Bollywood
കാശ്‌കൊടുത്ത് ടിക്കറ്റ് വാങ്ങാന്‍ ആളില്ല; അക്ഷയ് കുമാറിന്റെ ന്യൂജേഴ്‌സിലെ പരിപാടി ഉപേക്ഷിച്ചു
കാശ്‌കൊടുത്ത് ടിക്കറ്റ് വാങ്ങാന്‍ ആളില്ല; അക്ഷയ് കുമാറിന്റെ ന്യൂജേഴ്‌സിലെ പരിപാടി ഉപേക്ഷിച്ചു
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അക്ഷയ് കുമാര്‍. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ ദി എന്റര്‍ടെയ്‌നേഴ്‌സ് എന്ന പേരില്‍ തെക്കന്‍ അമേരിക്കയിലെ വിവിധ ഇടങ്ങളില്‍ താരനിശ നടത്താന്‍ ഒരുങ്ങുകയാണ് അക്ഷയ് കുമാര്‍.
യുഎസ് കാനഡ എന്നിവിടങ്ങളില്‍ അക്ഷയ് കുമാറും സംഘവും പരിപാടികള്‍ അവതരിപ്പിക്കും. ഏറ്റവും പുതിയ വിവരം അനുസരിച്ച് ഈ ടൂറിന്റെ ഭാഗമായി നിശ്ചയിച്ച യുഎസിലെ ന്യൂജേഴ്‌സിലെ പരിപാടി ഉപേക്ഷിച്ചു. നേരത്തെ മാര്‍ച്ച് 4നായിരുന്നു ന്യൂജേഴ്‌സിയിലെ താരനിശ നിശ്ചയിച്ചിരുന്നത്.
എന്നാല്‍ ടൂര്‍ സംബന്ധിച്ച് പുതുതായി ഇട്ട പോസ്റ്റില്‍ മാര്‍ച്ച നാലിലെ പരിപാടി അക്ഷയ് ഉള്‍പ്പെടുത്തിയിട്ടില്ല. പുതിയ ചാര്‍ട്ട് പ്രകാരം മാര്‍ച്ച് 3ന് അറ്റ്‌ലാന്റയിലും മാര്‍ച്ച് 8ന് ഡാളസിലും മാര്‍ച്ച് 11ന് ഒര്‍ലാന്‍ഡോയിലും, മാര്‍ച്ച് 12ന് ഓക്‌ലന്‍ഡിലും ആയിരിക്കും ദി എന്റര്‍ടെയ്‌നേഴ്‌സ് എന്ന അക്ഷയ് നയിക്കുന്ന താര നിശകള്‍ നടക്കുക.
അക്ഷയ്ക്ക് പുറമെ മൗനി റോയ്, ദിഷ പടാനി, നോറ ഫത്തേഹി, സോനം ബജ്‌വ, അപര്‍ശക്തി ഖുറാന, സാരാ ഖാന്‍, ഗായകരായ ജസ്‌ലീന്‍ റോയല്‍, സ്‌റ്റെബിന്‍ ബെന്‍ എന്നിവരും പര്യടനത്തിന്റെ ഭാഗമാണ്. ന്യൂജേഴ്‌സി താരനിശ റദ്ദാക്കിയേക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ടിക്കറ്റ് വില്‍പ്പന വളരെ മോശമായതാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്താന്‍ കാരണമെന്നാണ് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തത്. ഷോയുടെ ടിക്കറ്റ് വില്‍പ്പന വളരെ മന്ദഗതിയിലായതാണ് റദ്ദാക്കാനുള്ള പ്രധാന കാരണമെന്ന് ഷോയുടെ പ്രൊമോട്ടറായ അമിത് ജെയ്റ്റ്‌ലി തന്നെ വെളിപ്പെടുത്തിയിരുന്നു.
വളരെ അന്താരാഷ്ട്ര നിലവാരമുള്ള ഷോയാണ് ന്യൂജേഴ്‌സിയില്‍ എത്തിച്ചതെന്നും. എന്നാല്‍ കാര്യങ്ങള്‍ അനുകൂലമായില്ലെന്നും അമിത് ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. ന്യൂജേഴ്‌സി ഇവന്റിനായി ഇതിനകം ടിക്കറ്റ് വാങ്ങിയവര്‍ക്ക് സംഘാടകര്‍ റീഫണ്ട് ആരംഭിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.