ആദ്യത്തെ കണ്മണി ആൺകുട്ടിയാണ് ; സന്തോഷം പങ്കിട്ട് വിജയ് മാധവ്
നടിയും അവതാരകയുമായ ദേവിക നമ്പ്യാർക്കും സംഗീത സംവിധായകന്‍ വിജയ് മാധവിനും കുഞ്ഞു പിറന്നു. വിജയ് തന്നെയാണ് ദേവിക അമ്മയായ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്
ആദ്യത്തെ കണ്മണി ആൺകുട്ടിയാണ്…. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഒരുപാട് സ്നേഹം നന്ദി. ഇപ്പോൾ തന്നെ അറിയിക്കണമെന്ന് തോന്നിയത് കൊണ്ടാണ് ഹോസ്പിറ്റലിൽ നിന്ന് ഈ കുട്ടി വീഡിയോ ഇടുന്നത്’ എന്നാണ് കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് വിജയ് മാധവ് കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് ദേവികയെ തിയ്യതി അടുത്തതിനാൽ തിരുവനന്തപുരത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ അഡ്മിറ്റായ വിവരമെല്ലാം വീഡിയോ വഴി കഴിഞ്ഞ ദിവസം വിജയ് ആരാധകരിലേക്ക് എത്തിച്ചിരുന്നു.
ഗായകൻ, നടി എന്നതിലുപരി സോഷ്യയൽമീഡിയയിൽ പോപ്പുലറായ സെലിബ്രിറ്റി ദമ്പതികൾ കൂടിയാണ് വിജയിയും ദേവികയും. ഇരുവർക്കും വിശേഷങ്ങൾ പങ്കുവെക്കാനായി ഒരു യുട്യൂബ് ചാനലുമുണ്ട്. ‘ഞങ്ങൾക്ക് പ്രസവവുമായി ബന്ധപ്പെട്ടുള്ള ആശുപത്രി കാര്യങ്ങളെല്ലാം വീഡിയോയിൽ എടുക്കണമെന്നുണ്ടായിരുന്നു. പക്ഷെ വേദന തുടങ്ങിയപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായി.’
‘അതുകൊണ്ട് തന്നെ പ്രസവത്തിന് മുമ്പുള്ള വീഡിയോകൾ ഒന്നും തന്നെ ഇല്ല. വളരെ നല്ല എക്സ്പീരിയൻസായിരുന്നു. നോർമൽ ഡെലിവറിയായിരുന്നു. എല്ലാവരുടേയും പ്രാർഥനകൾക്കും സ്നേഹത്തിനും നന്ദി. ഒരു ആൺകുട്ടിയാണ് ഞങ്ങൾക്ക് പിറന്നിരിക്കുന്നത്.’
‘സുഖമായി ഇരിക്കുന്നു. ഭയങ്കര സന്തോഷമുണ്ട്. ഒരുപാട് പേരുടെ പ്രാർത്ഥനകൾ ഉണ്ടായിരുന്നത് കൊണ്ടാണ് എല്ലാം ഭംഗിയായി നടന്നത്. എന്താണ് പറയേണ്ടതെന്ന് തന്നെ അറിയില്ല. ഉച്ചയ്ക്കായിരുന്നു കുഞ്ഞ് പിറന്നത്’ എന്നാണ് വീഡിയോയിൽ സംസാരിക്കവെ ദേവിക പറഞ്ഞത്.
താരദമ്പതികൾ കുഞ്ഞിന്റെ ചിത്രങ്ങളൊന്നും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടില്ല. കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചതോടെ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് എത്തുന്നത്. വിജയ്‌യുടെ പാട്ട് കേട്ടാണ് ദേവിക ഗർഭകാലം മുഴുവനും ചെലവിട്ടത്.
കൂടാതെ ഗർഭിണിയായിരിക്കെ തന്നെ വിജയിക്കൊപ്പം സ്റ്റുഡിയോയിലെത്തി ഡ്യൂയറ്റ് പാടി റെക്കോർഡ് ചെയ്യുകയും ചെയ്തിരുന്നു ദേവിക. വിജയിക്കൊപ്പം ദേവിക പാടാൻ തുടങ്ങിയപ്പോഴാണ് നടി മനോഹരമായി പാടുകയും ചെയ്യുമെന്ന് ആരാധകർ തിരിച്ചറിഞ്ഞത്. നായിക എന്നാണ് വിജയ് ഭാര്യയെ വിശേഷിപ്പിക്കാറ്. മാഷ് എന്ന് സ്നേഹപൂർവ്വം ദേവിക വിജയ് മാധവിനെ വിളിക്കാറുണ്ട്.
ചെറുപ്പം മുതൽ അങ്ങനെ വിളിച്ചാണ് ശീലമെന്നും അതിനാൽ തന്നെ പെട്ടന്ന് മാറ്റാൻ സാധിക്കുന്നില്ലെന്നുമാണ് ദേവിക പറയാറുള്ളത്. ഇടയ്ക്കിടെ വിജയ് മാധവിന്റെ വീട്ടിലെ മുതിർന്നവർക്കൊപ്പം ദേവിക അടുക്കളയിൽ ചെറിയ പാചക പരീക്ഷണങ്ങളും നടത്താറുണ്ട്. ആ വീഡിയോയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
2022 ജനുവരി മാസത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ദേവിക നമ്പ്യാർ, വിജയ് മാധവ് വിവാഹം നടന്നത്. വിജയ്‌യുടെ പുതിയ ചിത്രം വാരിസിലെ രഞ്ജിതമേ രഞ്ജിതമേ എന്ന ഗാനം കേൾക്കുമ്പോൾ ഗർഭസ്ഥ ശിശു ദേവികയുടെ വയറ്റിൽ കിടന്ന് അനങ്ങുന്ന വീഡിയോ വിജയ് മാധവ് പങ്കിട്ടിരുന്നു.
അന്ന് അത് വൈറലാവുകയും ചെയ്തിരുന്നു. വലിയ ആർഭാടമില്ലാതെ വളരെ ലളിതമായിട്ടാണ് ദേവികയുടെ വളൈകാപ്പ് ചടങ്ങുകൾ അടക്കം നടന്നത്. നാടൻ ലുക്കിലുള്ള ദേവികയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടും വൈറലായിരുന്നു.
എം.എ നസീര്‍ സംവിധാനം ചെയ്ത പരിണയത്തിലൂടെയാണ് ദേവിക സീരിയൽ ലോകത്ത് എത്തുന്നത്. ബാലാമണി, രാക്കുയിലിൽ തുടങ്ങിയ പരമ്പരകൾ ദേവികയ്ക്ക് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നൽകി. അഭിനയത്തിന് പുറമേ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്. കോമഡി ഫെസ്റ്റിവൽ, ചിരിമ സിനിമ തുടങ്ങി നിരവധി പരിപാടികളുടെ അവതാരകയായിരുന്നു.
മദ്യപാനം ആരോഗ്യത്തിന് ഹാനികരം, കളഭ മഴ, പറയാൻ ബാക്കിവച്ചത്, വസന്തത്തിന്റെ കനൽവഴികളിൽ, കട്ടപ്പനയിലെ ഋത്വിക്റോഷൻ തുടങ്ങി നിരവധി സിനിമകളിലും ദേവിക വേഷമിട്ടിട്ടുണ്ട്.