News
‘വിടുതലൈ’ തെലുങ്ക് പതിപ്പ് ഉടന്‍; വെട്രിമാരന്‍ ചിത്രം എത്തിക്കുന്നത് പ്രമുഖ നിര്‍മ്മാണ കമ്പനി
‘വിടുതലൈ’ തെലുങ്ക് പതിപ്പ് ഉടന്‍; വെട്രിമാരന്‍ ചിത്രം എത്തിക്കുന്നത് പ്രമുഖ നിര്‍മ്മാണ കമ്പനി
വെട്രിമാരന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ‘വിടുതലൈ’ പ്രദര്‍ശനം തുടരുകയാണ്. ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണം നേടുന്ന സിനിമയുടെ തെലുങ്ക് പതിപ്പ് ഉടന്‍ റിലീസ് ചെയ്യും. അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദിന്റെ ഗീത ആര്‍ട്ട്‌സ് ആണ് ചിത്രം തെലുങ്കിലെത്തിക്കുന്നത്. വിടുതലൈയുടെ തെലുങ്ക് പതിപ്പ് ഈ മാസം തന്നെ തിയേറ്ററുകളിലെത്തും.
രണ്ട് ഭാഗങ്ങളായൊരുങ്ങിയ വിടുതലൈയുടെ ആദ്യഭാഗമാണ് റിലീസ് ചെയ്തിരിക്കുന്നത്. വെട്രിമാരന്റെ സംവിധാന മികവിനും അഭിനേതാക്കളുടെ പ്രകടനത്തിനും സംഗീതത്തിനുമെല്ലാം പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് സിനിമ നേടുന്നത്.
കാലിക പ്രസക്തമായ വിഷയം സംസാരിക്കുന്ന സിനിമ ഉടന്‍ തന്നെ 50 കോടി ക്ലബ്ബിലെത്തുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. സൂരിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കുമരേശന്‍ എന്ന പൊലീസ് കഥാപാത്രം നടന്റെ അഭിനയ ജീവിതത്തിലെ തന്നെ നാഴികക്കല്ല് ആണെന്നാണ് പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. വിജയ് സേതുപതി, ഗൗതം മേനോന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജയമോഹന്‍ രചിച്ച ‘തുണൈവന്‍’ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങിയ സിനിമ തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലാണ് റിലീസ് ചെയ്തത്. വിടുതലൈയുടെ രണ്ടാം ഭാഗം ഈ വര്‍ഷം സെപ്റ്റംബറില്‍ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പുകളിലാണ് അണിയറപ്രവര്‍ത്തകര്‍.