general
പാവങ്ങളോടുള്ള കൂറ് അദ്ദേഹത്തിന്റെ പ്രവൃത്തികളിലുടനീളം കാണാമായിരുന്നു; കലാഭവന്‍ മണിയുടെ ഏഴാം ചരമവാര്‍ഷിക ദിനത്തില്‍ എം വി ജയരാജന്‍
പാവങ്ങളോടുള്ള കൂറ് അദ്ദേഹത്തിന്റെ പ്രവൃത്തികളിലുടനീളം കാണാമായിരുന്നു; കലാഭവന്‍ മണിയുടെ ഏഴാം ചരമവാര്‍ഷിക ദിനത്തില്‍ എം വി ജയരാജന്‍
കലാഭവന്‍ മണിയുടെ ഏഴാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തെക്കുറിച്ച് കുറിപ്പുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. പാവപ്പെട്ട ജനങ്ങളോടുള്ള സ്‌നേഹവും കരുണയും അദ്ദേഹത്തിന്റെ പ്രവര്‍ത്തികളില്‍ എന്നുമുണ്ടായിരുന്നു എന്ന് എം വി ജയരാജന്‍ പറഞ്ഞു. കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നതായും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
‘സ്വതസിദ്ധമായ അഭിനയശൈലിയിലൂടെയും നാടന്‍പാട്ടിന്റെ ജനപ്രിയ അവതരണങ്ങളിലൂടെയും മലയാളികളുടെ മനംകവര്‍ന്ന കലാകാരനാണ് കലാഭവന്‍ മണി. ഏഴ് വര്‍ഷം മുമ്പ് അകാലത്തിലാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. മലയാളത്തിന് പുറമേ തെന്നിന്ത്യന്‍ സിനിമാലോകത്ത് മണി തന്റേതായ ഒരിടം കണ്ടെത്തി.
ഒരുപാട് ഓര്‍മ്മകള്‍ ബാക്കിയാക്കിയാണ് മണി പോയത്. പാവങ്ങളോടുള്ള കൂറ് അദ്ദേഹത്തിന്റെ പ്രവൃത്തികളിലുടനീളം കാണാമായിരുന്നു. വിദ്യാഭ്യാസം, വിവാഹം ഉള്‍പ്പടെയുള്ള വിവിധ ആവശ്യങ്ങള്‍ സാധാരണക്കാര്‍ക്കുണ്ടായാല്‍ മണിയുടെ വീട് അത്തരക്കാര്‍ക്ക് ഒരു അഭയകേന്ദ്രമായിരുന്നു. പുരോഗമന പ്രസ്ഥാനങ്ങളോടുള്ള കൂറ് പലസന്ദര്‍ഭങ്ങളിലും അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.’
‘പൊന്നുവിളയുന്ന പാടത്തും നാട്ടിലും… നാനായിടത്തും നീ പാറിയില്ലേ… പള്ളിക്കൂടത്തിന്നകമ്പടിയില്ലാതെ… പുന്നാരപ്പാട്ടുനീ പാടിയില്ലേ… മിന്നാം മിനുങ്ങേ മിന്നും മിനുങ്ങേ… എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം? മണിയുടെ ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു’, എം വി ജയരാജന്‍ കുറിച്ചു.
മിമിക്രി കലാകാരനായി കരിയര്‍ തുടങ്ങിയ കലാഭവന്‍ മണി തെന്നിന്ത്യന്‍ ഭാഷകളില്‍ ഇരുന്നൂറോളം ചിത്രങ്ങളില്‍ ആണ് അഭിനയിച്ചത്. സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ കൊണ്ട് കലാലോകം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 2016 മാര്‍ച്ച് ആറിന് അപ്രതീക്ഷിതമായിരുന്നു നടന്റെ വിയോഗം. ഇപ്പോഴും പല ആരാധകര്‍ക്കും അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാനായിട്ടില്ല.
