News
ആരാധന പ്രകടിപ്പേക്കണ്ടത് ഇങ്ങനെയല്ല, മരണപ്പെട്ട ആരാധകരുടെ വീട്ടിലെത്തി യാഷ്
ആരാധന പ്രകടിപ്പേക്കണ്ടത് ഇങ്ങനെയല്ല, മരണപ്പെട്ട ആരാധകരുടെ വീട്ടിലെത്തി യാഷ്
നടന്‍ യാഷിന്റെ ജന്മദിനത്തില്‍ ഫ്‌ലക്‌സ് കെട്ടുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മരിച്ച ആരാധകരുടെ വീട്ടിലെത്തി താരം. കഴിഞ്ഞ ദിവസമായിരുന്നു ഫ്‌ലക്‌സ് കെട്ടുന്നതിനിടെ ഷോക്കേറ്റ് മൂന്ന് ആരാധകര്‍ മരിച്ചത്. രണ്ട് ആരാധകര്‍ ഇപ്പോഴും ആശുപത്രിയിലാണ്. തന്നോടുള്ള സ്‌നേഹം ഇങ്ങനെയല്ല കാണിക്കേണ്ടത് എന്നാണ് യാഷ് പറയുന്നത്.
‘നിങ്ങള്‍ എവിടെയായിരുന്നാലും, എന്നെ പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. ഇതുപോലുള്ള ദാരുണമായ സംഭവങ്ങള്‍ ഈ ജന്മദിനത്തില്‍ എന്നെ ഏറെ വേദിപ്പിക്കുകയും ഭയപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ആരാധന പ്രകടിപ്പേക്കണ്ടത് ഇങ്ങനെയല്ല.’
‘ദയവായി നിങ്ങളുടെ സ്‌നേഹം ഈ തരത്തില്‍ കാണിക്കരുത്. വലിയ ബാനറുകള്‍ തൂക്കരുത്, സിനിമയിലേത് പോലെ ബൈക്ക് ചേസ് ചെയ്യരുത്, അപകടകരമായ സെല്‍ഫികള്‍ എടുക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്റെ എല്ലാ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും വേണ്ടിയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്.’
‘ജീവിതത്തില്‍ നിങ്ങള്‍ ഉയരങ്ങളിലെത്താന്‍ ശ്രമിക്കുക. നിങ്ങള്‍ എന്റെ ഒരു യഥാര്‍ത്ഥ ആരാധകനാണെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, നിങ്ങളുടെ ജീവിതം നിങ്ങള്‍ക്കായി സമര്‍പ്പിക്കുക, സന്തോഷവും വിജയവും നേടുക. നിങ്ങളുടെ കുടുംബങ്ങള്‍ക്ക് അഭിമാനികരമാകുന്ന പ്രവര്‍ത്തികള്‍ ചെയ്യുക’ എന്നാണ് യാഷ് പറയുന്നത്.