Connect with us

നിർമ്മാതാക്കൾ നടത്തിയത് ആസൂത്രണം ചെയ്തുള്ള തട്ടിപ്പ്! മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് റിപ്പോർട്ട്

Uncategorized

നിർമ്മാതാക്കൾ നടത്തിയത് ആസൂത്രണം ചെയ്തുള്ള തട്ടിപ്പ്! മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് റിപ്പോർട്ട്

നിർമ്മാതാക്കൾ നടത്തിയത് ആസൂത്രണം ചെയ്തുള്ള തട്ടിപ്പ്! മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് റിപ്പോർട്ട്

സാമ്പത്തിക തട്ടിപ്പ് കേസിൽ ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമ നിർമ്മാതാക്കൾക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. നിർമ്മാതാക്കൾ നടത്തിയത് നേരത്തെ ആസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്ന് പൊലീസ് ഹെെക്കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചു. 18.65 കോടി രൂപ മാത്രമാണ് സിനിമയ്ക്ക് ചെലവായത്. എന്നാൽ 22 കോടിയെന്ന് കള്ളം പറഞ്ഞു. വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ല. 22 കോടി രൂപ സിനിമയ്ക്ക് ചെലവായെന്ന നിർമ്മാതാക്കളുടെ വാദം കള്ളമാണെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.


വിശ്വാസവഞ്ചനക്കേസിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഷോൺ ആന്റണി,​ സൗബിൻ ഷാഹിർ,​ ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പൊലീസ് കേസെടുത്തത്. ക്രിമിനൽ ഗൂഢാലോചന ,​ വിശ്വാസ വഞ്ചന,​ വ്യാജരേഖ ചമയ്‌ക്കൽ എന്നീ വകുപ്പുകളിലാണ് കേസ്. നേരത്തെ പറവ ഫിലിംസിന്റെയും, പാർട്‌ണർ ഷോൺ ആന്റണിയുടെയും ബാങ്ക് അക്കൗണ്ടുകൾ കോടതി മരവിപ്പിച്ചിരുന്നു. നിർമ്മാതാക്കളുടെ അറസ്റ്റ് താത്കാലികമായി ഹൈക്കോടതി തടഞ്ഞതിന് പിന്നാലെയാണ് പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.മഞ്ഞുമ്മൽ ബോയ്‌സിന്റെ നിർമാണത്തിന് ഏഴു കോടി രൂപ മുതൽ മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദാണ് പരാതി നൽകിയത്. 40ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്ത നിർമാതാക്കൾ പണം കെെപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചെന്ന് പരാതിയിൽ ആരോപിക്കുന്നു. കൂടാതെ ഒടിടി പ്ലാറ്റ്‌ഫോം റെെറ്റ്സ് നൽകിയതിലൂടെ 20കോടിയോളം രൂപ വേറെയും ചിത്രത്തിന്റെ നിർമ്മാതാക്കൾ സ്വന്തമാക്കിയിട്ടുണ്ടെന്ന് സിറാജ് പറയുന്നു. സിനിമ സാമ്പത്തികനേട്ടം കൈവരിച്ചിട്ടും കരാറിൽ പറയുന്ന പ്രകാരം മുടക്കുമുതലോ ലാഭവിഹിതമോ നൽകിയില്ലെന്നും സിറാജ് വ്യക്തമാക്കി. എന്നാൽ സിനിമയുടെ കളക്‌ഷൻ തുക മുഴുവൻ കിട്ടിയിട്ടില്ലെന്നും കണക്കെടുപ്പ് നടന്നിട്ടില്ലെന്നും നിർമ്മാതാക്കൾ മുൻകൂർ ജാമ്യഹർജിയിൽ പറഞ്ഞു.
ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്‌സ്’ മലയാളത്തിലെ ആദ്യ 200 കോടി ചിത്രമാണ്. തമിഴ്‌നാട്ടിലും സിനിമ ഹിറ്റായിരുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

More in Uncategorized

Trending

Recent

To Top