News
‘ദ കേരള സ്‌റ്റോറി’ തീവ്രവാദം തുറന്നു കാട്ടുന്ന സിനിമ; ചിത്രത്തെ പ്രശംസിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി
‘ദ കേരള സ്‌റ്റോറി’ തീവ്രവാദം തുറന്നു കാട്ടുന്ന സിനിമ; ചിത്രത്തെ പ്രശംസിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി
ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ കഴിഞ്ഞ ദിവസമായിരുന്നു ദ കേരള സ്റ്റോറി ചിത്രം തിയേറ്ററുകളിലെത്തിയത്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ദ കേരള സ്‌റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്നാണ് അദ്ദേഹം പറയുന്നത്.
കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീ വ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. തീവ്രവാദത്തെ പിന്തുണക്കുന്നവരുമായി പിന്‍വാതില്‍ ചര്‍ച്ച നടത്തുന്നവരാണ് കോണ്‍ഗ്രസുകാരെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
അതേസമയം, ദി കേരള സ്‌റ്റോറി സ്‌റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സാങ്കല്‍പ്പിക സിനിമയല്ലെയെന്നും ചിത്രത്തിന്റെ ഉള്ളടക്കം ഭീ കര സംഘടന ഇസ്ലാമിക് സ്‌റ്റേറ്റിന് എതിരെയല്ലേയെന്നും കോടതി ചോദിച്ചു. മുമ്പ് ഹിന്ദു സന്യാസിമാര്‍ക്കും ക്രിസ്ത്യന്‍ പുരോഹിതര്‍ക്കുമെതിരെ പരാമര്‍ശങ്ങളുള്ള സിനിമകള്‍ ഇറങ്ങിയിട്ടും ആശ്രമത്തിലും കോണ്‍വന്റിലും ആരെങ്കിലും പോകാതിരിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.
എറണാകുളത്തും കോഴിക്കോടും കേരള സ്‌റ്റോറി പ്രദര്‍ശനത്തിനെതിരെ തീയറ്ററുകള്‍ക്ക് മുന്നില്‍ പ്രതിഷേധം നടന്നു. ഫ്രാറ്റേര്‍ണിറ്റിയും നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസുമാണ് പ്രതിഷേധിച്ചത്. പല തീയറ്ററുകളും പ്രതിഷേധങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ റിലീസില്‍ നിന്നും പിന്മാറി.
തലശേരിയില്‍ പ്രദര്‍ശനം നടത്താന്‍ തീയറ്ററുടമകള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സിനിമ കാണാനെത്തിയവര്‍ പ്രതിഷേധിച്ചു.തുടര്‍ന്ന് ചിത്രം പ്രദര്‍ശിപ്പിച്ചു. ചിത്രത്തെ കുറിച്ച് ആദ്യ ദിനം സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്.
മുന്‍ മുഖ്യമന്ത്രിയെന്ന് പരാമര്‍ശിച്ച് പേര് പറയാതെ മതപരിവര്‍ത്തനത്തിന്റെ അപകടത്തെ കുറിച്ച് പ്രസ്താവന നടത്തിയിട്ടുണ്ടെന്ന് സിനിമയില്‍ പറയുന്നുണ്ട്. കേരളത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷം 32000 മതപരിവര്‍ത്തനം നടന്നിട്ടുണ്ടെന്ന വിവരങ്ങളുടെ നിജസ്ഥിതി തേടി വിവരാവകാശം സമര്‍പ്പിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ലെന്നും സിനിമയുടെ അവസാനം എഴുതി കാണിക്കുന്നുണ്ട്.