാളുമായി അടുപ്പത്തിലായി. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ശ്യാംജിത്ത് മൊഴി നല്‍കി.കൂത്തുപറമ്പിനടുത്ത് മാനന്തേരി സ്വദേശിയാണ് ശ്യാംജിത്ത്.

Continue Reading
You may also like...

More in featured

Trending

Recent

To Top